Wednesday, June 9, 2021

കൂട് കൂട്ടാത്ത സ്വപ്നങ്ങൾ!



നേർത്ത മഞ്ഞിൻറെ കമ്പളം  പുതച്ച്, ഉണരാനൊരുങ്ങുന്ന താഴ്വര. കാൽമുട്ടിനോളം വളർന്ന സ്വർണപ്പുൽനാമ്പുകളിലെ മഞ്ഞുത്തുള്ളികൾ, ബാലസൂര്യപ്രഭയേറ്റ് മുത്തുകൾ പോലെ തിളങ്ങി. 


നൂറ്! അല്ല! ആയിരം!! അതുമല്ല!! പതിനായിരക്കണക്കിന് മുത്തുകൾ!!! 


ശുഭ്രവർണ്ണച്ചിറകുകൾ വീശിപ്പറക്കുന്ന ശലഭങ്ങൾ. സ്വർണ്ണചിറകുള്ള തുമ്പികൾ. കണ്ണാടിക്കായലിലെ കണ്ണീർ പോലെ ശുദ്ധമായ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന സ്വർണമീനുകൾ. ജലപുഷ്പങ്ങളെ വകഞ്ഞുമാറ്റി നീന്തുന്ന അരയന്നങ്ങൾ. കരയിൽ വരിവരിയായി നിൽക്കുന്ന രാജഹംസങ്ങൾ!


അവയ്ക്കിടയിൽ സ്വർണക്കൊമ്പുള്ള രണ്ടു കലമാൻ കിടാങ്ങൾ. അവ, ഹിമവർണ്ണവസ്ത്രം ധരിച്ചൊരു സ്ത്രീയുടെ അരികിൽ പരസ്പരം കൊമ്പുരുമ്മി കളിക്കുന്നു. ഉടലിലെങ്ങും ശലഭങ്ങൾ വന്നിരുന്ന, ആകാശകന്യക പോലുള്ള ആ സ്ത്രീയുടെ നീൾകൂന്തൽ, ചെറുതായി വീശുന്ന കാറ്റിൽ നൃത്തം വെക്കുന്നു.   എന്തൊരു ചേതോഹരമായ കാഴ്ച!


ആ സ്ത്രീ അവനെ മാടി വിളിച്ചു. അവരുടെ പാൽ തുളുമ്പുന്ന പുഞ്ചിരി അവൻ കണ്ടു. അവൻറെ ചുണ്ടിൽ നിന്നൊരു നനഞ്ഞ വാക്ക് വീണുടഞ്ഞു.


“ഉമ്മ....”


അവൻ തൻറെ രണ്ടു കൈകളും നീട്ടിക്കൊണ്ട് അവരുടെ നേരെ ഓടിച്ചെന്നു. എന്നാൽ... പെട്ടെന്ന് മുന്നിലെ കാഴ്ചകൾ മാറിമറിഞ്ഞു. 


പ്രശോഭിതമായ താഴ്വരയ്ക്ക് പകരം, മുന്നിലൊരു ഇരുണ്ട ഗുഹാകവാടമായി. ഭീതിപ്പെടുത്തുന്നൊരു ഗുഹാമുഖം!


അതിൻറെ മുൻപിൽ മനുഷ്യാസ്ഥികൾ ചിതറിക്കിടക്കുന്നു. ചോരമണമുള്ള കാറ്റ്, ഗുഹയുടെ നിശ്വാസമെന്ന പോലെ മുഖം തഴുകുന്നു. അവിടെയൊരുണങ്ങിയ മരമുണ്ട്. നീരാളിയുടെ കൈകൾ പോലെ, വളഞ്ഞുപുളഞ്ഞ  ധാരാളം ശിഖരങ്ങളുള്ളൊരു, കറുത്ത മരം. ആ ശിഖരങ്ങളിലുണ്ടായിരുന്ന, മഞ്ചാടിക്കണ്ണുകളുള്ള കഴുകന്മാർ, അവനെ ആർത്തിയോടെ നോക്കി. 


പെട്ടെന്ന് ഗുഹയിൽ നിന്നൊരു ഭീകര സത്വം ഇറങ്ങി വന്നു. സ്ഫുലിംഗങ്ങലുതിരുന്ന കണ്ണുകൾ. ഇറച്ചിക്കടയിൽ തൂക്കിയിട്ട മാംസം പോലെ അറപ്പുളവാക്കുന്ന മൂക്ക്. വിശറി പോലെ വിടർന്നതും രോമാവൃതമായതുമായ ചെവികൾ. ജഢകുത്തിയ മുടി ചകിരി പോലെ തോന്നിച്ചു. കറുത്ത മാളം പോലെ തോന്നിക്കുന്ന വായയിൽ, രാകിമിനുക്കിയ കൂർത്ത പല്ലുകളും, അവയ്ക്കിടയിലൂടെ ചുവന്ന പാമ്പിനെ പോലെ ഇഴയുന്ന നാക്കും. ഒറ്റക്കാഴ്ച കൊണ്ട് തന്നെ ആരെയും നടുക്കുന്ന,  ആ ഭീകര സത്വത്തിൻറെ വലതു കയ്യിലൊരു വടിയുണ്ട്. പേടിച്ചരണ്ട് ശില പോലെ നിൽക്കുന്ന അവനെ കണ്ടപ്പോൾ, അഷ്ടദിക്കുകളും നടുങ്ങുമാറുച്ചത്തിൽ അലറിക്കൊണ്ട്, ആ ഹീനജീവി, അവനെ ആഞ്ഞടിക്കാൻ തുടങ്ങി!

വേദനയാൽ പുളഞ്ഞുകൊണ്ടവൻ, ഒരു നിലവിളിയോടെ പായയിൽ നിന്നും ചാടിയെഴുന്നേറ്റു. മുന്നിൽ കരുണാംശയില്ലാത്ത കണ്ണുകളിൽ തീപൊരിയുമായി ബാപ്പ. പതിവ് പോലെ, പെരുവിരൽ വണ്ണമുള്ള മുളവടി കയ്യിലുണ്ട്. ഒരു ഭ്രാന്തൻ കാളക്കൂറ്റനെ പോലെ അയാൾ അമറി.


"പൊല്യാട്ച്ചിൻറെ മോനെ... കുണ്ടീക്ക് വെയിലടിച്ചാലേ ഇജ്ജെണീക്കൊള്ളൂ?" പിന്‍ക്കഴുത്തിന്‌ പിടിച്ചു മുന്നോട്ടൊരു തള്ളായിരുന്നു. "പോയി പയ്യിനെ കറക്കെടാ നായെ. പോത്ത്‌ പോലിവിടെ കെടന്നൊറങ്ങ്യാ, മുണ്‌ങ്ങാനുള്ളത്‌ അൻറെ തള്ള കൊണ്ടരൊ?" 


തള്ളലിൻറെ ശക്‌തിയില്‍ മുന്നോട്ടാഞ്ഞ്‌ മുഖം ചുമരില്‍ ഇടിച്ചു. ഒരു നിമിഷത്തെ മരവിപ്പ്. വായയിൽ ഉപ്പു രസം നിറഞ്ഞു. ചുണ്ടൊന്നു തടവി നോക്കി. മേല്‍ചുണ്ട്‌ ചീര്‍ത്തിരിക്കുന്നു. രാവിൻറെ അവസാന യാമങ്ങളിലെ നേര്‍ത്ത കുളിരിൽ, അറിയാതെ പുതപ്പായി മാറിയ ഉടുമുണ്ട്‌, പായയിൽ ചുരുണ്ടുകൂടിക്കിടക്കുന്നു. അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ നടും പുറത്ത്‌ കൂടി പിന്നെയും കിട്ടി, ശക്‌തമായ ഒരടി. ഇത്തവണ വേദന കൊണ്ട്‌ അലറിക്കരഞ്ഞു പോയി. കരഞ്ഞുകൊണ്ട്‌ ബാപ്പാൻറെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ മുരണ്ടു കൊണ്ടൊരു ചോദ്യം.


"എന്ത്യേടാ നായെ... ചെറഞ്ഞ്‌ നോക്ക്ണത്‌? അനക്കെറ്റെ ഇന്നെ തല്ലണോ?" പിന്നെ ഒരലര്‍ച്ചയായിരുന്നു. "പോയി കന്നിനെ കറക്കെടാ... പൊല്യാട്ച്ചിൻറെ മോനെ." 


കറവപ്പാത്രവുമായി തൊഴുത്തിലേക്ക്‌ പോകുന്നതിന്നിടയില്‍, വീടിൻറെ മുന്നിലൂടെയുള്ള പഞ്ചായത്ത്‌ വഴിയിൽ മദ്രസയിലേക്ക്‌ പോകുന്ന കുട്ടികൾ കൂടി നല്‍ക്കുന്നത് കണ്ടു. അയാളുടെ അലർച്ചയും, അവൻറെ കരച്ചിലും കേട്ട് നിന്നതാണവർ. അവര്‍ക്കതൊരു പതിവു കാഴ്ച്ചയായിരുന്നു. അവനെ കണ്ടപ്പോള്‍ അവരൊക്കെ വേഗം മുന്നോട്ട്‌ നടന്നു. അവരുടെ കുഞ്ഞു മനസ്സുകൾ ഉരുകിയിരിക്കും. പാവം എന്ന്‌ മന്ത്രിച്ചിരിക്കും. അവരെയും, അവരുടെ പുസ്‌തകക്കെട്ടുകളേയും, അവന്‍ കൊതിയോടെ നോക്കി. കണ്ണുകളിൽ സങ്കടത്തിൻറെ ഉറവകള്‍ നിറഞ്ഞു. രണ്ടു നീർച്ചാലുകൾ ഭൂമിയിലൊരു ലക്ഷ്യം തേടിപ്പാഞ്ഞു. ഒന്നുരണ്ടു നിമിഷം അങ്ങിനെ നിന്നു. പിന്നെ പുറങ്കൈ കൊണ്ട് കണ്ണീർ തുടച്ച്, തൊഴുത്തിലേക്ക്‌ ചെന്നു. അവനെ കണ്ടപ്പോള്‍ പശു മെല്ലെ ഒന്നമറി. അവൻറെ കണ്ണുനീരണിഞ്ഞ മുഖമാണല്ലൊ, ഏറെ നാളായി അവളുടെ കണി!


യൗവ്വനത്തിൻറെ വസന്തവർണ്ണക്കാലത്ത്, ഉറ്റവരും ഉടയവരും അയാള്‍ക്കു വേണ്ടി കണ്ടെത്തിയതായിരുന്നു അവളെ. കാതര മിഴികളില്‍ സുറുമയിട്ട്‌, കുപ്പിവളയിട്ട കൈകളില്‍ മൈലാഞ്ചിയിട്ട്‌, പുള്ളിത്തട്ടം കൊണ്ട്‌ തലമറച്ച്‌, തട്ടത്തിൻറെ ഒരൽപ്പം കൊണ്ട്  മുഖം മറച്ച്,  നമ്രമുഖിയായി അവള്‍ വന്നു. ശരറാന്തല്‍ വിളക്കിൻറെ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന വര്‍ണക്കടലാസുകള്‍ കൊണ്ടലങ്കരിച്ച, അകിൽ മണക്കുന്ന, അയാളുടെ മാനസമണിയറയിലേക്ക്‌. 


ഹൃദയത്തിൻറെ തുടിമേളങ്ങൾക്കിടയിൽ, മൗനത്തിൻറെ വാചാലതയ്ക്കിടയിൽ, അയാൾ മെല്ലെയവളെ, മുല്ലപ്പൂക്കൾ വിതറിയ തല്പത്തിലിരുത്തി.  ആദ്യമായി ആ മുഖമൊന്ന്‌ കാണാൻ, വിറക്കുന്ന കൈവിരലുകള്‍ നീട്ടി അവളുടെ താടി മെല്ലെ മുകളിലേക്കുയര്‍ത്തിയപ്പോള്‍ കണ്ടു. പേടിച്ച പേടമാനിൻറെ കണ്ണുകൾ. പുല്‍ച്ചാടിയെ പോലെ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന മനോഹരമായ കൃഷ്ണമണികള്‍. തെച്ചിപ്പഴം പോലെ ചുവന്ന, വിറയ്ക്കുന്ന ചുണ്ടുകള്‍. അയാളുടെ മനസ്സിലൊരു ഉന്മത്ത കോകിലം ആനന്ദഭൈരവി മൂളി. ഹൃദയാന്തരത്തിൽ പ്രണയവാഹിനിയൊഴുകി. കുഞ്ഞോളങ്ങള്‍ ഇളം കാറ്റിൻറെ കവിളില്‍ മുത്തി. പിന്നെയും പിന്നെയും രോമഹര്‍ഷങ്ങള്‍ക്കായി മനസ്സ്‌ കൊതിച്ചു കൊണ്ടേയിരുന്നു!


പ്രണയലഹരിയിൽ മത്തുപിടിച്ച മധുവിധു രാവുകളിലൊന്നില്‍, ജീവസാഗരത്തിലെ മാംസകമലത്തിലേക്കൊരു ജലബിന്ദു തെറിച്ചു വീണു. കൂമ്പിയടഞ്ഞ താമരയില്‍ അതൊരു തുടിക്കുന്ന മുത്തായി നില കൊണ്ടു. പശിമയുള്ള മാംസമണ്ണില്‍ നിന്നും രൂപമുള്ളൊരു ശില്‍പ്പമുയര്‍ന്നു വന്നു. മധുരമുള്ള മാതൃനോവിൻറെ അമർത്തിയ നിലവിളിയോടെ, ജീവൻറെ ഒരു കഷ്ണം, ജീവിത സാഗരത്തിൻറെ മറുകര തേടിത്തുഴഞ്ഞു. ആ പാല്‍പുഞ്ചിരിയില്‍ അയാളുടെ മുഖം പതിനാലാം രാവ് പോലെ പ്രശോഭിച്ചു!


മനുഷ്യമനസ്സുകള്‍ നിഗൂഢമായ കുളങ്ങള്‍ പോലെയാണ്‌. കലക്ക വെള്ളത്താല്‍ ആഴമോ അടിഭാഗമോ കാണാനാവാത്ത നിഗൂഢമായ കുളങ്ങള്‍ . അതിൻറെ ആഴങ്ങളില്‍ എന്തൊക്കെയാണൊളിപ്പിച്ചു വച്ചിരിക്കുന്നതെന്ന്‌ പ്രവചിക്കാനാവില്ല. ചിരിക്കുന്ന ചുണ്ടുകള്‍ക്കു പിറകില്‍ ഒളിഞ്ഞിരിക്കുന്ന ദംഷ്ട്രകളുണ്ടാകും. ആഞ്ഞു പുണരുമ്പോൾ, നാം തലചായ്ക്കുന്ന നെഞ്ചിനുള്ളിൽ വെറുപ്പിൻറെ പുകപടലങ്ങളുണ്ടാകും. സ്വന്തം മുഖം പ്രതിബിംബമായി കണ്ടാസ്വദിക്കവേ, പ്രതിബിംബത്തിൻറെ താഴെ ആഴങ്ങളില്‍, കുളിരില്‍, സുഖമായി കഴിയുന്ന അപരനെ കുറിച്ച്‌, നാമറിയില്ല. 


മനസ്സാകുന്ന കുളത്തിൻറെ ആഴങ്ങളിലാരും കാണാതെ, അവൾ ഒരാളെ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. അവളുടെ കാമകേളികളെല്ലാം, മനസ്സു കൊണ്ട്‌ അവനോടൊത്തായിരുന്നു. അയാളുടെ വിയര്‍പ്പുപ്പിൽ, അവൾ നുകർന്നത് അവൻറെ ചൊടികളായിരുന്നു. വിഷലിപ്തമായ മനസ്സു കൊണ്ട് നല്ലപാതിയുടെ പൊയ്മുഖമണിഞ്ഞവൾ,  ചില രാവുകളിലതിൻറെ ഇരുളില്‍, അയാളുടെ സുഖസുഷുപ്‌ത വേളയിൽ, ജാരൻറെ നെഞ്ചിലെ ചൂട് പറ്റിക്കിടന്നു. അത്തരം രഹസ്യസമാഗമങ്ങളുടെ  ആസ്വാദ്യമേഘപടലങ്ങള്‍ക്കിടയില്‍, ഒരു പഞ്ഞിക്കെട്ട്‌ കണക്കെ, അവള്‍ പറന്നു നടന്നു. പക്ഷെ, അവളറിഞ്ഞില്ല. ജീവിതത്തിലെ എല്ലാ കട്ടുതീറ്റയ്ക്കും, ഒരതിർവരമ്പുണ്ടെന്ന്!


അവൻറെ ജനനത്തിൻറെ ശേഷം; കുടപിടിച്ചും, വിയര്‍ത്തും, കുളിര്‍ന്നും ദിനങ്ങളോടിക്കിതച്ചു. അവനൊന്നര വയസ്സായി. ഒരു ദിവസം, രാവിൻറെ അവസാന യാമങ്ങളിലൊന്നില്‍, അയാളുണര്‍ന്നത്‌ അവൻറെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടായിരുന്നു. തൻറെ പഞ്ഞിക്കിടക്കയില്‍ തന്നോടൊത്ത്‌ കിടന്നിരുന്ന ഭാര്യയെ ഒരു കൈ കൊണ്ടു തപ്പി നോക്കിയപ്പോള്‍ അയാള്‍ക്കവിടെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവൻറെ കരച്ചില്‍ അയാൾക്ക് അടുക്കളയിലേക്കുള്ള വഴി കാട്ടി. അവിടെ അയാൾ കണ്ടത്, തൻറെ വൃദ്ധമാതാവിൻറെ കൈകളില്‍ വിശന്നു കരയുന്ന കുഞ്ഞിനെയാണ്. നിറ കണ്ണുകളുമായി നോക്കി നില്‍ക്കുന്ന മാതാവിൻറെ മുഖത്തേക്കയാള്‍ ചോദ്യഭാവത്തില്‍ നോക്കി. ഇടറിയ ശബ്ദത്തില്‍ അവര്‍ പറഞ്ഞു. 


"പോയെടാ... ഓള്‌ പോയി. ഞാങ്കണ്ടു. ഓളും ഒരാളും കൂടി... ഇവിടെ.. ഈ വട്ക്കിണീല്‌..." നീണ്ട മൗനം. പിന്നെ മന്ത്രണം പോലെ.  "പൊല്യാട്ച്ചി." 


ആ വൃദ്ധയുടെ ഹൃദയത്തിൽ നുരയ്ക്കുന്ന  മുഴുവന്‍ വെറുപ്പും, ആ വാക്കുകളില്‍ ലയിച്ചിരുന്നു. ആ വീടിൻറെ മേല്‍ക്കൂരയിലേക്ക്‌ ഒരു വെള്ളിടി വെട്ടിയിറങ്ങി. അയാള്‍ക്ക്‌ ശരീരം തളര്‍ന്നു പോകുന്നത്‌ പോലെ തോന്നി. വീണു പോകാതിരിക്കാന്‍ വാതില്‍ പാളിയില്‍ അള്ളിപ്പിടിച്ചു. കണ്ണുകളിൽ ഇരുട്ട് മൂടി. അപമാനത്തിൻറെ, നിരാശയുടെ, വികൃതരൂപങ്ങൾ അയാളുടെ മുൻപിൽ തേറ്റ കാട്ടി അട്ടഹസിച്ചു നൃത്തം ചെയ്തു. ഓനെക്കൊണ്ട് ഓൾക്ക് ആക്കിക്കൊടുക്കാനായില്ലെന്ന നാട്ടുക്കൂട്ടത്തിൻറെ പരിഹാസ മുൾമുനകൾ, അയാളുടെ മനോദർപ്പണത്തിൽ തെളിഞ്ഞു വന്നു. പട്ടിയുടെ പത നുരയ്ക്കുന്ന തേറ്റ പോലെ, വൃത്തികെട്ടതാണല്ലോ പരിഹാസത്തിൻറെ മുഖമെന്ന്, ആ വിവശതയിലും അയാളോർത്തു. ആരോടെന്നില്ലാതെ അയാളുടെ മാതാവ് പിറുപിറുത്തു.       

  

"ഇന്നെ കണ്ടപ്പോ... ഒന്നും പറ്യാന്‍ നിന്നില്ല. ഓളാ ആദ്യറങ്ങ്യേത്‌... ഇക്കണ്ട കാലം വരെ... ൻറെ കുട്ടിനെ... ആ പച്ചപൊല്യാട്ച്ചി പറ്റിക്ക്യേര്‍ന്നു. അൻറെ ചോരിം നീരും കുടിച്ച്‌... ഓളങ്ങ്‌ മിനുങ്ങി. ബലാല്‌." 

 

അയാളുടെ ഉള്ളില്‍ അപമാനത്തിൻറെയും നിരാശയുടേയും ഒരു ക്രൂരമൃഗം വന്യമായി ചുരമാന്താന്‍ തുടങ്ങി. വിശന്നു വലഞ്ഞ ഹിംസ്രമൃഗം തൻറെ ഇരയെ നോക്കുന്നതു പോലെ, അയാളാ കുഞ്ഞിനെ നോക്കി. "ഇവനെന്തിനാ ഇനിയിവിടെ...?" എന്നലറിക്കൊണ്ടയാള്‍ അവൻറെ നേരെ കൈകള്‍ നീട്ടി. ആ സാധുവൃദ്ധ അയാൾക്ക് പുറന്തിരിഞ്ഞു നിന്നു.

 

"അനക്കെന്താ... പിരാന്തായൊ? ഇതൻറെ കുട്ട്യാ. അൻറെ ബാപ്പാൻറെ മുറിച്ച മുറ്യാണിവൻ. ഈ കുട്ടിനെ ഇജ്ജ്‌ സംശയിക്കണ്ട."

  

അയാളിലെ മനുഷ്യത്വത്തിൻറെ കണ്ഠനാഡിയറുത്താണവൾ പോയത്‌. ആ നെഞ്ചു കീറി നന്‍മയുടെ അവസാന തുള്ളി രക്‌തവും ചിന്തിക്കളഞ്ഞാണ്‌ അവള്‍ പോയത്‌. പിന്നീടൊരിക്കലും അയാള്‍ അവനെ സ്നേഹിച്ചിട്ടില്ല. അവനെ മാത്രമല്ല. ആരെയും! 


അയാളുടെ മനസ്സില്‍ സദാസമയത്തും നുര പൊങ്ങിയത് വെറുപ്പ്‌ മാത്രമായിരുന്നു. അവളോട്! അവനോട്! ലോകത്തിനോട്! തന്നോട് തന്നെയും!  അസഹ്യമായ വെറുപ്പും നിന്ദയും മാത്രം. 


ആ വെറുപ്പും നിന്ദയും തനിക്കാവുന്നതു പോലെയൊക്കെ അവനോടയാള്‍ കാണിച്ചു. ആറു വയസ്സു വരെ തൻറെ മുത്തശ്ശിയുടെ കോന്തലത്തുമ്പില്‍ അവനഭയമുണ്ടായിരുന്നു. മണ്ണില്‍ നിന്നും വന്ന മനുഷ്യര്‍ മണ്ണിലേക്ക്‌ തന്നെ മടങ്ങും. മുത്തശ്ശിയും മടങ്ങി. ശേഷമവൻറെ ജീവിതം തേങ്ങലുകളും വിതുമ്പലുകലും നിലവിളികളും നിറഞ്ഞതായിരുന്നു. 


അവനെ വേദനിപ്പിക്കാനും കാതു പൊട്ടുന്ന തെറി വിളിക്കാനും അയാള്‍ക്കൊരു കാരണം പോലും വേണ്ടായിരുന്നു. മുത്തശ്ശി മരിച്ചതോടെ അവൻറെ പഠിത്തം നിന്നു. ഒന്നാം ക്ലാസിൽ വച്ചു തന്നെ. പുലര്‍ച്ചെ ഉറങ്ങുന്ന അവനെ അയാള്‍ നിര്‍ദയം ഉണര്‍ത്തി. തളർന്നുറങ്ങുന്ന ആ പൈതൽ, ആദ്യത്തെ വിളിക്കുണര്‍ന്നിരുന്നില്ല. അപ്പോൾ അയാൾ അവനെ കയ്യില്‍ കിട്ടിയതു കൊണ്ട് തല്ലിയുണര്‍ത്തി. എന്നും നിലവിളിച്ചു കൊണ്ടവനുണര്‍ന്നു. ആദ്യമാദ്യം ചെറിയ ചെറിയ പണികള്‍ അവനെ എല്‍പ്പിച്ച അയാള്‍ പിന്നീട്‌ ഭാരമേറിയ പണികളും അവനെ ഏല്‍പ്പിക്കാന്‍ തുടങ്ങി. നാട്ടുകാരില്‍ വലിയൊരു വിഭാഗം അതിനെ എതിര്‍ത്തിട്ടും അയാളുടെ മനസ്സു മാത്രം അലിഞ്ഞില്ല. അവനെ പഠിക്കാൻ വിടാൻ പറഞ്ഞിട്ടും അയാളാരെയും അനുസരിച്ചില്ല. അവളാർക്കോ കൊടുത്തുണ്ടാക്കിയതിനെ ഞാനെന്തിന് നോക്കണം എന്നയാൾ തികഞ്ഞ വെറുപ്പോടെ തിരിച്ചു ചോദിച്ചു. വെറുപ്പിൻറെ ശൽക്കങ്ങളാൽ പൊതിഞ്ഞ അയാളുടെ മനസ്സൊരു കറുത്ത ശിലയായി മാറി.


എത്രതന്നെ ചവിട്ടിയരച്ചാലും, ആ കാൽക്കീഴിൽ തന്നെ ചുരുണ്ടുകൂടുന്ന ചില വിധേയ ജീവിതങ്ങളുണ്ട്. തന്നെ എത്ര തന്നെ വേദനിപ്പിച്ചിട്ടും, ചവിട്ടിയരച്ചിട്ടും, അയാളുടെ കാല്‍ച്ചുവട്ടില്‍ നിന്നും പോകാന്‍, എന്തോ, അവന്‍ തയ്യാറായില്ല. അവനിലെ പതിനൊന്നു വയസ്സുകാരന് അതിനുള്ള ധൈര്യമില്ലായിരുന്നു എന്നത് മാത്രമല്ല അതിൻറെ കാരണം. ഭൂമിയിൽ തനിക്കാകെയുള്ളത് ഈ മനുഷ്യൻ മാത്രമാണല്ലോ എന്ന ചിന്തയായിരുന്നു. അയാളിൽ നിന്നും ഓടിരക്ഷപ്പെട്ട് എങ്ങോട്ടെങ്കിലും പോയാലോ എന്നാലോചിക്കുമ്പോഴൊക്കെ, അവൻറെ കുഞ്ഞു മനസ്സ് പറയും. വേണ്ട. എല്ലാം സഹിക്കാം. ബാപ്പയോളം വലുതാകുമ്പോൾ ഉമ്മയെ തേടിപ്പോകാം. അതിന് ഉമ്മയെ കുറിച്ചുള്ള വിവരങ്ങൾ അറിയണം. എല്ലാം ബാപ്പയ്ക്ക് മാത്രമേ അറിയൂ. ഉമ്മയുടെ പേര് പോലും ബാപ്പ ഇത് വരെ പറഞ്ഞിട്ടില്ല. ആരും പറഞ്ഞിട്ടില്ല. എല്ലാർക്കും ബാപ്പാനെ പേടിയാണ്.  


"നീയൊരാണ്‍ക്കുട്ടിയല്ലെ? നിനക്കെങ്ങോട്ടെങ്കിലും പൊയ്ക്കൂടെ? ഈ ആട്ടും തുപ്പും ചവിട്ടും കുത്തും ഇങ്ങിനെ സഹിക്കുന്നതെന്തിനാണ്‌?" 


ഒത്തിരിയാളുകൾ ചോദിച്ചു. കര്‍ക്കിടക മേഘം പോലെ പെയ്യുന്ന കണ്ണുകളോടെ അവൻ തിരിച്ചു ചോദിച്ചു. "ഇച്ച് ഉമ്മാൻറെടുത്തേക്ക് പോണം. എവിടേന്ന് ഇങ്ങക്കറ്യോ?" 


ഉത്തരം മുട്ടി നിൽക്കുന്ന അവരുടെ മനസ്സിൽ കനൽ കോരിയിട്ടവൻ മെല്ലെ പുറങ്കൈ കൊണ്ട് കണ്ണീർ തുടച്ചു നടന്നു പോകും. അത് കാണുന്നവർ നെടുവീർപ്പിടും. പാവം കുട്ടി എന്ന് മന്ത്രിക്കും. 


നാല്‍ക്കവലയിൽ അയാൾക്കൊരു ചായക്കടയുണ്ട്. നാട്ടിലെ ഒരേയൊരു ചായക്കട. അതിന് പിറകിലെ കവുങ്ങിന്‍ തോട്ടത്തിൻറെ ഒരതിര്‍ത്തി പുഴയാണ്‌. കടയിലേക്ക് കഴുകാനും തുടക്കാനുമുള്ള വെള്ളം, ആ പുഴയില്‍ നിന്ന് അവനാണ് കൊണ്ടുവരുന്നത്. വലിയ അലൂമിനിയം കുടത്തില്‍, അരക്കുടം മാത്രമേ അവനു പൊന്തൂ. അത് മാത്രമല്ല, വിറകുകൾ അട്ടിവെക്കണം. ഗ്ലാസ്സുകളും പാത്രങ്ങളും കഴുകണം. മേശ തുടക്കണം. അങ്ങിനെയങ്ങിനെ പണികൾ ഒത്തിരിയുണ്ടവിടെ. വിശക്കുമ്പോൾ വല്ലതും കഴിക്കുന്നത് ബാപ്പ കണ്ടാൽ, മുറുമുറുക്കാനോ, തല്ലാനോ, അതുമല്ലെങ്കിൽ പാത്രം കയ്യിൽ നിന്നും തട്ടിത്തെറിപ്പിക്കാനോ മതി. അത് കൊണ്ട് ഒളിച്ചും പാത്തുമാണ് കഴിപ്പ്.     


പുഴയിലേക്ക്‌ വെള്ളമെടുക്കാന്‍ പോകുമ്പോള്‍ കടവില്‍ കുളിച്ചും നനച്ചും കൊണ്ടിരിക്കുന്ന നാട്ടുപെണ്ണുങ്ങളില്‍ ചിലര്‍ അവനെ അര്‍ത്ഥം വച്ച്‌ നോക്കും. അവരുടെ മുന കൂര്‍ത്ത നോട്ടത്തിലും ചുണ്ടിലെ ഊറിയ ചിരിയിലും പരിഹാസത്തിൻറെ കൂരമ്പുകള്‍ ഒളിച്ചിരിക്കുന്നത്‌ അവനറിയില്ലായിരുന്നു. പൂച്ചയെക്കാള്‍ സാഡിസ്റ്റുകളായ മനുഷ്യരുണ്ടെന്ന്‌ തെളിയിച്ചു കൊണ്ട്‌, പറമ്പിലെ ഹംസാക്കാൻറെ ഭാര്യ സൈനാത്ത അവനെ കാണുമ്പോഴൊക്കെ ചോദിക്കും. 


"അന്റുമ്മാൻറെ വല്ല വര്‍ത്താനോം ണ്ടോടാ ചെക്കാ...?" 


ആ ചോദ്യം കേള്‍ക്കുന്നതേ അവനു ദേഷ്യമായിരുന്നു. ഒന്നും പറയാതെ തല താഴ്ത്തി നില്‍ക്കുന്ന അവന്‍ കേള്‍ക്കെ തന്നെ അവള്‍ മറ്റു സ്‌ത്രീകളോട്‌ പറയും. 


"ഓളെ കടി മാറീട്ടുണ്ടാവില്ല. മാറ്യാ ഓള്‌ വരാതിരിക്ക്വോ...?" 


അതും പറഞ്ഞൊരു അടക്കി ചിരി കൂടി ഉണ്ടവള്‍ക്ക്‌. ആ പറഞ്ഞതിൻറെ പൊരുളൊന്നും അവനു മനസ്സിലാവാറില്ല. എന്നാലും, ഇളം മനസ്സ്‌ വേദനിക്കും. പുണ്ണില്‍ കുത്തി പിന്നെയും പിന്നെയും വേദനിപ്പിക്കുക എന്നത്‌ അവള്‍ക്കൊരു വിനോദമാണ്. കൂടെ കൂടി ചിരിക്കാൻ ഒരു കൂട്ടം പെണ്ണുങ്ങളുണ്ട്. അപൂർവ്വം ചിലർ മാത്രം ചോദിക്കും.


"അനക്കൊന്ന് മുണ്ടാതിരുന്നൂടെ. ഇന്നാട്ടില് കെട്ട്യോനല്ലാതെ കെടന്നൊടുക്കുന്ന പെണ്ണുങ്ങള് വേറെ ഇല്ലാത്ത പോലെ. ആ ചെക്കനെ ഈ കോലം ചൊറിഞ്ഞിട്ട് അനക്കെന്ത്  കിട്ടാനാ? എല്ലം എല്ലാർക്കും അറ്യാ."


അവൻറെ മനസ്സില്‍ ഉമ്മ ഒരു സങ്കല്‍പ്പം മാത്രമാണ്‌. പുഴയോരത്ത്‌, പെണ്ണുങ്ങള്‍ അവരുടെ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത്‌ കാണുമ്പോള്‍ അവൻറെ ഉള്ളില്‍ കിട്ടാതെ പോയ ഒരു താരാട്ടു പാട്ടിൻറെ തേങ്ങലുയരും. ഒരിക്കലും അവന്‍ കേട്ടിട്ടില്ലാത്ത ഒരു താരാട്ടു പാട്ടിൻറെ തേങ്ങല്‍. സ്നേഹവാത്സല്ല്യത്തിൻറെ ഒരു വിളി വിദൂരതയില്‍ നിന്നും, നേര്‍ത്ത ശബ്ദത്തില്‍ അന്തരംഗത്തിൽ അലയടിക്കും. കരയുന്ന കണ്ണുകളില്‍ സ്നേഹത്തിൻറെ ചുംബനങ്ങളേകി, മഞ്ഞുതുള്ളി പോലെ കുളിരേകുന്ന ഒരു സ്വപ്നമായി, ഉമ്മ എന്ന വികാരം, നെഞ്ചില്‍ തളം കെട്ടി നിന്നു. അവൻറെ ഉറക്കങ്ങളെ അലങ്കരിക്കാറുള്ള ഒരേ ഒരു സ്വപ്നം!


കവുങ്ങിന്‍ തോട്ടത്തിൻറെ പടിഞ്ഞാറേ അതിരിൽ, ഒരു കൊച്ചാഞ്ഞിലയും, അതിനോട് ചാരി ഒരു പേരക്കാമരവുമുണ്ട്.  പഴുത്ത്‌ പാകമായ പേരക്കയുണ്ടോ എന്ന് നോക്കാന്‍ പോയപ്പോളാണ്, ഒരു കിളിയുടെ അസാധാരണമായ ചിലക്കൽ കേട്ടത്. നോക്കുമ്പോള്‍,  ആഞ്ഞിലിയുടെ ചില്ലയിൽ, ഇലകള്‍ക്കുള്ളില്‍ ഒരു കൊച്ചു കിളിക്കൂട്. മെല്ലെ പറ്റിപ്പിടിച്ച് കയറിനോക്കി. കിളി ചിലച്ചു കൊണ്ട്‌, എവിടെയും ഇരിപ്പുറക്കാതെ,  ഒരു കൊമ്പില്‍ നിന്നും മറ്റൊരു കൊമ്പിലേക്ക്‌ പറന്നുകൊണ്ടിരിന്നു. മെല്ലെ ആ കിളിക്കൂട്ടിലേക്കെത്തി നോക്കി. പളുങ്ക്‌ പോലുള്ള നാലു കുഞ്ഞു മുട്ടകള്‍!


ആശ്ചര്യത്തോടെ അതും നോക്കി നിൽക്കെയാണ്, പെട്ടെന്ന് ബാപ്പയെ കുറിച്ചോർത്തത്. "പടച്ചോനെ.. നേരം വൈകി. ബാപ്പ ഇന്നെന്നെ കൊല്ലും" 


അവന്‍ മരത്തില്‍ നിന്നും ഊർന്നിറങ്ങി. താഴെയെത്തി കുടവുമെടുത്ത് ഓടുന്നതിനിടയിൽ, പേരക്കാമരത്തിൻറെ താഴെ ചില്ലയില്‍ തൂങ്ങി നിന്ന ചള്ള്‌ പേരക്കകളിൽ രണ്ടെണ്ണം കൈനീട്ടി പറിച്ചു. ഒരു കടിക്കതിലൊരെണ്ണത്തിൻറെ പകുതി വായിലാക്കി, മറ്റേ പകുതി വലിച്ചെറിഞ്ഞു. കടവിനടുത്തെത്തിയപ്പോൾ ഒന്ന്‌ കൂവി ശബ്ദമുണ്ടാക്കി. കടവില്‍ ചിലപ്പോള്‍ സ്‌ത്രീകള്‍ മാറ് മറക്കാതെ കുളിക്കുന്നുണ്ടാവും. നേരെ അങ്ങോട്ട് ചെന്നാൽ ചില പെണ്ണുങ്ങൾ നല്ല പുളിച്ച ചീത്ത പറയും.


കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും പുഴയിലേക്ക്‌ വരിവെള്ളമൊലിച്ചുണ്ടായ ഒരു ചാലുണ്ട്. അതാണ് വഴി.  ഒരല്‍പ്പ നേരം കാത്തിരുന്നപ്പോൾ, "പോന്നോളീം" എന്ന അനുവാദം കിട്ടി. അവിടേയ്ക്ക് ചെന്നപ്പോൾ ആദ്യം കണ്ടത്, പുഴയോരത്ത്‌ മണല്‍ വീട്‌ കെട്ടിക്കളിക്കുന്നൊരു കൊച്ചു പെണ്‍ക്കുട്ടിയെയാണ്. പുഴയിലെ വെള്ളത്തില്‍ മുങ്ങി തല മാത്രം പുറത്തേക്ക്‌ കാണുന്ന വിധത്തില്‍ ഇരിക്കുന്ന സ്‌ത്രീയെ അവനു പരിചയമുണ്ടായിരുന്നു. അവര്‍ ഒരു തോര്‍ത്തുമുണ്ട്‌ തോളിലൂടെ ചുറ്റിയിട്ടുണ്ട്‌, അവനെ കണ്ടപ്പോള്‍, പുഞ്ചിരിയോടെ ഒരു ചോദ്യം.


"ഹ.. ഇജ്ജായിരുന്നൊ? ഒച്ച കേട്ടപ്പൊ... ഞാങ്കര്‍തി... വല്ല്യ ആള്‍ക്കാരാണെന്ന്‌. അനക്കിങ്ങട്ട്‌ വന്ന്‌ വെള്ളം തൂക്കി പോയാ പോരെ?" 


അവനൊന്നു ചിരിച്ചെന്നു വരുത്തി. ഒന്നും പറയാൻ നിന്നില്ല. കുടത്തിലേക്ക്‌ വെള്ളം നിറക്കാന്‍ തുടങ്ങി. ഒരു വല്ലാത്ത ശബ്ദത്തോടെ കുടത്തിലേക്ക്‌ വെള്ളം നിറയുമ്പോള്‍, അവൻറെ കൈമുട്ടിലെ തീ പൊള്ളിയ പാട്‌ കണ്ട്‌ അവർ ചോദിച്ചു. 


"അന്നെ ഇന്നലെ... അൻറെ ബാപ്പ വെറകോണ്ട്‌ തച്ചൂല്ലെ? കയ്യൊക്കെ പൊള്ളീക്ക്ണ്‌. കാദര്‍ക്ക പറഞ്ഞു. വല്ലാത്തൊരു ജാത്യന്നേന്ന്‌ അയാള്‌. ഇങ്ങിനീം ണ്ടൊ... മനുഷ്യമ്മാര്‌?"


അവന്‍ മുഖമുയര്‍ത്തി അവരെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഇന്നലെ ബാപ്പ തല്ലിയതെന്തിനായിരുന്നു? ഓ... അല്ലെങ്കിലും... അതിനിപ്പോൾ കരണമെന്തെങ്കിലും വേണോ? ഒരു പിഞ്ഞാണം കയ്യിൽ നിന്നും വീണുടഞ്ഞു. അടി, അടുപ്പിൽ കത്തുന്ന വിറകുകൊള്ളി കൊണ്ടായിരുന്നു.


അവൻറെ മിഴിക്കോണിലൊരു നീര്‍ തുളുമ്പി നിന്നു. പിന്നെ മെല്ലെ നദിയിലെ വെള്ളത്തിലേക്ക്‌ വീണ്‌ അതില്‍ ലയിച്ച്‌ ചേര്‍ന്നു. കുടം പകുതി നിറയുന്നതിൻറെ മുമ്പേ അതും തോളിലേറ്റി തിരിച്ച്‌ മടങ്ങുമ്പോള്‍ ആ സ്‌ത്രീ ആത്മഗതം പറയുന്നത്‌ കേട്ടു.


"ഒക്കത്തിനും ഓളെ പറഞ്ഞാ മത്യോലൊ. ഒരുമ്പെട്ടോള്‌. അവനാന്‍ പെറ്റ കുട്ടിനെ ഇങ്ങിനെ ഇട്ടെറിഞ്ഞ്‌ പെണ്ണുങ്ങള്‍ക്കിങ്ങനെ പൊകാമ്പറ്റ്വൊ?"


ആ ആത്മഗതം കേള്‍ക്കാത്ത പോലെ അവന്‍ നടന്നു. അവനറിയാമായിരുന്നു. ആ "ഓള്‍" തൻറെ ഉമ്മയാണെന്ന്‌. എല്ലാ കുട്ടികളേയും അവരുടെ ഉമ്മമാര്‍ക്ക്‌ എന്തിഷ്ടമാണ്‌. പക്ഷെ എന്റുമ്മയ്ക്ക് മാത്രം എന്തേ... എന്നെ ഇഷ്ടമില്ലാഞ്ഞു? എന്നെ ഇഷ്ടമല്ലാത്തതോണ്ടായിരിക്കും ഉമ്മ പോയത്‌. ഉമ്മയെ എന്താ ആര്‍ക്കും ഇഷ്ടമല്ലാത്തത്‌? എല്ലാവരും ഉമ്മാനെ കുറ്റം പറയും. പൊല്യാട്ച്ചി എന്നേ പലരും വിളിക്കൂ. 


പൊല്യാട്ച്ചി എന്ന് വച്ചാലെന്താണെന്ന് അവനറിയില്ല. ഒന്നറിയാം. ഉമ്മ എന്തോ ചെയ്തിട്ടുണ്ട്‌. ഉമ്മ മാത്രമല്ല. ഉമ്മയുടെ കൂടെ വേറെ ഒരാളു കൂടിയുണ്ട്‌. 


ഇന്നാളൊരു ദിവസം മുക്രി അയ്മു പറഞ്ഞത്‌, ഉമ്മാനെ എറിഞ്ഞു കൊല്ലണം എന്നാണ്‌. എന്തിനാത്‌? എറിഞ്ഞു കൊല്ലാന്‍ തക്ക എന്തു തെറ്റാണ്‌ ഉമ്മ ചെയ്തത്‌? 


അവനൊന്നും അറിയില്ല. അവനൊരു ചോദ്യത്തിനും ഉത്തരവും ഇല്ല. ആ പാവം ഇളം മനസ്സിലെപ്പോഴും, കനൽ പോലെ പൊള്ളുന്ന കുറെ ചോദ്യങ്ങൾ ചുട്ടുപഴുത്തു നിന്നു.


വെള്ളക്കുടവുമായി ചായക്കടയിലെത്തുമ്പോള്‍, അവിടെ നാസര്‍ ഉണ്ടായിരുന്നു. കുന്നുമ്പുറത്തെ നാസര്‍ . അവനോട്‌ അടുപ്പം കാണിച്ചിരുന്ന ഒരേ ഒരാള്‍ . വീപ്പ മുഴുവൻ വെള്ളം നിറഞ്ഞു. അണ്ണാച്ചി വിറക് കൊത്തിയിട്ടിട്ടുണ്ട്. അത് ചായിപ്പിലേക്ക് അടുക്കി വെക്കണം. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. 


അവൻ വിറകുകൾ അടുക്കിവെക്കുന്നത് നോക്കി കുറെ നേരം നാസർ അവിടെ നിന്നു. ഇടയ്ക്കിടയ്ക്ക് അവനും ചില വിറകു കഷ്ണങ്ങൾ എടുത്തു വെക്കും. ഇടയ്ക്ക് അവനൊരൊറ്റ ചോദ്യമായിരുന്നു. 


"അനക്കൻറെ ഉമ്മാനെ കാണണോ?"


കയ്യിലൊരു കഷ്ണം വിറകുമായി അവന്‍ നാസറിൻറെ മുഖത്തേക്ക്‌ നോക്കി. ഉമ്മയെ കാണുക. ആ ചിന്ത പോലും ആ കുഞ്ഞു മനസ്സില്‍ വല്ലാത്തൊരു വികാരം നിറച്ചു. കയ്യിലെ വിറക്‌ താഴെയിട്ട്‌ നാസറിനോട്‌ ചോദിച്ചു. 


"അതിന്‌ ഉമ്മാൻറെ വീടെവിടാന്ന്‌ അനക്കറ്യോ? ഇച്ചറീല."


നാസര്‍ വെളുക്കനെ ഒന്നു ചിരിച്ചു. പിന്നെ അവൻറെ അടുത്ത്‌ വന്ന്‌ സ്വകാര്യം പറയുന്നത്‌ പോലെ പറഞ്ഞു. 


"അതൊക്കെ ഞാനാരോടെങ്കിലും ചോദിച്ചോളാം. ഇജ്ജ്‌ വര്യോ?"


നാസര്‍  കുറച്ചു കൂടി അടുത്തേക്ക്‌ നീങ്ങി നിന്നു. പിന്നെ അവൻറെ ചന്തിയില്‍ ഒരു കൈ കൊണ്ട്‌ മെല്ലെ ഉഴിയാന്‍ തുടങ്ങിയപ്പോള്‍, അവന്‍ പിറകിലേക്ക്‌ മാറി. നാസറിനെ തുറിച്ചു നോക്കി. നാസര്‍ ഈർഷ്യയോടെ പറഞ്ഞു. 


"ഔ... അന്റൊരു ടൈറ്റ്‌. പെണ്ണുങ്ങളെക്കാട്ടിലും വീര്യാണ്‌ അനക്ക്‌. അന്റുമ്മാൻറെ കാര്യക്കൊ ഇവിടെല്ലാര്‍ക്കും അറ്യ. ഇന്നിട്ടാപ്പോ... ഇജ്ജൊരു പൊന്നുങ്കട്ടി. ഇജ്ജ്‌ ഞാമ്പറിണ പോലെ കേട്ടാ... അന്നെ ഞാങ്കൊണ്ടാകും... അന്റുമ്മാൻറട്ത്തേക്ക്. മാണെങ്കി മതി.


അവന്‍ നാസറിനെ തുറിച്ചു നോക്കി നില്‍ക്കവെ, ഇടി വെട്ടുന്ന ശബ്ദത്തില്‍ "ടാ" എന്നൊരു വിളി ഉയര്‍ന്നു. ആ ശബ്ദം കേട്ടതും നാസര്‍ മെല്ലെ അവിടെ നിന്നും നടന്നകന്നു. തൻറെ പിറകില്‍ നിന്നും കേള്‍ക്കുന്ന കരച്ചില്‍, സത്യത്തില്‍ അവനെ വല്ലാതെ വേദനിപ്പിച്ചു. താന്‍ കാരണം ആ പാവത്തിന്‌ തല്ലു കിട്ടിയല്ലോ എന്നൊരു വിഷമം അവൻറെ നെഞ്ചിൽ ഉരുണ്ടുകൂടി. ഒന്ന് തിരിഞ്ഞുനോക്കാൻ തനിക്കാവുന്നില്ലല്ലോ എന്നവനോർത്തു.


ദിവസങ്ങൾ ചിലത്‌ കഴിഞ്ഞു. അവനെന്നും പേരക്കാ മരത്തിൻറെ ചുവട്ടിലെത്തും. ആഞ്ഞിലിമരത്തില്‍ പറ്റിപ്പിടിച്ച്‌ കയറും. ആ കൊച്ച്‌ കിളിക്കൂട്ടിലേക്ക്‌ നോക്കും. പളുങ്ക്‌ പോലുള്ള മുട്ടകള്‍ കാണുമ്പോള്‍ സന്തോഷം കൊണ്ടവൻറെ കണ്ണുകൾ വിടരും. ആദ്യമാദ്യം അവനെ ദൂരെ കാണുമ്പോഴേ ചിലച്ചു ബഹളമുണ്ടാക്കിയിരുന്ന അമ്മകിളി, പിന്നെപ്പിന്നെ ബഹളമുണ്ടാക്കാതെയായി. 


ഒരു ദിവസം ആ കാഴ്ച കണ്ട് അവനത്ഭുതപ്പെട്ടു. ഒരു മുട്ട വിരിഞ്ഞിരിക്കുന്നു. കണ്ണു കീറാത്ത, കൊക്കിനു ചുറ്റും മഞ്ഞ വരയുള്ള, തൂവലുകളില്ലാത്ത, ഒരു മാംസക്കഷ്ണം. കൂടിനടുത്ത്‌ ആള്‍പ്പെരുമാറ്റമറിഞ്ഞാവാം കൊക്ക്‌ മേലോട്ടുയര്‍ത്തി വാ പൊളിച്ച്‌ ആ പക്ഷിക്കുഞ്ഞ്‌ ഭയങ്കര ബഹളമുണ്ടാക്കി!  


തള്ളപ്പക്ഷിയെ കാണുന്നില്ല. അവന്‍ മരത്തില്‍ നിന്നും താഴേക്കിറങ്ങി കാത്തിരുന്നു. ഒരു മിനിറ്റോളം കഴിഞ്ഞപ്പോള്‍ തൻറെ കൊക്ക്‌ നിറയെ തീറ്റയുമായി തള്ളപ്പക്ഷി വന്നു. അത് കുഞ്ഞിന്‌ തീറ്റ കൊടുക്കുന്നത് കണ്ടപ്പോള്‍, അവൻറെ ഉള്ളില്‍ വിഷാദത്തിൻറെ ഒരു ചെറുകാറ്റ് ചൂളം കുത്തി. തനിക്കും ഒരു ഉമ്മയുണ്ടായിരുന്നു. ആ കിളിക്കതിൻറെ കുഞ്ഞിനോടുള്ള ഇഷ്ടം പോലും, ഉമ്മക്ക്‌ എന്നോടുണ്ടായില്ല. അവൻറെ കണ്ണുകള്‍ നിറഞ്ഞു. അവൻ മെല്ലെ കടവിലേക്ക് നടന്നു.  


ഒരു ദിവസം കടവിലേക്ക്‌ പോകുമ്പോള്‍, തോട്ടത്തിലെ വഴിയിൽ നാസര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ നാസർ പറഞ്ഞു.


"ടാ. ഇജ്ജ്‌ വാ. ചുള്ളിക്കാട്ടിലൊരു കാര്യം കാണിച്ചര."

 

"മറ്റേ പണിക്കല്ലെ? ഞാനില്ല."


"അല്ലെടാ. അവിടെ ചുള്ളിക്കാട്ടിലൊരു കാര്യണ്ട്‌. നമ്മളെ തീരുമാനം പോക്കരും, ഹസാംക്കാൻറെ സൈനാത്തിം കൂടി അങ്ങട്ട്‌ പൊയ്ക്കണ്‌."


"അയ്‌നെന്താ?"


"ഈ പൊട്ടനോടൊരു കാര്യം പറഞ്ഞാലും തിരിയൂല. ഇജ്ജ്‌ വാ... വന്നു കാണ്. ഇജ്ജിന്നാള് ചോയിച്ചില്ലേ... അന്റുമ്മ എന്താ ചെയ്തൂന്ന്? അതന്നേണ്‌ ഇപ്പോ ഓലും ചെയ്യുന്നത്."


ഉമ്മ ചെയ്തത്‌! എല്ലാരും ഉമ്മാനെ കുറ്റം പറയുന്നത്‌!! സൈനാത്ത എപ്പോഴും കളിയാക്കുന്നതാണ്‌!! 


എന്താത്‌? അവനു ജിഞ്ജാസയായി. 


അവന്‍ മുന്നോട്ട്‌ നടന്നു തുടങ്ങിയ നാസറിന്റെ പിന്നാലെ ചെന്നു. കവുങ്ങിന്‍ തോട്ടത്തിൻറെ ഒരു കോണില്‍,  ചുള്ളിക്കയും പുല്ലാനിയും കൂരിയുമൊക്കെ പടർന്നു പിടിച്ചൊരു സ്ഥലമുണ്ട്. അവിടെയുള്ള അത്തിമരത്തിൻറെ ചുവട്ടിൽ ആരുടേയും ശ്രദ്ധ എത്തിപ്പെടാത്തൊരിടത്ത്, വിരിച്ച തോര്‍ത്തു മുണ്ടില്‍ രണ്ടു മനുഷ്യ ശരീരങ്ങൾ പരസ്പരം ഉരഞ്ഞുലയുന്നതവർ കണ്ടു. അവരുടെ അരക്കെട്ടുകൾ കൂടിയടിക്കുമ്പോഴുണ്ടാകുന്ന നേർത്ത ശബ്ദം, പതുങ്ങിയ രതിതാളത്തിൽ കേൾക്കാം.  


തുടി കൊട്ടുന്ന നെഞ്ചും, പിടയ്ക്കുന്ന കണ്ണുകളുമായി അവനത് നോക്കി നിന്നു.  നാട്ടിലെ പ്രമാണിയും, തന്നെ എപ്പോഴും കുത്തി നോവിക്കുന്ന സ്‌ത്രീയും കൂടി, ഉമ്മ ചെയ്ത അതേ തെറ്റ്‌ ചെയ്യുന്നത്‌ അവന്‍ കുറച്ചു നേരം നോക്കി നിന്നു! 


പിന്നെ മെല്ലെ തിരിഞ്ഞു. അവൻറെ കണ്ണുകളിൽ ഒരു നീർപ്പാട മൂടിയിട്ടുണ്ടായിരുന്നു. തിരിഞ്ഞു മടങ്ങുന്ന അവനെ നാസർ തോളിൽ പിടിച്ചൊന്ന് നിർത്താൻ നോക്കിയപ്പോൾ, കുതറിമാറിക്കൊണ്ട് അവൻ വേഗം നടന്നകന്നു. നാസർ അവനെ നോക്കി നിൽക്കവേ, ഭോഗമൂർച്ഛയുടെ മുരൾച്ചയുമായി ഇടകലർന്ന രതിസ്വനം അതിൻറെ ഉച്ചസ്ഥായിയിലേക്ക് നീങ്ങി. നാസർ വീണ്ടും അങ്ങോട്ട് തല തിരിച്ചു.


ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം, ആഞ്ഞിലിയിലെ  ഒഴിഞ്ഞ കിളിക്കൂടിലേക്ക്, അവൻ സങ്കടത്തോടെ നോക്കി. തള്ളക്കിളിയോ കുഞ്ഞുങ്ങളോ ഇല്ല. പൊഴിഞ്ഞു വീണ ചില തുവലുകള്‍ മാത്രം.  യാത്ര പറയാതെ പിരിഞ്ഞു പോയൊരു സന്തോഷത്തിൻറെ അടയാളങ്ങൾ മാത്രം. പേരറിയാത്തൊരു സങ്കടം നെഞ്ചില്‍ തുളുമ്പുന്നു!


ദിവസങ്ങളോളം ആ സങ്കടം നെഞ്ചിൽ അങ്ങിനെ നിന്നു. പിന്നെ മറവിയുടെ ആഴങ്ങളിലേക്ക് അത് ആണ്ടുപോയി. പതിവു ശകാരങ്ങളും, മർദ്ദനങ്ങളും, നിലവിളികളുമായി അവൻറെ ദിവസങ്ങൾ തേങ്ങിത്തേങ്ങി കടന്നുപോയി. ഒരു ദിവസം ആ ചായക്കടയിലെക്കൊരാൾ വന്നു. ഒരു അപരിചിതൻ. 


നല്ല മഴയുണ്ടായിരുന്നു. വന്നയാൾ ചായ കുടിച്ചുകൊണ്ടിരിക്കെയാണ്, കലവറയുടെ ഭാഗത്ത് നിന്നും, കാതുകൾക്ക് അറപ്പു തോന്നിക്കുന്ന ശകാരവും, അടിയുടെ ശബ്ദവും, ഒരു ബാലൻറെ കരച്ചിലും കേട്ടത്. മെല്ലെ ചെന്ന് നോക്കിയപ്പോൾ,  ഒരു കോണിൽ ഭയന്ന് ചൂളിയിരിക്കുന്ന, അവനെയാണയാൾ ആദ്യം കണ്ടത്.  വർദ്ധിച്ച വിദ്വേഷത്തോടെ അവനെ നോക്കി മുരളുന്ന അയാളോട് ആ യാത്രക്കാരൻ ചോദിച്ചു.


"നിങ്ങളെന്താണ് ഹേ ചെയ്യുന്നത്. അതൊരു മനുഷ്യക്കുട്ടിയല്ലേ?"


തിരിഞ്ഞു നിന്നൊരു ആട്ടായിരുന്നു. തൻറെ മുഴുവൻ ദേഷ്യവും ആ അപരിചിതനോട് ഭള്ള് പറഞ്ഞയാൾ തീർത്തു. ശകാരവും കോലാഹലവും കേട്ടപ്പോൾ അങ്ങാടിയിൽ നിന്നും ആളുകൾ എത്തിനോക്കി. നാട്ടുപ്രമാണിയായൊരാൾ മാന്യനായ ആ അപരിചിതനെ മെല്ലെ അവിടന്ന് പുറത്തേയ്ക്ക് കൊണ്ട് വന്നു. 


"എന്തിനാ ഓനോട്‌ വക്കാണത്തിന് പോയത്? ഓനൊരു പോത്താ. വെറും പോത്ത്."


"ഇത്തരം പോത്തുകൾക്ക് പറ്റിയ മരുന്ന് എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. എന്നാലും നിങ്ങളീ നാട്ടുകാർ എന്തൊരു മനുഷ്യരാണ്? ആ കുട്ടിയെ ഈ വിധം ദ്രോഹിച്ചിട്ടും നിങ്ങളാരും ഇതുവരെ ഒന്നും ചെയ്തില്ലേ? നമ്മുടെ നാട്ടിൽ പോലീസുണ്ട്... ശിശു ക്ഷേമ വകുപ്പുണ്ട്.... അങ്ങിനെ എന്തെല്ലാമുണ്ട്. അതൊരു മനുഷ്യക്കുഞ്ഞല്ലേ?"


ആ ചോദ്യത്തിൻറെ മുൻപിൽ തലതാഴ്ത്തി നിൽക്കാനേ അവർക്കായുള്ളൂ. ഏതോ ഒരാളോട്, കഥകളുടെ നെല്ലും പതിരും വേർത്തിരിച്ച് പറയുന്നതെന്തിനാണെന്നവർ കരുതിക്കാണും. അയാൾ വാഹനമോടിച്ചു പോയി. 


വരി വന്ന്‌ കലങ്ങിയ, പുഴ നിറഞ്ഞൊഴുകുകയാണ്‌. പുഴയിലേക്ക്‌ നോക്കി, പുഴ വക്കിലവന്‍ നിന്നു.  ആ കണ്ണുകൾ, പുഴ പോലെ കുത്തിയൊലിക്കുന്നുണ്ട്. കാൽ തുടകളിൽ, മീൻ വരിഞ്ഞത് പോലെ, അടി കൊണ്ട്‌ ചുവന്ന പാടുകൾ. 


പെട്ടെന്ന്‌ വീണ്ടും മഴ പെയ്യാന്‍ തുടങ്ങി. ചരല്‍ വാരിയെറിയുന്നത്‌ പോലെ മഴത്തുള്ളികള്‍ അവൻറെ മേലേക്ക്‌ വീണു. അവൻറെ കണ്ണുനീരും മഴവെള്ളവും ഒന്നായിച്ചേര്‍ന്ന്‌ കവിളിലൂടെ ഒലിച്ചിറങ്ങി. എത്ര നേരം ആ നില്‍പ്പ്‌ തുടര്‍ന്നു എന്നറിയില്ല. തണുത്ത്‌ വിറച്ച്‌ പല്ലുകള്‍ കൂട്ടിയടിക്കാന്‍ തുടങ്ങിയിരിക്കുന്നു. മഴയുടെ ആര്‍ത്തിരമ്പലിനും, പുഴയുടെ രൗദ്ര താളത്തിനും മീതെ അവനെ തേടി നാസറിൻറെ വിളിയെത്തി. 


തിരിഞ്ഞു നോക്കുമ്പോള്‍ ഒരു തൊപ്പിക്കുടയും തലയില്‍ വച്ച്‌ നില്‍ക്കുന്ന നാസര്‍, അവനെ കൈമാടി വിളിക്കുനുണ്ടായിരുന്നു. അവന്‍ അനങ്ങാതെ, ഒന്നും ഉരിയാടാതെ നില്‍ക്കെ നാസര്‍ വരമ്പുകള്‍ ചാടിക്കടന്ന്‌ അവൻറെ അടുത്തെത്തി. നാസർ കിതക്കുന്നുണ്ടായിരുന്നു. കിതച്ചു കൊണ്ടു തന്നെ അവന്‍ പറഞ്ഞു. 


"ടാ... അൻറെ ബാപ്പാനെ പോലീസുകാര്‍ പിടിച്ചോണ്ട്‌ പോണ്‌. ഓലന്നെ ചോയ്ച്ചീനു."


വീശിയടിക്കുന്ന കാറ്റില്‍ ആടിയുലയുന്ന കവുങ്ങുകള്‍ പോലെ, അവൻറെ മനസ്സൊന്ന് ആടിയുലഞ്ഞു. കാറ്റില്‍, തൊപ്പിക്കുട രണ്ടു കയ്യും കൊണ്ട്‌ തലയില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ നാസര്‍ പെടാപാട്‌ പെടുന്നുണ്ടായിരുന്നു. പെട്ടെന്ന്‌ അവന്‍ നാസറിനെ മറികടന്ന്, ഓടിത്തുടങ്ങി. ഒന്നുരണ്ടു നിമിഷം അന്തം വിട്ടുനിന്ന നാസർ, അവനു പിന്നാലെ ഓടി.  ഇടയ്ക്ക് തലയിൽ നിന്നും പാറിവീണ തൊപ്പിക്കുട എടുത്ത് വീണ്ടും തലയിൽ വെക്കുമ്പോൾ, നാസർ വിളിച്ചു പറഞ്ഞു. 


"ടാ... ഒന്ന് നിക്കെടാ. ഞാനും ണ്ട്."


അവൻ അത് കേട്ടില്ല. ഓടിക്കിതച്ച് കടയുടെ മുന്നിലെത്തിയപ്പോൾ, അകന്നു പോകുന്ന പോലീസ് ജീപ്പും, കടയുടെ മുൻപിലെ ചെറിയ ആൾക്കൂട്ടവുമാണ് കണ്ടത്. ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു. 


"ഇജ്ജ് കയ്ച്ചിലായല്ലോ.  അന്നെ കൊണ്ടാകാൻ വേറെ ആള് വരുട്ടോ. ഇജ്ജ് ഇബടെ തന്നെ നിന്നോ."


അവന്‍ അയാളെ ഒന്നു നോക്കി. പിന്നെ അകലുന്ന പോലീസ്‌ ജീപ്പിന്റെ നേരെ കൈനീട്ടി ഒരൊറ്റ വിളിയായിരുന്നു. 


"ബാപ്പാ....... "


മഴയുടെ ശബ്ദത്തിൻറെ കൂടെ ഇഴ ചേര്‍ന്ന് ആ വിളി അയാളുടെ കാതിലെത്തി. അയാളുടെ ആത്മാവിൻറെ ഉള്ളിലെവിടെയോ ആ വിളി, ഒരു കൊളുത്തിട്ട്‌ വലിച്ചു. ഞെട്ടിപ്പിടഞ്ഞുകൊണ്ടായാൾ നോക്കി. മഴ നൂലുകള്‍ മറക്കുന്ന കാഴ്ച്ചയുടെ അങ്ങേ തലക്കല്‍, ഒരു നിഴലു പോലെ, ജീപ്പിന്റെ നേരെ ഒരു കൈനീട്ടി ഓടി വരുന്ന ഒരു പേക്കോലം. 


പെട്ടെന്ന്‌ ഒരു കല്ലില്‍ തട്ടി അവന്‍ മുഖം കുത്തി വീണു. അയാൾ അറിയാതെ ഞെട്ടിപ്പോയി. അയാളുടെ ഉള്ളിൻറെ ഉള്ളിൽ നിന്നും, ദുർബലനായ  പിതാവ്, മോനെ എന്ന് നിലവിളിച്ചുവോ? അതോ അതയാൾക്ക് തോന്നിയതാണോ? ഒരു പോലീസുകാരന്‍ മഴച്ചീതല്‍ കൊള്ളാതിരിക്കാനായി ജീപ്പിൻറെ കര്‍ട്ടന്‍ വലിച്ചിട്ടപ്പോള്‍, അയാളുടെ മനസ്സ്‌ പോലെ കാഴ്ച്ചയും ശൂന്യമാവുകയായിരുന്നു! 


ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു പോലീസ്‌ സ്റ്റേഷനിലെ പാറാവുകാരന്‍. പെട്ടന്നാണ്‌ മുമ്പിലേക്ക്‌ നനഞ്ഞു കുതിര്‍ന്ന്‌ അവന്‍ വന്നത്‌. നായയെ പോലെ കിതപ്പണച്ച്‌ തൻറെ മുമ്പില്‍ നിന്ന്, ദയനീയമായി നോക്കുന്ന ആ ബാലനെ,  പാറാവുകാരനൊന്ന്‌ നോക്കി. നെറ്റി പൊട്ടി കിനിഞ്ഞ ചോര, മഴവെള്ളത്തോട്‌ ചേര്‍ന്ന്‌ കീറിപ്പിഞ്ഞിയ ഉടിപ്പിലേക്ക് വ്യാപിച്ചിട്ടുണ്ട്. കൈമുട്ടിലും, കാൽമുട്ടിലും തൊലിയുരിഞ്ഞ വെളുത്ത നിറം കാണാം. മൂക്കും മേൽചുണ്ടും മുഖത്തിൻറെ വലതു വശവും കല്ലിച്ച നീലനിറം. അവനെന്തോ മന്ത്രിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതെന്താണെന്ന് വ്യക്തമല്ല. 


"നീയേതാടാ? ഇവിടെയെന്താ കാര്യം?" പാറാവുകാരന്‍ ചോദിച്ചു. ചോദ്യം കേട്ടിട്ടും അവനൊന്നും പറഞ്ഞില്ല. തമ്മിൽ തല്ലുന്ന പല്ലുകളുടെ ശബ്ദത്തിനിടയിലൂടെ അവ്യക്തമായ മന്ത്രിക്കൽ മാത്രം പുറത്തേയ്ക്ക് വന്നു. അകത്തു നിന്നും, കയ്യിലൊരു ചായഗ്ലാസ്സുമായി പുറത്തു വന്നൊരു കോണ്‍സ്റ്റബിള്‍ അവനെ കണ്ടപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു.


"ഹ... നീയാ ചായക്കടക്കാരൻറെ മോനല്ലേ. നീയല്ലേ ജീപ്പിൻറെ പിന്നാലെ ഓടിയത്. നിന്നെ കൊണ്ട് പോകാൻ ആള് വന്നില്ലേ? നീയെങ്ങിനെയാ ഇവിടെയെത്തിയത്? അഞ്ചാറു കിലോമീറ്റര്‍ ഈ മഴയത്ത്‌... നീയാള് കൊള്ളാമല്ലോ"


അവനെന്തോ പറയാൻ വേണ്ടി ശ്രമിച്ചു. ആയില്ല. നെഞ്ചിൽ നിന്നൊരു വിറയൽ ശിരസ്സിലേക്ക് പിടഞ്ഞു കയറി. കണ്ണുകൾ പിന്നോട്ട് മറിഞ്ഞു. ഒരു പഴന്തുണിക്കെട്ട് പോലെ ഒരു വശം ചെരിഞ്ഞു വീണു. അന്ധാളിച്ച പോലീസുകാർ അവൻറെ അരികിലിരുന്ന് കുലുക്കി വിളിച്ചുനോക്കി. അപ്പോൾ മാത്രമാണ്, അവൻറെ ആ പിറുപിറുക്കൽ "ബാപ്പ... ബാപ്പ" എന്നാണെന്ന് അവർക്ക് മനസ്സിലായത്.


ബഹളം കേട്ട് വേറെയും പോലീസുകാർ ഇറങ്ങി വന്നു. ഹൗസ് ഓഫീസർ കാര്യമന്വേഷിച്ചപ്പോൾ ചായഗ്ലാസ് കയ്യിലുള്ള  പോലീസുകാരൻ പറഞ്ഞു.


"ആ ചായക്കടക്കാരൻറെ മോനാണ് സാർ. ഇവൻ ബാപ്പയെ അന്വേഷിച്ച് വന്നതാണെന്ന് തോന്നുന്നു. ഇത് ഫിറ്റ്സാവും. അവിടന്ന് ഇവിടം വരെ ഒരേയോട്ടമാവും. കണ്ടില്ലേ... അവിടെയും ഇവിടെയുമൊക്കെ വീണതിൻറെ പാടുകൾ. സാർ... എന്താ വേണ്ടത്? ഇത് നമുക്ക് പണിയാകും."


S.I ഈർഷ്യയിൽ എരി വലിച്ചു. "പണ്ടാരം. വേഗം ആശുപതിയിലേക്കെടുത്തോ? ജില്ലയിലേക്ക്. ഇവിടെ കിടന്ന് ചത്താൽ... നമ്മൾ തല്ലിക്കൊന്നെന്നേ വരൂ. ഓരോരോ മാരണങ്ങൾ."


അവനെയും ജീപ്പിൽ കയറ്റി ചില പോലീസുകാർ പോയി. അകത്തേയ്ക്ക് പോകുമ്പോൾ S.I ലോക്കപ്പിലേക്ക് ക്രൂദ്ധനായൊന്ന് നോക്കി. അയാൾ ലോക്കപ്പിൻറെ ഉള്ളിൽ തറയിൽ മുട്ടുകാലുകൾക്കിടയിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്നുണ്ടായിരുന്നു.


ജീപ്പിൻറെ പിന്നാലെയോടുന്ന അവൻറെ ചിത്രം, അയാളുടെ മനക്കണ്ണിൽ പിന്നെയും പിന്നെയും തെളിഞ്ഞു വന്നു. അവൻ മുഖമടച്ച് വീഴുന്ന രംഗം ഓരോ പ്രാവശ്യം തെളിയുമ്പോഴും ഞെട്ടിക്കൊണ്ടിരുന്നു. എന്തെന്നറിയാത്ത ഒരു ഭാരം നെഞ്ചിൽ കരിമ്പുക പോലെ പടർന്നു കയറി. ചോരമണമുള്ള ഒരു കുഞ്ഞ്, മോണ കാട്ടി, തൻറെ കൈക്കുമ്പിളിൽ കിടന്നു കരയുന്നത്, അയാൾ കണ്ടു. ആ കരച്ചിൽ അയാൾക്ക് അസഹ്യമായി തോന്നി.


അയാൾ കണ്ണുകൾ ഇറുക്കെ അടച്ചുനോക്കി. കാതുകൾ പൊത്തി നോക്കി. അകക്കണ്ണിൻ അപ്പോഴും കാണാം. പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളോടെ, കൗതുകത്തോടെ തന്നെ നോക്കുന്ന രണ്ടു കുഞ്ഞിക്കണ്ണുകൾ! തൻറെ മകൻറെ കണ്ണുകൾ!! 


കാതുകളിലിപ്പോഴും മുഴങ്ങുന്നു. അവൻറെ കരച്ചിൽ!!!


അയാളുടെ മനസ്സിലേക്ക് അവനെ വേദനിപ്പിച്ച ഓരോ നിമിഷങ്ങളും കടന്നുവന്നു. താൻ... താനൊരു മനുഷ്യനായിരുന്നോ? അല്ല. താനൊരു മൃഗമായിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നൊരു കാട്ടുജീവി.


അതൊരു മനുഷ്യൻറെ പരിവര്‍ത്തനത്തിൻറെ തീവ്രനിമിഷങ്ങളായിരുന്നു. എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല. ഫോണ്‍ബെല്ലടിക്കുന്ന ശബ്ദം കേട്ടു. S.I ഫോണിലാരോടോ സംസാരിക്കുന്നു. അധികം വാക്കുകളൊന്നുമില്ല. മുക്കലും മൂളലുമായി അത്‌ കൂറേ നേരം നീണ്ട്‌ നിന്നു.  പിന്നെ തൻറെ ക്യാബിനിൽ നിന്നും പുറത്തേയ്ക്ക് വന്ന അദ്ദേഹം ലോക്കപ്പിലേക്ക് രൂക്ഷമായൊന്ന് നോക്കുകയും കനത്തിലൊന്ന് മൂളുകയും ചെയ്തു. പിന്നെ നേരെ പുറത്തേയ്ക്ക് പോയി.  ജീപ്പിൻറെ ശബ്ദം അകന്നകന്ന് പോയി. 


കുറേ നേരം കഴിഞ്ഞപ്പോള്‍ ജീപ്പ്‌ വന്ന്‌ നില്‍ക്കുന്ന ശബ്ദം കേട്ടു. ഒരു പോലീസുകാരന്‍ വന്ന്‌ സെല്ല്‌ തുറന്നു കൊണ്ട്‌ അയാളോട്‌ പറഞ്ഞു. 


"വാ... ഒരു സ്ഥലം വരെ പോകാനുണ്ട്‌."


അയാൾക്കൊന്നും മനസ്സിലായില്ല. ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ, ആ പോലീസുകാരൻറെ പിന്നാലെ പോയി. ജീപ്പ്‌ ജില്ലാ ആശുപത്രിയുടെ ഗേറ്റ്‌ കടന്ന്‌ കാഷ്വാലിറ്റിയുടെ മുമ്പിൽ ഒരിരമ്പലോടെ നിന്നു. അയാള്‍ മെല്ലെ ജീപ്പില്‍ നിന്നും ഇറങ്ങി. തങ്ങളുടെ വിഷമങ്ങളും പേറി വിഷണരായി അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ജനങ്ങള്‍ . പോലീസ്‌ ജീപ്പ്‌ കണ്ടപ്പോള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചിലരൊക്കെ വട്ടം കൂടി. 


പോലീസുകാര്‍ അയാളേയും കൊണ്ട്‌ കാഷ്വാലിറ്റിയിലേക്ക്‌ ചെന്നു. അവിടെ താല്‍ക്കാലിക വാര്‍ഡിലെ ഒരു കട്ടിലില്‍ ജീവച്ഛവമായി കിടക്കുന്ന അവൻ. അയാളുടെ കണ്ണുകൾ അവനിൽ തറച്ചു നിന്നു. 


ആ കാഴ്ച്ച അയാളെ വേദനിപ്പിക്കുക തന്നെ ചെയ്‌തു. വെറുപ്പ് ഒരു രോഗം പോലെ അയാളിൽ കുടിയിരുന്നതിൻറെ ശേഷം, ഇന്നാദ്യമായി അവനെ ഓർത്ത് അയാളുടെ മനസ്സ് പിടഞ്ഞു. അയാള്‍ മെല്ലെ മെല്ലെ അവൻറെ വിറയ്ക്കുന്ന ശരീരത്തിലൊന്നു തൊട്ടു. തീ പോലെ പൊള്ളുന്ന പനിയല്ല അയാൾക്കനുഭവപ്പെട്ടത്. പകരം ഉള്ളിൻറെയുള്ളിൽ എവിടെയോ ഒളിച്ചിരുന്ന, പിതൃത്വമെന്ന വികാരം ഉടലാകെ പടർന്നു പിടിക്കുന്നതിൻറെ അനുഭൂതിയാണ്.   


അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പെയ്തു തോര്‍ന്ന മഴയുടെ കുളിരില്‍ ഭൂമി വിറച്ചു വിറച്ച്‌ നില്‍ക്കുമ്പോള്‍ അയാളുടെ ഹൃദയവും വിറ കൊണ്ടു.  ചതിച്ചവളോടുള്ള വെറുപ്പും വൈരവും അന്ധനാക്കിയ താന്‍, തന്നെ തന്നെയായിരുന്നല്ലൊ ഇത്രയും കാലം വേദനിപ്പിച്ച്‌ കൊണ്ടിരുന്നത്‌ എന്നയാള്‍ ഓര്‍ത്തു. വെറുപ്പും പകയും ചിതലുകൾ പോലെ കുടികൊള്ളുന്ന മനസ്സുകൾ തിന്നു തീർക്കുന്നു. 


"വലിയ പ്രതീക്ഷയൊന്നും വേണ്ട. നല്ല ജ്വരമുണ്ട്‌. ശരീരത്തിന്‌ നല്ല ക്ഷതവുമുണ്ട്‌."


അങ്ങോട്ട്‌ വന്ന ഡോക്ടർ പോലീസുകാരോട്‌ പറയുന്നത്‌ കേട്ടപ്പോൾ, അയാളുടെ ഉള്ളില്‍ ഒരഗ്നി പര്‍വ്വതം പുകഞ്ഞു. വെളുത്ത തുണിയില്‍ പൊതിഞ്ഞ അവനെ ആദ്യമായി കണ്ടപ്പോള്‍ ഹൃദയത്തില്‍ പതപൊങ്ങിയ പിതൃസ്നേഹം, അയാളുടെ നെഞ്ചില്‍ ആര്‍ത്തിരമ്പി. എവിടെ വച്ചോ അയാള്‍ക്ക്‌ നഷ്ട്ടപെട്ട ആ നന്മ, അയാളില്‍ വീണ്ടും കൂട് കൂട്ടി. സന്തതിയെ ഓർത്ത് വേദനിക്കുന്ന പിതാവിൻറെ ഹൃദയം വിങ്ങി. ഒരേങ്ങലോടെ അയാൾ മുഖം ആ കുഞ്ഞു കാല്‍പാദത്തോട്‌ ചേര്‍ത്തു വച്ചു. മകനേ... മാപ്പ്. 


സ്ഥലകാല ബോധമൊന്നുമില്ലാതെ, എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല.  ചുമലിലൊരു കൈ അമര്‍ന്നപ്പോള്‍ അറിയാതെ, ചലിക്കുന്ന ഒരു യന്ത്രമെന്ന പോലെ തലയുയര്‍ത്തി. കൂടെ വന്ന ഒരു പോലീസുകാരനാണ്‌. മെല്ലെ എഴുനേറ്റപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു. 


"ശ്രീധരൻ വക്കീലിനെ അറിയില്ലേ. വല്ല്യ ആളാണ്. മൂപ്പരാണ് നിങ്ങൾക്കെതിരെ കേസ് കൊടുത്തത്. S.I സാറ്‌... വക്കീലിൻറെ കയ്യും കാലും പിടിച്ച് പറഞ്ഞിട്ടാണ്... മൂപ്പർ കേസ് സസ്‌പെൻഡ് ചെയ്യാൻ സമ്മതിച്ചത്. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് വന്നു നോക്കും. ഇനിയും നിങ്ങളിവനെ ഉപദ്രവിച്ചാൽ... ഒരു ദയയും പ്രതീക്ഷിക്കണ്ട.  ഇനി ഇങ്ങിനെ വല്ലോമുണ്ടായി എന്നറിഞ്ഞാല്‍... നിനക്കറില്ല സാറിനെ... ലോക്കപ്പിലിട്ട് തല്ലിക്കൊന്ന് കെട്ടിത്തൂക്കിക്കളയും. പറഞ്ഞില്ലെന്ന് വേണ്ട."


ഒരു നന്ദി പറയാന്‍ പോലുമാവാതെ അയാള്‍ പ്രതിമ കണക്കെ നിന്നു. തിരികെ പോകാനായി തിരിഞ്ഞ ആ പോലീസുകാരൻ അയാളിലേക്ക് വീണ്ടും തിരിഞ്ഞു. 


"ഇനിയെങ്കിലും മനുഷ്യരെ പോലെ ജീവിക്കാന്‍ നോക്ക്‌. ചതിച്ച്‌ പോയവളെ ഓര്‍ത്ത്‌... സ്വന്തം മകനെ ദ്രോഹിക്കുന്നതിന്‌ പകരം... വേറൊരുത്തിയെ കെട്ടിയിരുന്നെങ്കില്‍... എത്ര സുഖമായി... സന്തോഷത്തോടെ ജീവിക്കാമായിരുന്നു?"


നിറഞ്ഞ കണ്ണുകൾ തുടക്കാൻ മറന്നയാൾ നിന്നു. പോലീസുകാർ പോയിക്കഴിഞ്ഞപ്പോൾ, അയാൾ അവൻറെ കട്ടിലിൽ, തലഭാഗത്തിരുന്നു. അറിയാതെ വിറയ്ക്കുന്ന കരങ്ങൾ കൊണ്ട് അവൻറെ ശിരസ്സിലൊന്ന് തലോടി. അപ്പോൾ മനസ്സിനൊരു സുഖം തോന്നി.  പിന്നെയും പിന്നെയും അയാളുടെ പരുക്കൻ വിരലുകൾ അവൻറെ ശിരസ്സിലൂടെ ഒഴുകിനടന്നു.    


കുറെ കഴിഞ്ഞപ്പോൾ, പനി കാരണം  വിറച്ചുതുള്ളി അവൻ പിച്ചുംപേയും പറയാൻ തുടങ്ങി. ഉമ്മയെ വിളിച്ചു കരഞ്ഞു. ബാപ്പയോട് തല്ലല്ലേ എന്ന് വിളിച്ചു കരഞ്ഞു. അയാളുടെ ഹൃദയം ചില്ല് കൊണ്ടത് പോലെ മുറിഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ അയാൾ ഉഴറി. ഒരു കുഞ്ഞിനെ പരിചരിച്ച് അയാൾക്ക് തീരെ പരിചയമില്ലായിരുന്നല്ലോ?


കാഷ്വാലിറ്റി വാർഡിലെ, തൊട്ടടുത്ത കട്ടിലിൽ അപകടം പറ്റിയ ഒരാളായിരുന്നു. അദ്ദേഹത്തെ പരിചരിക്കാൻ കൂടെ ഉണ്ടായിരുന്ന ഭാര്യ, അങ്ങോട്ട് വന്നു. പരിഭ്രമിച്ചു നിൽക്കുന്ന അയാളെ ഒന്ന് നോക്കി. പിന്നെ അവനെ തൊട്ടു നോക്കി ഒരു ഞെട്ടലോടെ കൈ പിൻവലിച്ചു.


"ഈശ്വരാ... നല്ല പനിയുണ്ടല്ലോ."


അയാൾക്കെന്തെങ്കിലും പറയാനാവുന്നതിൻറെ മുൻപേ, അവരോടിപ്പോയി ഡോക്ടറെ വിളിച്ചു. അല്പസമയമെടുത്തു ഡോക്ടറും നഴ്സും വരാൻ. ഡോക്ടർ വേഗം ഇഞ്ചക്ഷൻ കൊടുത്തു. തുണി നനച്ച് നെറ്റിയിലിടാനും, നനഞ്ഞ തുണി കൊണ്ട് ദേഹം തുടച്ചു കൊടുക്കാനും, കട്ടിയുള്ള പുതപ്പ് കൊണ്ട് പുതച്ച് കൊടുക്കാനും പറഞ്ഞു. 


കയ്യിൽ ഒരു കഷ്ണം തുണി പോലുമില്ല. അയാൾ അന്ധാളിച്ചു നിൽക്കെ, ഒരു കഷ്ണം നനഞ്ഞ പഞ്ഞിയും, I.V ഡ്രിപ്പിനുള്ള സാധനങ്ങളുമായി നഴ്സ്  തിരികെ വന്നു. പഞ്ഞി അവൻറെ നെറ്റിയിൽ വച്ച് കൊടുത്തു. ഡ്രിപ്പിടുന്ന അവരെ, അയാൾ നന്ദിയോടെ നോക്കിനിൽക്കെ, അവർ പറഞ്ഞു. 


"ഒരു തോർത്തുമുണ്ട് വാങ്ങി… നനച്ച്... കുട്ടിയുടെ മേനിയാകെ തുടച്ചു കൊടുക്ക്. ഒരു കമ്പിളി വാങ്ങിക്കോ. വേഗം വേണം."


അയാൾ ഇതികര്‍ത്തവ്യതാമൂഢനായി നിൽക്കുകയാണ്. പോലീസുകാർ കൊണ്ട് വന്നതാണ് തന്നെ. കയ്യിലഞ്ചിൻറെ പൈസയില്ല. ഇവിടെ പരിചയക്കാരാരുമില്ല. എന്തെങ്കിലും കിട്ടണമെങ്കിൽ നാട്ടിലേക്ക് പോകണം. അത് നടന്ന് പോകാമെന്നു വെക്കാം. പക്ഷെ ഇവനെയെങ്ങിനെ ഇവിടെ ഒറ്റയ്ക്കിട്ടു പോകും? 


"എന്താ ആലോചിക്കുന്നത്?" ആ സ്ത്രീ ചോദിച്ചു. അയാളൊരു വിഡ്ഢിയെ പോലെ അവരെ നോക്കി. 


"കയ്യിലഞ്ചിൻറെ പൈസയില്ല." വാക്കുകൾ അയാളുടെ തൊണ്ടയിൽ ഇടറി. ആ സ്ത്രീ രണ്ടുമൂന്ന് നിമിഷങ്ങൾ അയാളുടെ മുഖത്തേയ്ക്ക് നോക്കി നിന്നു. പിന്നെ കട്ടിലിലുണ്ടായിരുന്ന വാനിറ്റി ബാഗിൽ നിന്നും, നൂറ് രൂപയെടുത്ത് അയാളുടെ നേരെ നീട്ടി. പുഞ്ചിരിച്ചുയോടെ  പറഞ്ഞു. 


"വേഗം വാങ്ങീട്ട് വന്നോളീം. പൈസയെനിക്ക് പിന്നെ തന്നാ മതി."


അയാളുടെ ഹൃദയം പിന്നെയും പിന്നെയും നനഞ്ഞു കൊണ്ടിരുന്നു. പടച്ചവനെ... ഈ ദുനിയാവിൽ എത്ര മൊഞ്ചുള്ള കാര്യങ്ങളുണ്ടായിരുന്നു. ഞാനൊന്നും കണ്ടില്ലല്ലോ. കേട്ടില്ലല്ലോ.


പണം വാങ്ങാൻ മടിച്ചു നിന്ന അയാളുടെ കൈകളിലേക്ക് അവരത് ബലമായി വച്ച് കൊടുത്തു. മോനെ ഞാൻ നോക്കിക്കോളാം, നിങ്ങൾ വേഗം വാങ്ങി വരൂ എന്നയാളോട് പറഞ്ഞു. പിന്നെയും ഒന്ന് മടിച്ചു നിന്നെങ്കിലും അയാൾ മെല്ലെ പുറത്തേയ്ക്ക് നടന്നു. ആശുപത്രിയുടെ മുൻപിലെ ഒരു കടയിൽ നിന്നും ഒരു തോർത്തുമുണ്ടും ഒരു കമ്പിളിപ്പുതപ്പും വാങ്ങി. തൊട്ടടുത്തൊരു ഫോൺബൂത്ത് കണ്ടപ്പോഴാണ്, നാട്ടിലെ അടുത്ത ബന്ധുവിനെ കുറിച്ചോർത്തത്. ആരുമായും ഇപ്പോൾ നല്ല ബന്ധമില്ല. മകൻറെ കാര്യത്തിൽ പലരും വന്നു തന്നോട് കാര്യം പറഞ്ഞപ്പോൾ മുഷിപ്പിച്ച് തിരിച്ചയച്ചതാണ്. അവരുടെ വീട്ടിൽ ഫോണുണ്ട്. നാട്ടിൽ ആദ്യമായി ഫോൺ കിട്ടിയത് അവർക്കായിരുന്നു. ആ നമ്പർ കല്ലിൽ കൊത്തിയ പോലെ ഇപ്പോഴും മനസ്സിലുണ്ട്. 


അയാൾ മെല്ലെ ഫോൺബൂത്തിലേക്ക് നടന്നു. അവിടെയുള്ള ചെറുപ്പക്കാരനോട് നമ്പർ പറഞ്ഞു കൊടുത്തു. അയാൾ ഡയൽ ചെയ്ത് റിസീവർ അയാളുടെ കയ്യിൽ കൊടുത്തു. കുറച്ചു നേരം ബെല്ലടിച്ചാണ് അപ്പുറത്ത് ഫോൺ എടുത്തത്. 


"ഹസ്സനിക്കാ.... ഇത് ഞാനാ." 


ഒരല്പ നേരത്തെ മൗനത്തിന് ശേഷം ആരെന്ന ചോദ്യമുണ്ടായപ്പോൾ അയാൾ പേര് പറഞ്ഞു. ആളെ തിരിച്ചറിഞ്ഞപ്പോൾ അപ്പുറത്ത് നിന്നും അത്ഭുതത്തോടെ, ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ.


"എന്താടാ...? എന്താ പറ്റി? അന്നെ പോലീസ് പിടിച്ചൂന്ന് കേട്ടല്ലോ? ആ ചെക്കനെന്തേ?"


"കാക്കാ... പോലീസൊക്കെ ന്നെ വിട്ടു. ഓന് നല്ല സുഖല്ല. ഇവിടെ ജില്ലേലുണ്ട്. ഇച്ച് കൊറച്ച് പൈസ വേണ്ടീന്നു."


അയാൾ വിക്കിവിക്കിയാണ് പറഞ്ഞത്. അറ്റുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കാൻ, കൂട്ടത്തിലൊരാളുടെ വിളിമാത്രം മതിയാകും എന്നയാൾക്കറിയില്ലായിരുന്നല്ലോ! 


"അയ്‌നെന്താ... ഇജ്ജവ്ടെ നിക്ക്. ഞാനിതാ എത്തി."     


ഹസ്സനിക്കയുടെ കൂടെ മൂപ്പരുടെ ഭാര്യയുമുണ്ടായിരുന്നു. ഹസ്സനിക്ക നീട്ടിയ പൈസ വിറയ്ക്കുന്ന കൈകളോടെ അയാൾ വാങ്ങുമ്പോൾ, ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ഒന്ന് മാപ്പ് ചോദിയ്ക്കാൻ പോലും തനിക്കാവുന്നില്ലല്ലോ എന്നയാളോർത്തു. ഞാൻ നിൽക്കണോ എന്ന ഹസ്സനിക്കയുടെ ഭാര്യയുടെ ചോദ്യത്തിന്, അയാൾ വേണ്ടെന്ന് പറഞ്ഞു. കുറെ നേരം അവിടെ ചിലവഴിച്ചതിൽ പിന്നെ പോകാന്നേരം ഹസ്സനിക്ക അയാളോട് പറഞ്ഞു.


"ടാ... ചോരക്ക് ചോര തന്നെ വേണം. ട്ടൊ. മനുഷ്യന്മാർക്ക് മനുഷ്യന്മാര് തന്നെ വേണം. ഒരു മയ്യത്ത് കട്ടിലും... താനേ പള്ളിക്കാട്ടിലെത്തൂല. അത് എടുത്തോണ്ട് പോകാനാള് വേണം. അത് മറക്കണ്ട. പോട്ടെ. ഞാൻ നാളെ വരാം."    


അവർ പോകുന്നതും നോക്കി അയാൾ നിന്നു. അവർ കണ്ണിൽ നിന്നും മറഞ്ഞതിൻറെ ശേഷം, ആ സ്ത്രീക്ക് നേരെ നൂറുരൂപ നീട്ടി. അത് വാങ്ങിക്കുന്നതിനിടയിൽ അവർ ചോദിച്ചു.


"ഈ കുട്ടിൻറെ ഉമ്മയെന്ത്യേ?"


അയാൾ വിഷാദത്തോടെ അവരുടെ കണ്ണുകളിലേക്ക് നോക്കി കുറെ നേരം നിന്നു. എന്താണ് പറയേണ്ടതെന്ന് അയാൾക്കറിയില്ലായിരുന്നു. അവസാനം പതുക്കെ പറഞ്ഞൊപ്പിച്ചു. 


“ഓളെ മനസ്സില്... ഞാനൂണ്ടായില്ല. ഓനൂണ്ടായില്ല.”


പിന്നെ അവരൊന്നും ചോദിച്ചില്ല. കാര്യം കൃത്യമായി മനസ്സിലായില്ലെങ്കിലും ഏറെക്കുറെ ഊഹിക്കാനായി. അത് പറയാൻ, അയാൾക്ക് ബുദ്ധിമുട്ടാണെന്നും മനസ്സിലായി.


അവൻറെ പനി കുറഞ്ഞിരുന്നു. തലഭാഗത്തു തന്നെ അയാളിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അയാൾ അരികിലെ കട്ടിലിലേക്ക് നോക്കി അവരോട് ചോദിച്ചു.


“തെന്താ പറ്റി?”


കണ്ണടച്ചു കിടക്കുകയായിരുന്ന ആ മനുഷ്യൻ മെല്ലെ കണ്ണ് തുറന്നു അയാളെ നോക്കി. പിന്നെ പുഞ്ചിരിയോടെ പറഞ്ഞു. 


"വണ്ടിയിടിച്ചതാ. ഞാൻ സൈക്കിളിലായിരുന്നു. വളവ് തിരിഞ്ഞപ്പോൾ ഒരു ജീപ്പ്. ചെറുതായിട്ടൊന്ന് തട്ടി. ഭാഗ്യം കൊണ്ടിത്രയെ പറ്റിയുള്ളു. നിങ്ങളുടെ കൂടെ കുറെ പോലീസുകാരുണ്ടായിരുന്നല്ലോ? എന്തേനു?"


അയാളുടെ ചുണ്ടിൽ പതറിപ്പൊടിഞ്ഞൊരു നിർജീവമായ പുഞ്ചിരി വിടർന്നു. അത്രമാത്രം. പറയാൻ അയാളാഗ്രഹിക്കുന്നില്ലെന്ന് അവർക്ക് മനസ്സിലായി. അവർ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല. രാത്രി ഉറങ്ങാതെ അയാൾ അവനു കാവലിരുന്നു. മൂന്ന് മണിയാകാൻ നേരം അറിയാതെ കണ്ണൊന്ന് ചിമ്മിപ്പോയി. ചുമലിൽ മൃദുവായൊരു കൈത്തലം സ്പർശിച്ചപ്പോൾ ഞെട്ടിയുണർന്നു കണ്ണുമിഴിച്ച് നോക്കി. ആ സ്ത്രീയായിരുന്നു. 


"ഇങ്ങിനെ തൂങ്ങിയുറങ്ങിയാൽ കട്ടിലിൽ നിന്നും വീഴില്ലേ? വേണമെങ്കിലൊന്നുറങ്ങിക്കൊള്ളൂ. മോനെ ഞാൻ നോക്കിക്കോളാം. അവനുറങ്ങുകയല്ലേ? ഇപ്പോൾ പനി നല്ല കുറവുണ്ട്."


അയാൾ അത്ഭുതത്തോടെ അവരെ നോക്കി. പിന്നെ ഒരു നെടുവീർപ്പോടെ തലവെട്ടിച്ചു. 


"മാണ്ട. ഞാനൊറങ്ങുന്നില്ല. കണ്ണൊന്ന് മാളിപ്പോയതാണ്. ഇങ്ങള് ഒറങ്ങീലെ?"


"ഉറക്കം വന്നില്ല. ചേട്ടന് നല്ല വേദനയുണ്ടെന്ന് തോന്നുന്നു. ഉറക്കത്തിൽ അറിയാതെ ഞരങ്ങുന്നുണ്ട്. പാവം. ഞാൻ വിഷമിക്കണ്ടാന്ന് കരുതി... വേദന കാണിക്കാതിരിക്കുന്നതാ. പാവത്തിന് ഉറക്കത്തിൽ അഭിനയിക്കാനാവില്ലല്ലോ. എനിക്കുറക്കമൊന്നും വന്നില്ല."


വികാരമെന്തെന്ന് തിരിച്ചറിയാനാവാത്തൊരു പുഞ്ചിരിയോടെ അയാൾ ആ സ്ത്രീയുടെ കണ്ണുകളിൽ നോക്കി. അവിടെ ഒരു നേർത്ത നീർപാടയുണ്ട്. ഭർത്താവിൻറെ പരിക്കുകൾ അവർക്കും വേദനിക്കുന്നുണ്ടെന്ന് ആ കണ്ണുകളിൽ  നിന്നും, അയാൾക്ക് മനസിലായി. അയാൾ മെല്ലെ പറഞ്ഞു.


"സാരല്ലട്ടൊ. മൂപ്പര് കയ്ച്ചിലായല്ലോ. അതന്നെ വല്ല്യ ഭാഗ്യാണ്. ഒടിഞ്ഞതും മുറിഞ്ഞതുമൊക്കെ ദാന്ന് മാറും."


വിഷമത്തിനിടയിലും അവരൊന്ന് പുഞ്ചിരിച്ചു. പിന്നെ കട്ടിലിൻറെ അടിയിലെ തൂക്കുപാത്രത്തിൽ ഉണ്ടായിരുന്ന കടുപ്പമുള്ള ചായ ഒരു ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് അയാളുടെ അരികിലേക്ക് തിരികെയെത്തി. അവർ നീട്ടിയ ഗ്ലാസ്സിലേക്കും അവരുടെ മുഖത്തേയ്ക്കും അയാൾ മാറിമാറി നോക്കി. പിന്നെ മെല്ലെ ഗ്ളാസ് വാങ്ങി. ചായയ്ക് നല്ല ചൂടുണ്ടായിരുന്നു. അയാൾ അത് മെല്ലെ മെല്ലെ ഊതിക്കുടിക്കുന്നത് അവർ നോക്കിയിരുന്നു. 


ഇടയ്ക്കൊന്ന് നോക്കിയപ്പോൾ അത് കണ്ട അയാൾ അവരോട് ചോദിച്ചു. "ഇങ്ങൾക്ക് കുട്ട്യാളൊന്നൂല്ലെ?"


അവർ പുഞ്ചിരിയോടെ പറഞ്ഞു. "മൂന്നാളുണ്ട്. മൂത്തത് പെണ്ണാ. പിന്നെ രണ്ടാണും. അവർ വീട്ടിലുണ്ട്. വീട് നോക്കാൻ മോള് മതി."


അയാളൊന്ന് തലകുലുക്കിക്കൊണ്ട് പുഞ്ചിരിച്ചു. ഒരല്പ നേരത്തെ മൗനത്തിന് ശേഷം അവർ ചോദിച്ചു. "പിന്നെയെന്തേ വേറെ കല്ല്യാണമൊന്നും കഴിക്കാഞ്ഞു. അല്ല... വയസ്സിപ്പോഴും കൂടിട്ടൊന്നുമില്ല. ഇങ്ങിനെ ഒറ്റയ്ക്ക് ജീവിച്ചാൽ മനസ്സിന് ഭ്രാന്ത് പിടിക്കും."


അയാളൊന്ന് നെടുവീർപ്പിട്ടു. "തോന്നീല്ല. ഒരുജാതി വെറുപ്പായിരുന്നു. സകല പെണ്ണുങ്ങളോടും. ഒരെണ്ണത്തിനേം വിശ്വസിക്കാമ്പറ്റൂല്ലാന്നൊരു തോന്നല്."


അവരൊന്ന് വിശാലമായി ചിരിച്ചു. "അങ്ങിനെയൊന്നും കരുതണ്ടാട്ടോ. നല്ല നല്ല ആളുകൾ... ആണുങ്ങളുടെ കൂട്ടത്തിലും... പെണ്ണുങ്ങളുടെ കൂട്ടത്തിലും... ഇഷ്ടം പോലെയുണ്ട്. ഒരാളെ കണ്ടെത്തണം. എന്നിട്ട് കൂടെ കൂട്ടണം. നമ്മളൊന്ന് തളർന്നു പോയാൽ... നമുക്കൊരു താങ്ങ് വേണ്ടേ. അതാണിന് പെണ്ണും, പെണ്ണിന് ആണുമേ ഉള്ളൂ."


അയാളൊന്നും പറഞ്ഞില്ല. കേട്ടതിൽ വിരോധമില്ല എന്ന രീതിയിൽ അവരെ ഒന്ന് നോക്കി. കാലിയായ ഗ്ലാസ്സ് തിരികെ കൊടുത്ത് അയാൾ ഓരോന്നാലോചിച്ചിരുന്നു. അവർ പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല. അയാളുടെ ചിന്തകളിലേക്ക് അയാളെ വിട്ടുകളഞ്ഞു. 


രാവിലെ ആദ്യം വന്നത് അവരുടെ ഡോക്ടർ ആയിരുന്നു. അവരെ വാർഡിലേക്ക് മാറ്റി. പിന്നെ കാണാം എന്ന യാത്രാമൊഴിയോടെ അവർ പോയി. എന്തോ ഒരു ശൂന്യത അയാൾക്കനുഭവപ്പെട്ടു. 


അവന് പനി നന്നായി കുറഞ്ഞിരുന്നെങ്കിലും ഡോക്ടർ അഡ്മിറ്റ് പറഞ്ഞു. കുട്ടികളുടെ വാർഡിൽ ഒരു കിടക്ക കിട്ടിയത് വലിയ ആശ്വാസമായി. ഇതിന്നിടയിൽ അയാളൊരു തൂക്കുപാത്രം വാങ്ങി അതിൽ തണുപ്പിച്ച വെള്ളച്ചായ വാങ്ങിക്കൊണ്ടു വന്നു. അവന് അതിൽ മുക്കി ബണ് കൊടുത്തു. 


ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ തൻറെ മുന്നിൽ അയാളെ കണ്ട അവൻ, ആദ്യം ഭയന്ന് പോയിരുന്നു. പക്ഷെ ആദ്യമായി അയാളുടെ കണ്ണുകളിൽ അവൻ കനിവ് കണ്ടു. സ്നേഹം കണ്ടു. വാത്സല്ല്യം കണ്ടു. മെല്ലെ മെല്ലെ ആ ഭയം, അവനിൽ നിന്നും അലിഞ്ഞില്ലാതെയായി. 


അവനു ഭക്ഷണം കൊടുത്ത് കഴിഞ്ഞപ്പോൾ, തൊട്ടടുത്തെ രോഗിയായ കുട്ടിക്ക് കൂട്ടിരിക്കുന്ന സ്ത്രീയോട്, അവനെ ഒന്നു നോക്കിക്കൊള്ളാൻ പറഞ്ഞു. നാട്ടിലൊന്ന് പോയി വേഗം വരാമെന്ന് പറഞ്ഞപ്പോൾ അവർ സമ്മതത്തോടെ തല കുലുക്കി.


ചായക്കടയുടെ മുൻപിൽ ഓട്ടോയിറങ്ങിയ അയാൾ ചുറ്റുമൊന്ന് നോക്കി. അവിടിവിടെ നിന്നും ചിലരൊക്കെ എത്തിനോക്കുന്നുണ്ട്. ആരും അടുത്തേയ്ക്ക് വരുന്നില്ല. കടയുടെ നിരപ്പലക ആരോ ചാരിവച്ചിട്ടുണ്ട്. കടയിലേക്ക് നായ്ക്കൾ കയറാതിരിക്കാനാവും. അയാൾ അതെല്ലാം നേരെയാക്കി. പിന്നെ ആരെയും ശ്രദ്ധിക്കാതെ നടന്നുതുടങ്ങി.


മദ്രസയിൽ കുട്ടികൾക്ക് പാഠം പറഞ്ഞുകൊടുക്കുകയായിരുന്നു മജീദ് മുസ്ല്യാർ. ക്ലാസ് മുറിയുടെ വാതിൽക്കൽ ചടച്ച വേഷവിധാനങ്ങളോടെ അയാളെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു. മദ്രസയുടെ വരാന്തയിലേക്കിറങ്ങി വന്ന മജീദ് മുസ്ല്യാരുടെ കൈകൾ, രണ്ടു കൈകളുംകൊണ്ട് കൂട്ടിപ്പിടിച്ചയാൾ പറഞ്ഞു. 


"ഉസ്താദേ... ൻറെ കുട്ടിനീം കൂടി... ഇങ്ങളിവിടെ ചേർക്ക്വോ?"


 മുസ്ല്യാർക്കൊന്നും മനസ്സിലായില്ല. എന്നാലും പുഞ്ചിരിയോടെ ചോദിച്ചു.


"അതിനെന്താ... ഇങ്ങളോനീം കൊണ്ടിങ്ങ് പോരീം."


പിന്നെ അയാൾ നേരെ പോയത് സ്‌കൂളിലേക്കായിരുന്നു. ഹെഡ്മാസ്റ്റർ പവിത്രൻ മാഷ് ഓഫീസിലുണ്ടായിരുന്നു. അയാളുടെ വേഷവിധാനങ്ങൾ കണ്ട്, മാഷും അന്ധാളിച്ചു. കഥയെന്താണെന്നറിയാതെ നിൽക്കുന്ന മാഷിനോട് അയാൾ ചോദിച്ചു. 


"മാഷെ... ൻറെ ചെക്കനെ ഇസ്‌കൂളിൽ ചേർക്കാൻ... ഇങ്ങളിന്നോട് കൊറേ പർഞ്ഞതാണ്.  ഞാങ്കേട്ടില്ല. ഓനെ ഇഞ്ഞിവടെ ചേർക്കാമ്പറ്റ്യോ?"


മാഷ് വിശ്വാസം വരാത്ത പോലെ അയാളെ നോക്കി. മാഷിൻറെ ചുണ്ടിൽ പുലരിയെക്കാൾ സുന്ദരമായൊരു പുഞ്ചിരി വിടർന്നു. അതിലുണ്ടായിരുന്നു എല്ലാം. സന്തോഷത്തോടെ തിരികെ മടങ്ങുന്ന അയാളെയും നോക്കി, മാഷ് ആ സ്‌കൂൾ വരാന്തയിൽ നിന്നു.              


തിരികെ ആശുപത്രിയിലേക്ക് മടങ്ങിയെത്തിയപ്പോൾ, അയാളുടെ കയ്യിൽ കുറെ ഓറഞ്ചും, ആപ്പിളും മുന്തിരിയുമൊക്കെ ഉണ്ടായിരുന്നു. അന്നാദ്യമായി അയാളെ കണ്ടപ്പോൾ അവൻറെ കണ്ണുകളിൽ ഭയത്തിനു പകരം സന്തോഷം സ്ഫുരിച്ചു.


അയാളൊരു ഓറഞ്ചെടുത്തു. തൊലി പൊളിച്ചു. പിന്നെ ഓരോ അല്ലികളായി അടർത്തിയെടുത്ത് അവൻറെ ചുണ്ടിലേക്ക് വച്ചുകൊടുത്തു. അമ്മക്കിളി തൻറെ കൊക്കില്‍ കൊണ്ടു വരുന്ന തീറ്റ, ചിറകു മുളക്കാത്ത കുഞ്ഞുങ്ങള്‍ ആര്‍ത്തിയോടെ പകര്‍ന്ന്‌ വാങ്ങുന്നത്‌ പോലെ, അവന്‍ അയാളുടെ കയ്യില്‍ നിന്നും ആ അല്ലികൾ സ്വന്തം വായിലേക്ക്‌ വാങ്ങി. ഇടയിലെപ്പോഴോ, അവൻറെ കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍, കവിളിലേക്ക് ഒലിച്ചിറങ്ങി!


ആശുപത്രിയുടെ ജനാലയ്ക്കൽ വന്നിരുന്ന് കുറുകുന്നൊരു പ്രാവിനെ കാണിച്ച്‌ കൊടുത്ത്‌, കരയുന്ന തൻറെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന ഒരമ്മയെ അതിനിടയിലും, അവന്‍ കൊതിയോടെ നോക്കുന്നുണ്ടായിരുന്നു. ആത്മാവിലിഴുകിച്ചേര്‍ന്നൊരു കൊതിയോടെ!


ശുഭം

1 comment:

  1. മറ്റുള്ള അമ്മമാർ കുഞ്ഞിനെ താലോലിക്കുന്നത് കാണുമ്പോഴാണല്ലൊ സ്വന്തം മാതാവിൽ നിന്നും ആയതൊന്നും കിട്ടാത്തതിന്റെ വിഷമം മനസ്സിലാകുക

    ReplyDelete