Friday, July 22, 2022

അശീർഷക


  


വീണ്ടും വീണ്ടുമെഴുതിനോക്കിയിട്ടും 

പൂർത്തിയാക്കാനാവാത്ത രചനയിലെ  

അനാമികകഥാപാത്രങ്ങൾക്കിടയിൽ 

ഞാനെന്നയെഴുത്താണി പിടയുന്നു.


വെട്ടിയും തിരുത്തിയും മുനകൂർപ്പിക്കുന്നത്

സ്വന്തം വിരലുകളാണെന്നറിയുമ്പൊഴും;

ഇവിടെയൊരു പുഞ്ചിരിയുടെ ശരറാന്തലുണ്ട്.

കണ്ണുനീരുപ്പിൽ നീറുന്നൊരു ഹൃദയവും.


പാരിജാതത്തിൻ പരിമളം വീശുമെങ്കിലും 

ഏകാന്തമായൊരെൻ രാവുകളിളെല്ലാം 

പ്രിയമുള്ളൊരു സ്വപ്നത്തിൻറെ ഹിമകണം 

നീറും നെഞ്ചിൽ കുളിരായിക്കനക്കാറുണ്ട്.


ഗ്രാമവീഥിയും കാവും പുഴയും താണ്ടിയെത്തും 

ഇളംകാറ്റും ഗാഢമൗനത്തിലൊളിക്കുന്നു 

എൻറെ മുറ്റത്തണയുമ്പോളിത്തിരി നാണം 

നടിച്ചെൻ ജാലകവിരിയുലക്കാതെ പോകുന്നു.


രാക്കിനാക്കളന്യമായ നിദ്രയുടെ വിരസതയിൽ 

ഞാനെൻറെ രജനികൾ നീന്തിക്കടക്കുന്നു.

ചിന്തകളുടെ ലാവകളുരുകിയൊലിക്കുന്ന 

മനസ്സിൽ മൃദുഗാനങ്ങളും വിലാപങ്ങളാവുന്നു.


ഇനിയുമെൻറെ ശീർഷകമില്ലാത്ത രചനകൾ

അനാഥമായൊരു പുസ്തകത്താളിൽ ജനിക്കാം.

മാനം കാണാത്ത മയിൽ പീലികളായ് മാറി 

അവയെൻറെ പുസ്തകത്താളിലുറങ്ങാം! നിത്യം.


ഒരു വിരഹഗാനത്തിൻ ശോകഭാവത്തിൻ

മുഖച്ചുട്ടി ചാർത്തിയെത്തിയ ഭാവഗായകൻ 

ഹർഷവർഷിയാം രാഗം മൂളിയിട്ടുമെൻ 

മുറ്റത്തണയാതെ പിരിയുന്നുവോ വസന്തം!

  

ഒരു നീർച്ചുഴിയിൽ വീണ വട്ടയില പോൽ 

ഇവിടെയെൻ രചനകൾ തുടങ്ങുന്നു! ഒടുങ്ങുന്നു.

എഴുത്തുപുരയിലെ മച്ചിലെ പ്രാവുകൾ 

കുറുകാൻ മറന്ന് മൃതം പോൽ മൗനമണിയുന്നു.


ശുഭം 

No comments:

Post a Comment