Monday, January 10, 2022

ആദ്യമായ് കാണുമ്പോൾ!




കാത്തിരുന്ന് കാത്തിരുന്ന് 

കണ്ണ് കഴച്ചൊരെൻ പെണ്ണെ,  

തമ്മിലാദ്യം കാണുമ്പോൾ 

നീയെനിക്കെന്ത് നൽകും?


പ്രണയം നുരയ്ക്കുന്ന മുന്തിരിച്ചാറോ?

കാൽച്ചിലമ്പുകൾ പാടുന്ന നൃത്തമോ? 

കളനാദഭംഗിയിൽ കോർത്ത നിൻറെ, 

തീവ്രാനുരാഗത്തിന്നുജ്ജ്വല ഗാനമോ?


കാണുമ്പോളെൻ കാതിൽ ചൊല്ലുവാൻ 

ആരും കാണാതൊളിപ്പിച്ച കവിതയോ?

അനുപമമാമനുരാഗത്തിൻറെ കഥകളോ?

നിൻറെ തീവ്രപ്രണയച്ചെരാതിന്നാളമോ?


ഗഗനകന്യയുടെ പാൽകുടം തുളുമ്പി 

പാരിലാകെ നറുപാല്നിലാവൊഴുകവേ, 

എൻറെ മോഹച്ചെമ്പകം പൂക്കവേ 

ആദ്യമായ് നമ്മൾ കാണുന്ന നാൾ വരും!


വിരഹാഗ്നിയിലേറെ നാളായ് 

ചുട്ടുപഴുത്തൊരെൻ ഹൃദയമന്ന്, 

ഒരു ചുംബനത്താൽ തണുക്കില്ല! 

ഒരായിരമുമ്മകൾ കരുതുക നീ!  


ശുഭം 

അബൂതി 

No comments:

Post a Comment