Thursday, August 11, 2022

അദൃശ്യ കണ്ണികൾ



ചെകുത്താൻറെ കരിമ്പടം പോലെ കറുത്ത രാത്രി. വാശിയോടെ തിമിർത്തു പെയ്യുന്ന വാനം. ആകാശമേലാപ്പിൽ നിന്നും വീഴുന്ന തീനാഗങ്ങൾ ഭൂമിയുടെ കണ്ണുകൾ റാഞ്ചിയെടുക്കുന്നു. അകമ്പടിയായി ഹൃദയം പിടിച്ചു കുലുക്കുന്ന ഘനരുദ്രഘോഷവും.


ഈ രാത്രിയെ ഞാനിഷ്ടപ്പെടുന്നു. ഇഷ്ടപ്പെടാതിരിക്കാനാവില്ലല്ലോ? ഇതെൻറെ അവസാനത്തെ രാത്രിയല്ലെയോ!


മുന്നിലെ കണ്ണാടിയിലേക്ക്  സൂക്ഷിച്ചു നോക്കി. കടലാസു പോലെ വിളറിയ മുഖം. പ്രകാശമില്ലാത്ത ചുവന്ന കണ്ണുകൾ. ഒതുക്കാത്ത അലങ്കോലമായ താടിയും മീശയും മുടിയും. എങ്ങിനെ നോക്കിയാലും ഒരു ഡോക്ടർക്ക് ചേർന്നതല്ല. ഒരു മനുഷ്യനേ ചേർന്നതല്ല. ആത്മനിന്ദ തോന്നുന്നവൻറെ കണ്ണാടികൾ  ഉടയാൻ വിധിക്കപ്പെട്ടത് തന്നെ.


കണ്ണാടിയുടെ നിലവിളിക്ക് ഭൂമിയെ കുലുക്കിക്കൊണ്ടൊരിടി നാദം കൂട്ടായി. പറവകൾ തങ്ങളുടെ ചിറകിന്നുള്ളിലേക്ക് ഒന്നുകൂടി ഒതുങ്ങിപ്പോയിരിക്കും. തീർച്ച!


മനസ്സ് കനൽകൂനയിൽ വീണൊരു ഉരഗമായി പിടയുകയാണ്. ഭൂമിയിലെ ഒരു ലഹരിപദാർത്ഥത്തിനും എൻറെ ബോധത്തെ നശിപ്പിക്കാനായില്ലല്ലോ. ഒരു വേട്ടനായയെ പോലെ സദാ പിന്തുടർന്ന്, മനസ്സിനെ കടിച്ചുകുടയുന്ന ആ കണ്ണുകൾ. ആ നോട്ടം സഹിക്കാനാവാതായിട്ട് എത്രയോ ദിനങ്ങളായി. എത്രയോ ദിനങ്ങൾ.


ഇനി വയ്യ. എല്ലാറ്റിനും ഒരവസാനം വേണം. ഒരു ഫുൾസ്റ്റോപ്. ഞാനെന്ന ദുഷിച്ച ആത്മാവിനെ, ഈ ഉടലിൻറെ തടവറയിൽ നിന്നും തുറന്നു വിടേണ്ടതുണ്ട്.  ഇന്നാണ് അതിനേറ്റവും പറ്റിയ ദിവസം. കാരണം, ഇന്നാണ് എൻറെ ജന്മദിനം.  ജന്മം തന്നെ വലിയൊരു കള്ളമായവൻറെ ജന്മദിനം. കഷ്ടം! എൻറെ മരണമെങ്കിലും സത്യമായിരിക്കട്ടെ!!  


ചരട് പൊട്ടിയ പട്ടം പോലൊരു ജീവിതം. ആരെന്ന് തിരിച്ചറിയാനാവുന്നതിൻറെ മുൻപേ ചത്തുപോയ  മനസ്സൊരു ശ്മശാനമാണ്. ആ ക്ഷാരഭൂമിയുടെ നിർജീവിതയിലൊരു പടുസ്വപ്നം പോലും മുളച്ചിട്ടില്ല. ബാല്യം  അന്തിയുറങ്ങിയതൊരു വീട്ടിലായിരുന്നില്ല. അതൊരു കെട്ടിടം മാത്രമായിരുന്നു. ധ്രുവങ്ങളോളം അകന്നുപോയ മൂന്ന് മനുഷ്യമനസ്സുകൾ ചുരുണ്ടു കൂടിയ വലിയ കെട്ടിടം. കനത്ത മൂടൽമഞ്ഞ് പോലെ അസുഖകരമായ എന്തോ ഒന്ന് തളം കെട്ടിയ  അകത്തളത്തിൽ, ഓർക്കാനിഷ്ടമുള്ള ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ല. അവിടെ നിന്നാണ് യാത്ര തുടങ്ങിയത്.


നഗരപ്രാന്തത്തിലെ ആ മണിമാളികയിൽ ധനാഢ്യനായ മനുഷ്യൻറെ മകനായി പിച്ചവച്ചുതുടങ്ങിയ ജീവിതം. ഓർമ്മയിൽ ദൂരെയെങ്ങോ മങ്ങിക്കത്തുന്നൊരു നക്ഷത്രമായി, ആ വാത്സല്യമുള്ള പുഞ്ചിരിയുണ്ട്. വിളിയുണ്ട്. മധുരമുള്ള ഓർമ്മയുടെ ചിതറിയ ഏതാനും പൊട്ടും പൊടിയും മാത്രമാണെങ്കിലും.


തിരിച്ചറിവ് എത്തിനോക്കിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ആ നശിച്ച ദിനം ഇന്നുമോർമ്മയുണ്ട്.   ആ ശപിക്കപ്പെട്ട ദിവസം, അവരുടെ തർക്ക വിതർക്കങ്ങൾക്ക് ഞാനൊരു മൂകസാക്ഷിയായിരുന്നു. നിൻറെ ഇഷ്ടം പോലെ ജീവിക്കുമ്പോൾ, ഭർത്താവായ എന്നെക്കുറിച്ചോർക്കണ്ട, നമ്മുടെ മകനെക്കുറിച്ചോർക്കണ്ടെ എന്നൊരു ചോദ്യത്തിനുത്തരം, നമ്മുടെ മോനോ, അത്രത്തോളമെത്തിക്കാനായിട്ടുണ്ടോ നിങ്ങൾക്കെന്നെങ്കിലുമെന്ന പരിഹാസം നിറഞ്ഞ മറുചോദ്യമായിരുന്നു.    

 

ആ മനസ്സ് തകർന്നു പോയിട്ടുണ്ടാവുമെന്നറിയാൻ, പിന്നെയുമൊരുപാട് വളരേണ്ടി വന്നു. ആത്മാഭിമാനത്തിന് മുറിവേറ്റതുകൊണ്ടായിരിക്കാം, ഉപ്പിട്ട പാത്രം പോലെ ആ ജീവിതം നുരുമ്പിപ്പോയത്.  പതുക്കെപ്പതുക്കെ അദ്ദേഹം സ്വയമൊരു തടവറയിലൊതുങ്ങി. അവിടത്തെ മൗനത്തിലൊരു താളം കണ്ടെത്തി. ആ താളത്തിന് പാട്ടുകൾ കൊണ്ടൊരു കാപ്പ് ചാർത്തി. വെളിച്ചത്തെ ഭയന്നപ്പോൾ ഇരുട്ടിനെ സ്നേഹിച്ചു. തന്നെയാരും കാണാത്ത, താനാരെയും കാണാത്തയിരുട്ടിൽ ഒളിച്ചു. ഉറക്കമില്ലാത്ത രാവുകളിൽ, ഗാനങ്ങൾ രണ്ടരുവികളുടെ കൂടെയൊഴുകി. നെടുവീർപ്പിൻറെ ചുടുകാറ്റുകൾക്കൊന്നും ആ നെഞ്ചിലെ ജീവനെ കരിച്ചുകളയാനായില്ല. എന്നിട്ടുമൊരിക്കൽ, ഇരുട്ടിനേയും മടുത്തപ്പോൾ, പാട്ടുകളെല്ലാം തീർന്നപ്പോൾ, കണ്ണുകൾ വറ്റിവരണ്ടപ്പോൾ, തണുത്ത കയത്തിലേക്കദ്ദേഹം ആണ്ടുപോയി.  ആ മൗനം മാത്രം ബാക്കിയായി!


മാതൃത്വമെന്നത് എനിക്കൊരു ഉത്കൃഷ്ട  നക്ഷത്ര ജ്യോതിയായിരുന്നില്ല. ഒരു  യവനദേവതയുടെ ശുഭ്രശിലാശില്പം പോലെ സുന്ദരിയായിരുന്നു അവർ. സർവ്വാംഗം അഴകിൻറെ പൊൻതൂവൽ ചൂടിയ അവരുടെ ജീവിതം, പക്ഷെ  സുന്ദരമായിരുന്നില്ല. ജനിതകഘടനയിലെവിടെയോ താളം തെറ്റിയ വികാരാഗ്നിയിൽ എരിഞ്ഞടങ്ങിയതാണത്. ഈയലുകളെ പോലെ അവരെത്തേടിയെത്തിയ അഭികന്മാരിലൊരാളെക്കൊണ്ടും ശമിപ്പിക്കിനാവാതെ ആ കാമം  തിളച്ചുതൂവി. ഒരു നിംഫോമാനിയാക്കിൻറെ ജീവിതം മലവെള്ളപ്പാച്ചിൽ പോലെയാണ്. പരിസരങ്ങൾ മുഴുവൻ നശിപ്പിച്ചുകൊണ്ടല്ലാതെ അതിന് മുന്നോട്ട് പോകാനാവില്ല.  


എനിക്കത് മനസ്സിലാക്കാൻ, അവരോടുള്ള വെറുപ്പും ചുമന്നൊരുപാട്  വർഷങ്ങൾ സഞ്ചരിക്കേണ്ടി വന്നു. അതോ, അതേ ജീനുകൾ എന്നിലും ആളിക്കത്താൻ തുടങ്ങും വരെയോ? അറിയില്ല. വളർച്ചയുടെ ഒരു ഘട്ടം മുതൽ അവരോടെനിക്ക് വെറുപ്പായിരുന്നു. അടങ്ങാത്ത വെറുപ്പ്. പിന്നെപ്പിന്നെ അതൊരു മരവിപ്പായിമാറി. ഒരു ഡോക്ടറാകുമ്പോൾ എനിക്കവരുടെ രോഗാവസ്ഥയെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു. അതിനും മുൻപേ അതേ രോഗത്തിൻറെ നഖങ്ങൾ എൻറെ മജ്ജയിലും മാംസത്തിലും നഖമുനകളാഴ്ത്തിയിരുന്നു.  ഒരു നിംഫോമാനിയാക്കിൻറെ മകൻറെ പരിണാമദശയുടെ അവസാനം സാറ്റിറോമാനിയ അല്ലാതൊന്നുമായിരുന്നില്ല.


അതിവികാരത്തിൻറെ ഉഷ്ണക്കാറ്റിൽ ജീവിതത്തിൻറെ ഗതിഭേദം അങ്ങേയറ്റം പ്രക്ഷുബ്ധമായിരുന്നു. അണയുവാനൊരു തീരമില്ലാതെ അലഞ്ഞുതിരിഞ്ഞൊരു പുരാതന പായ്ക്കപ്പലായി, ഞാനെന്ന രോഗി പെണ്ണുടലുകളിൽ നിന്ന് പെണ്ണുടലുകളിലേക്ക് നീന്തി. ബാല്യത്തിലെപ്പോഴോ ഹൃദയത്തിൽ ചാപ്പ കുത്തിയ വെറുപ്പിൽ പൊതിഞ്ഞ മനസ്സിലേക്ക് കടക്കാനാവാതെ, ക്ഷണഭംഗുരമായ അനുഭവങ്ങൾ നൽകിക്കടന്നുപോയവരാരും, ഓർമ്മയ്ക്കൊരു തുള്ളി നീർക്കണം പോലും നൽകിയില്ല. എനികതാവശ്യവുമില്ലായിരുന്നു.  


എന്നാൽ, എല്ലാം മാറിമറിഞ്ഞൊരു ദിവസം വന്നെത്തി. ആഴത്തിൽ മുറിവേറ്റ തൻറെ മകനെയും നെഞ്ചോട് ചേർത്ത് വേപഥു നിറഞ്ഞ മുഖവുമായി ആ അമ്മ, ആശുപത്രിക്കവാടം കടന്നു വന്നത് അന്നാണ്.  വിഷാദമേഘങ്ങളുരുണ്ടുകൂടി, ആധിയുടെ കയങ്ങളായ കണ്ണുകളോടെ ആ സ്ത്രീയെന്നെ നോക്കിയപ്പോൾ പോലും, ഒരു ഹീനമൃഗമെന്നിൽ ചുരമാന്തി. എൻറെ കണ്ണുകൾ മേഘങ്ങളിൽ പാതിയൊളിച്ച മുഴുതിങ്കൾ പോലുള്ള ആ മുഖത്തായിരുന്നു. എന്നിലൊരു അഗ്നിപർവ്വതം എത്ര പെട്ടെന്നാണ് സജീവമായത്!


സമയം വല്ലാതെ ഞെരുങ്ങിയതായിരുന്നു. അടിയന്തിരമായി ഓപ്പറേഷൻ ചെയ്യേണ്ടതുണ്ട്. അനസ്തേഷ്യയുടെ ഡോക്ടർ എത്തേണ്ടതുണ്ട്. അദ്ദേഹത്തെ കാത്തിരിക്കുന്ന രണ്ടു മണിക്കൂറിൽ താഴെയുള്ള സമയം, നരകവാതിൽ തുറന്ന ആ സമയത്താണ് എൻറെ പ്രൈവറ്റ് റൂമിലേക്ക് കൂപ്പുകൈയോടെ, നിറഞ്ഞ കണ്ണുകളോടെ അവർ വന്നത്. അവർ വരുമെന്നെനിക്കറിയാമായിരുന്നു. വരുത്താനുള്ള സൃഗാലകൗശലം ഞാനൊരുക്കിയിരുന്നു.


സ്വന്തം മകൻറെ ജീവൻ യാചിക്കാൻ വന്ന അവരെ, ഞാനൊരു ഡോക്ടറിൻറെ കണ്ണ് കൊണ്ടല്ല കണ്ടത്. പകരം വിശന്നു വലഞ്ഞൊരു വേട്ടനായയുടെ കണ്ണുകളോടെയാണ്. എതിർക്കാനൊന്നും അവർ നിന്നില്ല. അവർക്ക് അതിനാവുമായിരുന്നില്ല. പിശാച് പോലും ലജ്ജിച്ചിട്ടുണ്ടാവണം. വഴിമാറി നടന്നിട്ടുണ്ടാവണം!


ഞാൻ പഠിച്ചൊരു വിദ്യയ്ക്കും ആ കുഞ്ഞിനെ രക്ഷിക്കാനായില്ല. ഓപ്പറേഷൻ തീയേറ്ററിൻറെ പുറത്ത് അവരുടെ കരച്ചിലൊരു ശൂലം പോലെ എൻറെ നെഞ്ചിലേക്കാഴ്ന്നിറങ്ങി. വേഗം മുഖം തിരിച്ച് നടന്നു. എനിക്കവരെ അഭിമുഖീകരിക്കാനാവില്ലായിരുന്നു. ആദ്യമായി ഉള്ളിലെവിടെയോ എനിക്കൊരു മുറിവ് പറ്റി. ആഴത്തിലുള്ള, അതികഠിനമായി വേദനിപ്പിക്കുന്നൊരു മുറിവ്. അപ്പോൾ മാത്രമാണ് ഞാൻ, എനിക്കും ഒരു മനസ്സുണ്ടെന്ന് തിരിച്ചറിഞ്ഞത്.


ആശുപത്രിക്കെട്ടിടത്തിൻറെ മുകളിൽ നിന്നാരോ ചാടിമരിച്ചെന്ന് കേട്ടോടിക്കൂടിയവരിൽ ഒരാൾ മാത്രമായിരുന്നു ഞാൻ. എന്നിട്ടും തുറന്നു പിടിച്ച, രക്തച്ഛവിയുള്ള ആ കണ്ണുകൾ എന്നെ മാത്രമായിരുന്നു നോക്കിയത്. കണ്ണുകളിലൂടെ ആത്മാവിൻറെ ആഴങ്ങളിലേക്ക്, തീ പോലെ ആ നോട്ടം ഇറങ്ങിച്ചെന്നു. അന്ന് തൊട്ടിന്നോളം ആ കണ്ണുകളെന്നെ വേട്ടയാടുകയാണ്. അതിക്രൂരമായി.  

 

പിന്നീടൊരിക്കലുമെന്നെ ഒരു പെണ്ണുടലും പ്രലോഭിപ്പിച്ചില്ല. ആ മിഴികളല്ലാതെ മറ്റൊരു ഭൂതകാലവും ഞാനോർത്തില്ല. ചുറ്റിലും മലപോലെ കൂട്ടിയിട്ട ഉമിത്തീയിൽ, ആ കണ്ണുകളുടെ തീയിൽ, എൻറെ അകവും പുറവും വെന്തുരുകുകയാണ്. ഇനി വയ്യ. ഇനിയെനിക്കിത് താങ്ങുവാനാവില്ല.


ഞാൻ സിറിഞ്ചെടുത്ത് മരുന്ന് ശേഖരിച്ചു. ജീവൻ രക്ഷാ മരുന്നാണ്. ഓവർഡോസ്. ഇനി മരണത്തിൻറെ തൊട്ടിലിൽ ഉണരാത്ത ഉറക്കം. ഇവിടെ ഞാനെന്ന കറുത്ത കഥ അവസാനിക്കട്ടെ.


എത്ര മരണങ്ങൾ കണ്ടു. എത്ര ജീവനുകളെ മരണത്തിൻറെ തൂക്കുപാലത്തിൽ നിന്നും രക്ഷിച്ചു. എല്ലാം കഴിയുന്നു. എല്ലാം.


എല്ലാം ഇവിടെ തീരട്ടെ. എല്ലാ അഗ്നിയും ഇവിടെ കെട്ടടങ്ങട്ടെ. എല്ലാ പകയും വെറുപ്പും ആത്മനിന്ദയും ഇവിടെ ശാന്തമാവട്ടെ. എല്ലാ ദാഹവും ഇവിടെ ശമിക്കട്ടെ.


പ്രാണൻ തന്ന പിതാവോ, രക്തം തന്ന മാതാവോ, ശ്വാസം നിലനിർത്തിയ ഞാനോ, ആരാണീ കെട്ട ജീവിതത്തിന് ഉത്തരവാദി? ആ ചോദ്യത്തിനുത്തരം ആര് പറയും? അറിയില്ല!


ഞരമ്പിലേക്ക് നീഡിൽ തുളച്ചുതുടങ്ങിയപ്പോഴാണ് കാളിംഗ് ബെല്ലിൻറെ ചിലക്കൽ കേട്ടത്. ഏതാനും നിമിഷങ്ങൾ സ്തബ്ധനായി നിന്നു. ആരാണീ സമയത്ത്. ഇത്രയും മര്യാദയില്ലാതെ തനിക്കും മരണത്തിനുമിടയിൽ വന്ന അതിഥി? എൻറെ അവസാനത്തെ അതിഥി?


വാതിൽക്കൽ അക്ഷമയോടെ കാത്തുനിന്നത് ആശുപത്രിയിലെ ഒരു ജീവനക്കാരാനായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ, ഒരു കുഞ്ഞിനെ കൊണ്ടു  വന്നിട്ടുണ്ട്.  മൊബൈൽ ഫോണിൽ വിളിച്ചിട്ട് അത് സ്വിച്ച് ഓഫ് ആയ കാരണം ഓടിവന്നതാണവൻ. ഒരു ജീവൻ കൂടി രക്ഷിക്കാനുള്ള വിളിയാണ്. ഒരു ജീവൻ കൂടി രക്ഷിക്കാൻ, മരണം അവധി ചോദിച്ചിരിക്കുന്നു.


അവസാനത്തെ അതിഥിയല്ലേ? എങ്ങിനെ വെറും കയ്യോടെ മടക്കിയയക്കും? ഉടഞ്ഞ കണ്ണാടിച്ചില്ലുകൾക്കിടയിൽ, മേശപ്പുറത്തെ സിറിഞ്ചിലിലേക്ക് ഞാനൊന്ന് കൂടി നോക്കി. ഏതാനും മണിക്കൂറുകൾ കൂടി ജീവിച്ചേ തീരൂ എന്ന് ദൈവം വാശിപിടിക്കുന്നതെന്തിനാണാവോ?


കാഷ്വാലിറ്റിയുടെ മുൻപിൽ തൊഴുകയ്യുമായി നിൽക്കുന്ന, രക്തം പുരണ്ട വസ്ത്രങ്ങൾ ധരിച്ചവളെ കണ്ടപ്പോൾ നടുങ്ങിപ്പോയി. നാലഞ്ചു വർഷങ്ങൾക്ക് മുൻപ്, പ്രാണൻ പൊടിയുന്ന വേദനയോടെ ജീവിതമെന്നൊരപേക്ഷയുമായി അവളെൻറെ മുൻപിൽ നിന്നിട്ടുണ്ട്. നിറകണ്ണുകളോടെ. തൊഴുകൈകളോടെ.


എന്നെ കണ്ടപ്പോൾ ഇപ്പോഴും ആ കണ്ണിലൊരു തിളക്കമുണ്ട്. പ്രത്യാശയുണ്ട്. അവൾ മെല്ലെ എൻറെ അടുത്തേയ്ക്ക് വന്ന് മന്ത്രിക്കും പോലെ പറഞ്ഞ കാര്യം, ഉരുക്കിയ ലോഹമായെൻറെ കാതിലേക്ക് വീണു. ഞെട്ടിപ്പകച്ച എനിക്ക്, വീഴാതിരിക്കാൻ കൈത്താങ്ങിനൊരു ചുമൽ കിട്ടിയിരുന്നെങ്കിൽ എന്നാശയുണ്ടായി. പതുക്കെപ്പതുക്കെ ഞാൻ കിടക്കയുടെ അടുത്തേയ്ക്ക് നടന്നു.


അവിടെ, ആ ആശുപത്രിക്കിടക്കയിൽ, സ്വന്തം ജീവന് വേണ്ടി മരണത്തോട് തർക്കിക്കുന്നു; എന്നിൽ നിന്നും വഴിതെറ്റിപ്പോയൊരു ബീജം!


ശുഭം

അബൂതി 

No comments:

Post a Comment