Wednesday, March 3, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 32: മിത്രയിലേക്ക് 


"ഏട്ടനൊന്നും പറഞ്ഞില്ല." ഫ്രെഡി അദ്ദേഹത്തിൻറെ മുഖത്തേയ്ക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. പ്രഭാകരേട്ടൻ ധർമ്മ സങ്കടത്തിലായിരുന്നു.


"ഫ്രെഡിക്കറിയാലോ... പൊളിഞ്ഞു പാളീസാകാൻ നിന്ന നേരത്താണ് ആ ചെക്കനെ എനിക്ക് കിട്ട്യേത്. അവനൊറ്റയൊരാളിൻറെ മിടുക്കിലാണ് ഇതിപ്പോഴിങ്ങനെയങ്ങ് പോകുന്നത്. സംഗതിയൊക്കെ ശരിയാണ്. നിൻറെ കൂടെക്കൂടിയാൽ... അവൻ രക്ഷപ്പെടും. പക്ഷെ ഞാൻ പൊളിയും. പറ്റുകേല ഫ്രെഡീ. അലോഹ്യമൊന്നും തോന്നരുത്."


ഫ്രെഡി കുറച്ചധികം കാലമായി കൊള്ളാവുന്നൊരു മാർക്കറ്റിംഗ് മാനേജരെ തിരയുകയായിരുന്നു. ഉണ്ടായിരുന്നൊരുത്തൻ അല്ലറ ചില്ലറ തട്ടിപ്പും വെട്ടിപ്പുമൊക്കെ നടത്തിയപ്പോൾ, ഇടപാടുകൾ തീർക്കുന്ന കൂട്ടത്തിൽ കരണക്കുറ്റിക്കൊന്നു തീർത്ത് കൊടുത്തങ്ങ് പറഞ്ഞയച്ചതാണ്. ഇപ്പോൾ ഫ്രെഡി നേരിട്ടാണ് ആ ഭാഗമൊക്കെ നോക്കുന്നത്. പലരും ആ പോസ്റ്റിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും, ഫ്രെഡിക്കാരെയും പിടിച്ചില്ല. പക്ഷെ ഇമ്മാനുവലിനെ കണ്ടപ്പോൾ, ഉള്ളിലെവിടെയോ ഒരടുപ്പമുള്ള പോലെ തോന്നി. ആൾ വളരെ മിടുക്കനാണ് താനും. പൊളിഞ്ഞു പാളീസായി കിടന്നിരുന്ന പ്രഭാകരേട്ടൻറെ തുണിക്കട, ചുരുങ്ങിയ  സമയം കൊണ്ടല്ലേ, ഇമ്മാനുവൽ ഉഷാറാക്കിയെടുത്തത്?   സംഗതി അവനിപ്പോൾ വാങ്ങുന്നതിൻറെ രണ്ടോ മൂന്നോ ഇരട്ടി ശമ്പളം ഓഫർ ചെയ്താൽ കിട്ടുമായിരിക്കും. പക്ഷെ പ്രഭാകരേട്ടനോട് ചോദിക്കാതെ വയ്യ. ഇമ്മാനുവലിനെ തനിക്ക് തരുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിൽ നിന്നും കിട്ടിയ മറുപടിയാണിത്. പ്രതീക്ഷിച്ചതു തന്നെ. ഒരു പുഞ്ചിരിയോടെ ഫ്രെഡി ചോദിച്ചു.


“നിങ്ങൾക്കെന്താ വേണ്ടത്? ചേലാസ് നല്ല നിലയിൽ മുന്നോട്ട് പോകണം. അത്രയല്ലേ വേണ്ടൂ. ഞാനൊരു സജഷൻ പറയട്ടെ?”


പ്രഭാകരേട്ടൻ ഫ്രെഡിയുടെ കണ്ണുകളിലേക്ക് നോക്കി.


“ചേലാസിൻറെ ഓപറേഷൻസും മാർക്കറ്റിംഗും... മിത്ര ഏറ്റെടുത്തോളാം. ഒരു കൺസൾട്ടൻസി പോലെ. ഇപ്പോൾ നടക്കുന്നതിനേക്കാൾ വെടിപ്പായി നമുക്ക് കാര്യങ്ങൾ മുന്നോട്ട് നീക്കാം. ഏട്ടനൊരു തട്ടുകേടും പറ്റുകേല.”     


പ്രഭാകരേട്ടൻ ചോദിച്ചു. "നീയെന്താ…. ആളെ കളിയാക്കാ? നിനക്കിപ്പോൾ തന്നെ ഇല്ലേ... ഇതിൻറെ അഞ്ചിരട്ടിയെങ്കിലും വലിപ്പമുള്ളൊരു ടെക്സ്റ്റയിൽസ്. നീയവിടെ കച്ചവടം കൂട്ടാൻ നോക്കുമോ...? അതോ ഇവിടെ കൂട്ടാൻ നോക്കുമോ? അല്ലെങ്കിൽ തന്നെ... വല്ല്യ വല്ല്യ മീനുകള് ചെറുചെറ്യേ മീനുകളോട് ലോഹ്യം കൂടുന്നതെന്തിനാ? വലുതിന്  പിന്നെയും വലുതാവാൻ. എടങ്ങാറാക്കല്ലേ ഫ്രെഡീ. നീയത് വിട്. ഞാനിതെങ്ങിനെയെങ്കിലും ഉന്തിത്തള്ളി പോട്ടെ." 


ഫ്രെഡി പുഞ്ചിരിച്ചു. പിന്നെ പതുക്കെ പറഞ്ഞുകൊണ്ടെഴുനേറ്റു. "ഏട്ടൻറെ ഇഷ്ടം." 


പ്രഭാകരേട്ടൻ ചോദിച്ചു. "ഹ... നീ പിണങ്ങിപ്പോകുവാണോ?"


"എന്താ ഏട്ടാ? നമ്മളെന്താ കൊച്ചുകുട്ടികളാണോ? ഇത്തരം നിസാരകാര്യങ്ങൾക്കൊക്കെ പിണങ്ങാൻ. നമ്മള് വെറും കച്ചവടക്കാര് മാത്രമല്ലല്ലോ. ഏട്ടനുമനിയനുമല്ലേ?"    


പ്രഭാകരേട്ടനൊന്ന് പുഞ്ചിരിച്ചു. പിന്നെ മെല്ലെ തലയാട്ടി. 


രണ്ടു ദിവസം കഴിഞ്ഞപ്പോൾ പ്രഭാകരേട്ടൻ ഫ്രെഡിയെ വിളിച്ചു. ഇമ്മാനുവലിനെ അങ്ങോട്ട് പറഞ്ഞയക്കുന്നുണ്ട്. നിങ്ങൾ സംസാരിച്ചൊരു തീരുമാനത്തിലെത്തൂ എന്ന് മാത്രം പറഞ്ഞു. ഫ്രെഡിക്ക് ആകെ അത്ഭുതമായി. ഈ പ്രഭാകരേട്ടനിതെന്താ പറ്റിയതെന്നോർത്തു. ഒരു എത്തും പിടിയും കിട്ടിയില്ല.


ഉച്ചനേരത്താണ്, ലാസർ മിത്രയുടെ വലിയ ഓഫീസ് കെട്ടിടത്തിൻറെ മുൻപിലെത്തുന്നത്. അയാളത് ആകെയൊന്നുനോക്കി. ലാസറിൻറെ ഉള്ളിലിരുന്നു ഇമ്മാനുവൽ പതുക്കെ പറഞ്ഞു.


നോക്കെടാ നോക്ക്. ഇതാണ് ഫ്രെഡിയുടെ സാമ്രാജ്യം. നിന്നെ അനാഥനാക്കിയതിന്... ദുരിതക്കയത്തിലേക്ക് തള്ളിവിട്ടതിന്... അപ്പച്ചൻറെയും അമ്മച്ചിയുടെയും മേരിയുടെയും ആത്മാവുകളുടെ രോദനത്തിന്... അങ്ങിനെയങ്ങിനെയെല്ലാറ്റിനും ഫ്രെഡിയോട് കണക്കു തീർക്കുമ്പോൾ... ഇന്നോളം അവൻ സുഖിച്ച ജീവിച്ചതിൻറെ ഒരോഹരികൂടി സ്വന്തമാക്കിയാലേ... നാമനുഭവിച്ച വേദനയുടെ ഒരംശത്തിനെങ്കിലും പകരമാവൂ.


റിസപ്‌ഷനിസ്റ്റ് കൊലുന്നനെയുള്ളൊരു യുവതിയായിരുന്നു. ചായം തേച്ച ചുണ്ടുകളിൽ ഒരു റെഡിമെയ്ഡ് പുഞ്ചിരിയുണ്ട്. ഫ്രെഡി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. തൻറെ ഓഫീസിൽ അതിഥികൾ വരുമ്പോൾ സ്വീകരിച്ചിരുത്തുന്നൊരു ഇരിപ്പിടത്തിൽ ലാസറിനെ ഇരുത്തി. പിന്നെ അഭിമുഖമായി ഇരുന്ന്കൊണ്ട് ചോദിച്ചു,


“ടെൽ മീ... മിസ്റ്റർ ഇമ്മാനുവൽ. വൈ...! വൈ ആർ യു ഹിയർ?”


“പ്രഭാകരേട്ടൻ... സാറിനൊരു മാർക്കറ്റിംഗ് മാനേജരെ വേണം... എന്നെ സാറിന് താല്പര്യമുണ്ട്... നിനക്ക് പോകണോ എന്ന് ചോദിച്ചു. ഞാനെന്ത് പറയാനാ സാറേ? സാറിൻറെ കൂടെ ജോലി ചെയ്യുകയെന്ന് വച്ചാൽ... അതൊരു ഭാഗ്യമല്ലേ? എന്നാലും പ്രഭാകരേട്ടനെ ഒഴിവാക്കാനൊരു മടി. അദ്ദേഹം ഒരു ശുദ്ധഗതിക്കാരനാണ്. ബിസിനസ്സൊന്നും കൊണ്ട് നടക്കാനുള്ളൊരു പ്രാപ്തിയില്ല. ആർക്കും പറഞ്ഞു പറ്റിക്കാവുന്നൊരു പച്ചപ്പാവം. ഞാനത് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു... നീയൊരു പാർട്ട് ടൈമായിട്ട് ഇവിടെ വന്നു കാര്യങ്ങളൊക്കെ നോക്കി നടത്താമെങ്കിൽ... പൊയ്‌ക്കൊള്ളാൻ. എനിക്കറിയാം. അത് സാറിന് സമ്മതമാവില്ലെന്ന്. ഞാൻ പുള്ളിയോട് എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞോളാം.” 


ഫ്രെഡിയൊന്നു ചിരിച്ചു.  "ഇമ്മാനുവലിനറിയുമോ? പ്രഭാകരേട്ടൻറെ അച്ഛനായിട്ട് തുടങ്ങിയ തുണിക്കടയാണത്. ഈ സിറ്റിയിലെ വളരെ പഴയ തുണിക്കടകളിലൊന്ന്. കാലത്തിനനുസരിച്ച്, കച്ചവടം പരിഷ്കരിക്കാനൊന്നും അദ്ദേഹത്തിനായില്ല. താൻ പറഞ്ഞത് ശരിയാണ്. ഒരു ശുദ്ധൻ. പക്ഷെ ഈ പാർട്ട് ടൈം ഒരു വിഷയം തന്നെയാണ്. ഇമ്മാനുവലെൻറെ കൂടെ ജോലി ചെയ്യുമ്പോൾ... അത് നൂറു ശതമാനവും എനിക്ക് വേണ്ടി മാത്രമായിരിക്കണം. രണ്ടു തോണിയിൽ കാലുവച്ചുള്ള യാത്ര... അതിമാനുവലിനും... എനിക്കും ബുദ്ധിമുട്ടാവും."


"എനിക്ക് മനസ്സിലായി സാർ. ഞാൻ പ്രഭാകരേട്ടനോട് പറഞ്ഞോളാം... നിങ്ങളെ വിട്ട് ഞാനെങ്ങോട്ടും പോകുന്നില്ലെന്ന്." 


“ഹഹഹ.... ഇമ്മാനുവൽ നിരാശനാവണ്ട. നമുക്ക് നോക്കാം. എന്താ ചെയ്യാൻ പറ്റുകയെന്ന്. താങ്കളെ പോലെ ഏഫിഷ്യന്റായ... ജോലി ചെയ്യുന്ന സ്ഥാപനത്തിനോട് കൂറുള്ളൊരാളെ... ചുമ്മാ അങ്ങ് വിട്ടുകളയാനൊക്കുമോ?”    


അവർ പിന്നെയും കുറെ നേരം സംസാരിച്ചിരുന്നു. ലാസർ ഫ്രെഡിയെ പഠിക്കുകയായിരുന്നു. കൊന്നു ചാവാനാഗ്രഹിക്കുന്ന ലാസറിനെ, കൊന്നു ജീവിക്കാനാഗ്രഹിക്കുന്ന ഇമ്മാനുവൽ ഇതിനകം കീഴടക്കിക്കഴിഞ്ഞിരുന്നു. ഇപ്പോൾ ഉള്ളിൽ, ഫ്രെഡിയുടെ സാമ്രാജ്യത്തിൻറെ ഒരു ഭാഗം തനിക്കും സ്വന്തമാക്കണമെന്ന ഉറച്ച മോഹമുണ്ട്. അതുകൊണ്ട് തന്നെ, തന്ത്രപരമായി വേണം ഫ്രെഡിയെ കൈകാര്യം ചെയ്യാനെന്ന് ലാസർ മനസ്സിലുറപ്പിച്ചു.  


സംഭാഷണത്തിന്നിടയ്ക്ക് ഫ്രെഡി  കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൽ, ലാസറൊരു കഥയുണ്ടാക്കിപ്പറഞ്ഞു. ഫ്രെഡിക്ക് വിശ്വസിക്കാനുതകുന്നൊരു കഥ. ഒരനാഥാലയത്തിൽ, അച്ഛനമ്മമാർ ആരെന്നറിയാതെ വളർന്ന വേദന നിറഞ്ഞ ബാല്യവും, അവിടത്തെ കഷ്ടപ്പാടുകളും, അവിടന്ന് ഒളിച്ചോടിയതും, ഉമയമ്മയുടെയും ബൈജുവച്ഛൻറെയുമടുത്തെത്തിയതും ഒക്കെ ചേർത്ത്, നുണയും കള്ളവും പരസ്പരം ചേർത്തുകൊണ്ടൊരു കഥ. ആ കഥ അങ്ങിനെ പറയുമ്പോൾ ലാസറിനൊരു ലക്ഷ്യമുണ്ടായിരുന്നു. ഫ്രെഡിക്ക് തന്നോടൊരു സഹതാപം തോന്നണം. അത് തൻറെ കാര്യങ്ങൾ തനിക്കെളുപ്പമാക്കിത്തരും.


പിന്നെയും അഞ്ചുമാസങ്ങൾ കഴിഞ്ഞാണ് ലാസർ മിത്രയുടെ മാർക്കറ്റിംഗ് മാനേജരായി ജോയിൻ ചെയ്യുന്നത്. ലാസർ സമർത്ഥമായി കളിച്ച ഒരു കളിയിൽ പ്രഭാകരേട്ടൻ വീണു. ശുദ്ധഗതിക്കാരനായ ആ പാവം മനുഷ്യൻ, ലാസറിൻറെ ഉള്ളിലെ കുതന്ത്രമൊന്നുമറിയാതെ, ലാസറിനു പകരം ലാസർ തന്നെ കൊണ്ട് വന്ന മറ്റൊരാളെ പ്രതിഷ്ഠിച്ചു. അങ്ങിനെ മിത്രയിലേക്ക്, ഫ്രെഡിയുടെ ഇഷ്ടക്കാരനായിക്കൊണ്ട് തന്നെ ലാസറിന് പ്രവേശനം കിട്ടി.


ഇമ്മാനുവൽ എന്ന ലാസർ, അതിവേഗം മിത്രയിൽ വളർന്നുകൊണ്ടിരുന്നു. ആരെയും അതിശയിപ്പിക്കുന്ന വിധത്തിൽ. പലർക്കും അസൂയ തോന്നിയ വിധത്തിൽ. വളരെ തന്ത്രപൂർവ്വം, ക്ഷമയോട് കൂടി തൻറെ ഏറ്റവും നല്ല അവസരത്തിനായി ലാസർ കാത്തിരുന്നു. 


ഫ്രെഡിയുടെ മാത്രമല്ല, മിത്രയിലെ തൻറെ മറ്റു സഹപ്രവർത്തകരുടെയും, ഫ്രെഡിയുടെ സുഹൃത്തുക്കളുടെയും കൂടി വിശ്വാസം പിടിച്ചു പറ്റുകയാണ് ലാസർ ആദ്യം ചെയ്തത്. മിത്രയെ അഭിവൃദ്ധിപ്പെടുത്താനായി കഠിനാദ്ധ്വാനം തന്നെ ചെയ്തു. ജോലിയിൽ ഒരു വിട്ടു വീഴ്ചയ്ക്കും ലാസർ തയ്യാറായിരുന്നില്ല. 


ഈ നഗരത്തിലേക്ക് വരുമ്പോൾ അയാളുടെ ഉള്ളിൽ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫ്രെഡിയെ കൊല്ലുക. തൻറെ പ്രതികാരം പൂർത്തിയാക്കുക. എന്നാൽ അതിൻറെ പേരിൽ ജയിലിൽ പോകാനും പാടില്ല. ഫ്രെഡിയെ കൊന്നതിൻറെ ശേഷവും തനിക്ക് സുഖമായി ജീവിക്കാൻ കഴിയണം. നഷ്ടപെട്ട തൻറെ ബാല്യത്തിന് പകരം, ഇനിയുള്ള കാലം സുഖിച്ച് ജീവിക്കണം.


പക്ഷെ ഫ്രെഡിയെ കണ്ടു മുട്ടിയപ്പോൾ, മിത്രയെ പരിചയപ്പെട്ടപ്പോൾ, ഉള്ളിൽ മിത്രയെ സ്വന്തമാക്കുക എന്നൊരു അതിമോഹം കൂടിയുണ്ടായി.  ഫ്രെഡി കാരണം തനിക്ക് നഷ്ടപെട്ട ബാല്യത്തിന് പകരം, ഫ്രെഡിയുടെ തന്നെ സമ്പത്തിൻറെ ഒരു ഭാഗം എന്ത് കൊണ്ട്, തനിക്ക് സ്വന്തമാക്കിക്കൂടാ.


വർഷങ്ങൾ ചിലത് കഴിഞ്ഞുപോയി. ഒരു ദിവസം ലാസറിൻറെ കാതിൽ ആ വാർത്തയെത്തി. ഫ്രെഡിക്ക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. അയാളുടെ ഉള്ളിലൊരു ക്രൂരമൃഗം ചുരമാന്താൻ തുടങ്ങി. ഇനി ഒട്ടും വൈകിക്കൂടെന്ന് അഷ്ടദിക്കുകളും കേൾക്കുമാറുച്ചത്തിൽ ആ മൃഗം അയാളോട് അലറിക്കൊണ്ടിരുന്നു.


തുടരും

2 comments: