Wednesday, May 19, 2021

പ്രണയമേ....



ശരത്കാലമിലകൾ കവർന്ന 

നഗ്നമരങ്ങൾ പോലെ,

കാനൽ വീണിതളടർന്നൊരു 

കാനന പൂ പോലെ, 

പ്രണയമേ... 

നിന്നീർച്ചാലിന്നരികിൽ 

ഞാനിതാ വാടിനിൽക്കുന്നു. 

ഒരു വാക്കിനാൽ നിനക്കെന്നിൽ  

വർഷമായ് വീണലിഞ്ഞുകൂടെ?

പകരമീ മൗനസാഗരത്തിൻറെ 

കറുത്ത കയത്തിലെന്നെ 

നീയുപേക്ഷിച്ചതെന്തേ?

പ്രണയമേ...

നിൻറെ കണ്ണുകൾ 

തിളങ്ങരുതായിരുന്നു.

നിൻറെ അധരങ്ങൾ 

ഗൂഢസ്മിതമൊളിപ്പിച്ച്,

കുളിരറ്റുപോകാത്തൊരീ 

മോഹ ചാറ്റൽ മഴയത്ത്, 

നീയെന്നെയിങ്ങനെ വെറുതെ 

നിർത്തരുതായിരുന്നു.

പ്രണയമേ...

സൂര്യചുംബനം നീരജയെ 

ഹർഷപുളകിതയാക്കുമ്പോൽ  

നീയെന്ന സ്വപ്നങ്ങളെന്നെ 

ഉന്മത്തദളത്തിൽ  പൊതിഞ്ഞു.

വസന്തമെന്നിൽ ചാരുപൂക്കളാൽ 

നിനക്ക് മാർക്കച്ച നെയ്തു.

നിനക്ക് വേണ്ടി മാത്രം 

എന്നിലൊരു രാപാടിയുടെ 

ഈണം ബാക്കിയാവുന്നു.

പ്രണയമേ...

മരുത് പൂത്ത വനഗർഭത്തിൽ 

വെള്ളിനീർച്ചാലിനരികിൽ 

ഗജേന്ദ്രശിലയിലേക്ക് 

വെയിൽ ചാഞ്ഞുവീഴുമ്പോൾ, 

ഒരു ശലഭമായാ മാറിൽ വീണ് 

വെയിൽ കായുവാനെത്ര മോഹം!

നിൻറെ മന്ദസ്മിതത്തിൻറെ 

പൂവിതൾ നുകരുവാനെത്ര മോഹം!

പ്രണയമേ...

ഇനിയെങ്കിലും 

നിൻറെ മൗനമാം 

മുഖപടം മാറ്റുക.

ഈ തീവ്രാനുരാഗ സാഗരത്തിൽ

നമുക്കിണമീനുകളായ്  

പവിഴപ്പുറ്റുകൾ തേടി 

നീന്തിത്തുടിച്ചിടാം!


ശുഭം   


1 comment: