Saturday, February 26, 2022

വിരക്തൻറെ കവിത!




എഴുത്ത് വറ്റിത്തീർന്ന മനസ്സിപ്പോൾ, 
സ്മൃതിദലങ്ങളിൽ വീണുറങ്ങുന്നു.
വിണ്ടുകീറിയ വിരല്തുമ്പിലിപ്പോൾ 
അക്ഷരമുത്തുകളുതിരാറില്ല തന്നെ.

ഭാവനയുടെ കൊടിത്തോരണങ്ങൾ  
അന്യമായിക്കഴിഞ്ഞതിൽ പിന്നെയീ  
എഴുത്തിൻറെ മന്ത്രികപ്പുരയ്ക്കു-
മന്യനായ് മാറുന്നുവീ ചെറുതൂലിക!  

വിരക്തിയുടെ മടുപ്പുളവാക്കുന്ന
കഷായക്കയ്പ്പിൽ മുനയൊടിഞ്ഞിട്ടു-
മെന്തിനെന്നറിയാതെ വെറുതെ 
കോറിടുന്നുണ്ടത് നെഞ്ചിലെ വരികൾ! 

ഖിന്നഹൃദയത്തിനാഴത്തിലെങ്ങോ 
പണ്ടേപിറന്നൊരു പവിഴമല്ലോ നീ.
ഗഗനാംഗനയുടെ ചാരുഹാസമെന്ന
പോലിനി നീയുള്ളിലലരൂ കവിതേ!

ഇന്നലകലെയിന്നിൻ്റെ കണ്ണിലൂടെ 
കണ്ടുകൊണ്ടങ്ങിരിക്കുന്ന നേരം 
കാണുന്നതെല്ലാം കല്പിതമല്ലാത്ത 
കദനം നിറഞ്ഞ കഥകൾ മാത്രം!

മനസ്സിനത്രമേൽ നോവുമോർമ്മകൾ 
മായ്ക്കാനൊരിത്തിരി മഷിത്തണ്ട് 
തേടുന്നു, വൃഥാശ്രമമെന്നറിഞ്ഞിട്ടും 
നിത്യവുമെന്നോണമീ ജീവയാനാമിൽ!

പ്രാണൻ വെടിഞ്ഞേറെക്കഴിഞ്ഞിട്ടു-
മിനിയും സുഗന്ധം പരത്തുന്നു, ഉള്ളി-
ലെത്രയോ കിനാവുകൾ മുറ്റത്ത് വീണു-
ണങ്ങിയ,യിലഞ്ഞിപ്പൂക്കളെന്ന പോൽ!   

മഷിതീർന്നുപോയെന്നറിഞ്ഞാലും  
പിന്നെയും  മോഹമുന കൂർപ്പിച്ച്    
കോറിടുന്നുണ്ടെത്രയോ ശുഭപ്രതീക്ഷ 
തൻ ചിത്രങ്ങളിടനെഞ്ചിനുളിൽ!

ഒട്ടും മടുക്കാതെ പിന്നെയും പിന്നെയു-
മെത്ര ചിത്രങ്ങൾ വരച്ചുമാഴ്ച്ചു മന-
മെന്നിട്ടും നവമോഹശിശുവിനെ 
തേനും വയമ്പുമൂട്ടുന്നത് മാന്ത്രികം!

പുണ്യം പുഞ്ചിരിച്ചൊരോർമ്മയുടെ 
നെറുകയിൽ കൈവെച്ച ജീവിതമേ,
നിൻറെ സ്നിഗ്ദ്ധപ്രവാഹതീരങ്ങളിൽ 
പുഞ്ചിരിക്കയാണീ കിനാ പൂവുകൾ! 

നിലാക്ഷീരധാരയിൽ നീരാടിടും 
രജനീസുമങ്ങളെത്തേടിയണയും  
രാശലഭങ്ങളുടെ മൃദുചുംബനത്താ-
ലൊരിന്ദീവരം വിടർന്നുല്ലസിക്കും!

അന്നോളമീയേകാന്തയാത്രയിൽ 
നിഴലറ്റ മരുഭൂമരങ്ങൾക്ക് ചോട്ടിലി-
ത്തിരി വിശ്രമിച്ചും പിന്നെ നടന്നും 
തുടരുവാനുള്ളതാണീ ജീവയാനം!

അബൂതി  

2 comments: