Wednesday, August 17, 2022

മുഹബ്ബത്തിൻറെ അർത്ഥം



 
മുഹബ്ബത്തിൻറെ അർത്ഥമറിയാൻ അവൾക്ക് ഞാനാദ്യം നീട്ടിയതൊരു ചുവന്ന പനിനീർ പൂവായിരുന്നു. ഹൃദയ രക്തം പോലെ ചുവന്നൊരു പനിനീർ പൂവ്!

അവൾക്കതിഷ്ടമായില്ല. അനിഷ്ടത്തോടെയുള്ള ക്രൂദ്ധനോട്ടത്തിൻറെ ദർപ്പണത്തിലെൻറെ ചുളിഞ്ഞ മുഖവും ഉന്തിയ പല്ലുകളും തെളിഞ്ഞു. കൂരമ്പു പോലുള്ള പരിഹാസത്തിൽ പൊതിഞ്ഞ പുഞ്ചിരിയേറ്റ്, തലകുനിച്ചു നിന്ന എൻറെ ഹൃദയം പിടഞ്ഞു പോയി. അവളാ പിടച്ചിലറിഞ്ഞിട്ടുണ്ടാവില്ല.  അവൾക്കതിൻറെ ആവശ്യമില്ലായിരുന്നല്ലോ?

ലോക മാന്യത്തിൻറെ കപടത്തുടിപ്പുകളറിയാത്തൊരു മാനത്തുകണ്ണി, പതിനാലാം രാവിലെയമ്പിളിയെ കൊതിച്ചൊരു പാഴ്കിനാവിൻറെ നോവിലേക്ക് സ്വയം ചുരുങ്ങിക്കൊള്ളണം എന്നൊരാജ്ഞ, ആ പുഞ്ചിരിയിൽ ദുന്ദുഭിനാദം പോലെ മുഴച്ചു നിന്നിരുന്നു. എന്നെ മോഹിക്കാൻ നിനക്കെന്ത് യോഗ്യതയെന്നൊരു ശബ്ദമില്ലാത്ത ചോദ്യം ഞണ്ടിനെ പോലെ ഹൃദയധമനികളെ ഞെരിച്ചു. നോവിൻറെ ഊട്ടുപുരയിൽ അന്ന് ഞാനൊറ്റയ്ക്ക് നിന്നു.

എന്നിട്ടുമെൻറെ പാഴ്കിനാവിൻറെ മണിയറയിൽ അവളൊരു ഹൂറിയും, ഞാനൊരു സുൽത്താനുമായി  പരുപരുത്ത തലയിണയുമായി കെട്ടിമറിഞ്ഞു. അവിടെ ഞങ്ങൾ പറയാത്ത കഥകളില്ലായിരുന്നു. പാടാത്ത പാട്ടുകളില്ലായിരുന്നു.

പേർഷ്യയിൽ നിന്നൊരു മാരൻ വന്നു. അവനെ അത്തറ് മണത്തു. ഉടുപ്പുകൾ പളപളാ തിളങ്ങി. കണ്ണുകൾ കറുത്ത ചില്ലുകൾ മറച്ചു. സംസാരത്തിൽ പൊൻപണം കിലുങ്ങി. ശരിക്കും ഹൂറിക്ക് ചേർന്നൊരു സുൽത്താൻ!

കാനോത്തിന്റന്ന്  പുതുക്കം പോകുന്ന വെളുത്ത കാർ, ഗ്രാമവീഥിയിലൂടെ പൊടി പറത്തിപ്പോയി. ഞാനെന്ന എടുക്കാത്ത നാണയം, തൻറെ  കൂരയുടെ മുറ്റത്തു നിന്ന്, രണ്ടു തുള്ളികൾ തിളയ്ക്കുന്ന കണ്ണുകളാൽ, വേലിവിടവിലൂടെ  നോക്കിനിന്നു. തെങ്ങോലത്തുമ്പുകൾ പിടിച്ചു വലിച്ചെത്തിയ മൃദുമാരുതൻ ആ കണ്ണുകൾ തുടക്കാൻ കൊതിക്കാതിരുന്നിട്ടുണ്ടാവില്ല.

അനുവാദം ചോദിക്കാതെ ഇഷ്ടപ്പെട്ടു. തിരികെയിഷ്ടമല്ലെന്നറിഞ്ഞിട്ടും നെഞ്ചകത്തൊരു പാഴ്‌മോഹത്തെ നട്ടുനനച്ചു. സ്വയം തിരിച്ചറിഞ്ഞ് മുന്നോട്ടൊഴുകാനാവാത്ത സ്വന്തത്തിനെ പഴിപറയുമ്പോഴും, ഹൃദയത്തിലേക്ക് വേരുകളാഴ്ത്തിയ പരൽമുല്ലക്കിനാവിനെ ഉള്ളിൻറെയുള്ളിൽ നിന്നും പറിച്ചെറിയാൻ ഞാനശക്തനായിരുന്നു. അത് എൻറെ മാത്രം പിഴയായിരുന്നു.

പെണ്ണുകാണലെന്ന നാടകങ്ങളിലെനിക്ക് വിദൂഷക വേഷമായിരുന്നു വ്രീളാവിവശരായി മുന്നിലെത്തിയ തരുണീമുഖങ്ങളെല്ലാം, എൻറെ മുഖകാന്തിക്ക് മുന്നിൽ അമാവാസികളായൊടുങ്ങി. സങ്കടം തോന്നിയിരുന്നില്ലെനിക്ക്. കാരണം, വന്നവരുടെ മുഖത്തൊക്കെ ഞാനെൻറെ ഖൽബിലെ ഹൂറിയുടെ ചാരുത തേടി മടുത്തു. അർഹമല്ലെന്നറിഞ്ഞിട്ടും!

കൂരിരുൾ തിങ്ങിയ വിശാലമായ മുറിയിൽ, ഇല്ലാത്ത കരിമ്പൂച്ചയെ തപ്പിത്തിരയുന്ന വിഡ്ഢിയായി ഞാനറിഞ്ഞോ അറിയാതെയോ മാറി.

അവസാനമൊരു സന്ധിയുണ്ടായി. കണ്ണടച്ചിരുട്ടാക്കിയ സമ്മതത്തിലവളെയെനിക്കും അവൾക്കെന്നെയും ബോധിച്ചു. അങ്ങിനെ പ്രിയപ്പെട്ട പരൽമുല്ലകിനാവിൻറെ കൂടെ ഹൃദയത്തിലൊരു പൂമരം കൂടി നട്ടു.

കാര്യമില്ലായിരുന്നു. കലഹത്തിൻറെ കോളാമ്പിയായത്, ഞങ്ങളിലാരുടെ മനസ്സാണെന്ന് എനിക്ക് തിരിച്ചറിയാനായില്ല. അവൾ പടിയിറങ്ങിപ്പോകുമ്പോളധികം വേദനിച്ചില്ലെങ്കിലും, പരാജിതൻറെ പതറിപ്പൊടിഞ്ഞൊരു പുഞ്ചിരിയുണ്ടായിരുന്നു ചുണ്ടിൽ. എൻറെ ഭ്രാന്തൻ ജീവിതത്തിൽ നിന്നവളെങ്കിലും രക്ഷപെടട്ടെ എന്നാശ്വസിച്ചു. പിന്നെയാരെയും തേടിയില്ല. ആരും വന്നുമില്ല. ഒറ്റയ്ക്കൊരു പുഴയായി, വരൾച്ചയുമായെത്തുന്ന വേനലും കാത്ത് കഴിഞ്ഞു.

വർഷം കനത്തൊരു പകലിൽ, ഹൂറിയുടെ കാത്തിരിപ്പിൻറെ മട്ടുപ്പാവിലേക്ക് കടൽ കടന്നെത്തിയ ദുഃഖവാർത്ത കേട്ട്, അലറിക്കരഞ്ഞവളുടെ ഉദരത്തിലൊരാനാഥൻറെ ഹൃദയത്തുടിപ്പുണ്ടായിരുന്നു. താരുണ്യം വാടിക്കരിയാത്ത  അവളുടെ ജീവിതത്തിലിങ്ങനെയൊരു ദുരന്തം എന്തുകൊണ്ടുണ്ടായെന്ന് ഞാനാലോചിക്കാതിരുന്നില്ല. എൻറെ മോഹമൊരു ദൃഷ്ടിദോഷമായി ആ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയോ എന്ന് ഞാൻ ഭയന്നു. അന്നാദ്യമായി അവളെ മറക്കാൻ മറന്ന എന്നെ ഞാൻ ശപിച്ചു.

ഭര്‍ത്ത്യഗൃഹത്തിൽ നിന്നവൾ സ്വന്തം വീട്ടിലെ അത്താഴപ്പട്ടിണി പങ്കിടാനെത്തി. വരേണ്ടി വന്നു. അത്താണി നഷ്ടപ്പെട്ട ചുമട്ടുകാരനെ പോലെയായിരുന്നു അവളുട അവസ്ഥ. മാസങ്ങൾ കഴിഞ്ഞു. പിഞ്ചു കുഞ്ഞിൻറെ കരച്ചിൽ അവളുടെ വീടകത്ത് നിറഞ്ഞു നിന്നു. യത്തീമിൻറെ മുഖം എത്രയോ കണ്ണുകളെ ഈറനണിയിച്ചു. അവൾക്കും കുഞ്ഞിനും ഇനിയാരാണൊരു തണിയെന്ന ചോദ്യം പല ഹൃദയങ്ങളും മന്ത്രിക്കാൻ തുടങ്ങി. ഒരു ദാരിദ്രപിതാവിൻറെ നെഞ്ചകം അടുപ്പത്ത് വെച്ച വെള്ളം പോലെ  തിളച്ചുമറിഞ്ഞു.

എൻറെ മനസ്സിലെ പരൽമുല്ലക്കിനാവിൽ വീണ്ടും മൊട്ടുകളങ്കുരിച്ചു.  പൗർണ്ണമിയുടെ പാൽപുഴയിൽ പരൽ മീനുകളെ പോലെ നീന്തുന്ന രാക്കിനാക്കളുടെ മണിയറയിൽ പിന്നെയും അകില് പുകഞ്ഞു. മുല്ലപ്പൂ മണത്തു. മാപ്പിളപ്പാട്ടിൻറെ ഇശലുകളൊഴുകി. അറബിക്കഥയിലെ കൗതുകങ്ങൾ വിരിഞ്ഞു. കഥയിലെ ഹൂറിയും സുൽത്താനും മുഹബത്തിൻറെ പൊരുൾ തേടിപ്പറന്നു.

മോഹം പാലൂട്ടുന്ന മൃഗത്തിൻറെ പേരാണ് സ്വാർത്ഥത. പമ്മിപ്പതുങ്ങിയിരുന്ന് അവസരം കിട്ടുമ്പോൾ കടന്നാക്രമിക്കുന്ന മൃഗം.  അവളെയും കുഞ്ഞിനേയും ഞാൻ പോറ്റിക്കൊള്ളാമെന്ന എൻറെ വാക്കുകൾക്ക് മുൻപിൽ, സമ്മതത്തിൻറെ കനപ്പുള്ളൊരു മൂളലോടെ അവളുടെ ബാപ്പ നിന്നു. ജോലി ചെയ്ത് മകളെയും യത്തീമായ അവളുടെ കുഞ്ഞിനേയും പോറ്റാനുള്ള എൻറെ കായബലത്തിലേക്കായിരുന്നു അയാളുടെ നോട്ടം. അവൾ പണ്ടേ തിരസ്കരിച്ച ഉടലിഴകിൻറെ കമ്മിയിലേക്ക് ആ വൃദ്ധ നേത്രങ്ങൾ ഒട്ടും വന്നു വീണില്ല.

അവളുടെ സമ്മതമാരെങ്കിലും ചോദിച്ചിരുന്നോ? അറിയില്ല. അല്ലെങ്കിലും പെൺജീവിതങ്ങളെ അവർക്കിഷ്ടമില്ലാത്ത ഭൂമികയിലൂടെ വഴിതിരിച്ചുവിടുന്നത് അവളിലൂടെ ആദ്യത്തെയായിരുന്നില്ലല്ലോ? അവസാനത്തേതും. എന്നിലെ സ്വാർത്ഥതയ്ക്ക് ആ സമ്മതത്തിന് കാതോർക്കാനുള്ള ക്ഷമയുമില്ലായിരുന്നു. കാറ്റേറ്റ് വീണ മാമ്പഴം, ആദ്യമോടിച്ചെന്ന് സ്വന്തമാക്കാൻ വെമ്പിയ ഗ്രാമബാലകൻറെ മനോവ്യാപ്തിയെ എനിക്കപ്പോഴുള്ളൂ. എന്നിലെ സ്വാർത്ഥതയ്ക്ക് അത്രമാത്രമേ ഉണ്ടാവേണ്ടതുള്ളൂ.

ഒരാളെ സ്വന്തമാക്കുക എന്ന് വെച്ചാൽ ആ മനസ്സാണ് സ്വന്തമാക്കേണ്ടതെന്ന് എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. വേരുകൾക്ക് മുറിവേറ്റവളുടെ ജീവിതത്തിന് പുതുവേരുകൾ മുളയ്ക്കാൻ ഏറെ സമയമാവശ്യമുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ കാത്തിരിക്കാൻ തയ്യാറായി. ഒരു പഞ്ചവർണ്ണപ്പൈങ്കിളിയെ കൂട്ടിലടച്ച് പതം പറയാൻ പഠിപ്പിക്കുന്നൊരു ശിശുവിൻറെ മനസ്സോടെ ഞാൻ കാത്തിരുന്നു.

പക്ഷെ, ദിനരാത്രങ്ങളുടെ പ്രയാണങ്ങളിൽ, അളന്നു മുറിച്ച വാക്കുകൾക്കും, കടമകളുടെ പുരാതന കല്പനകൾക്കും മാത്രം സാക്ഷിയായ ജീവിതം വരണ്ടുണങ്ങുകയായിരുന്നു. തൻറെ മനസ്സ് എനിക്ക് കണ്ടെത്താനാവാത്തൊരു നിഗൂഢസ്ഥാനത്തവൾ ഒളിപ്പിച്ചു. എന്നിട്ടും അവൾക്കോ കുഞ്ഞിനോ പ്രത്യക്ഷജീവിതത്തിനൊരു കുറവുമുണ്ടാവാതിരിക്കാൻ ഞാൻ സദാ ശ്രദ്ധാലുവായിരുന്നു. അറബിക്കഥയിലെ നിധി കാക്കുന്ന ഭൂതം പോലെ.

മുഹബ്ബത്തൊരു കച്ചവടമല്ലെന്ന് മാത്രം ഞാൻ ഇതിനകം തിരിച്ചറിഞ്ഞിരുന്നു. എനിക്കവളെ  പ്രണയിക്കാം. ഏഴു കടലും കൂടിച്ചേർന്നത്രയും വിശാലതയിലും ആഴത്തിലും പ്രണയിക്കാം. അതെൻറെ അവകാശം. അർപ്പണം. തിരിച്ചവളെന്നെ പ്രണയിക്കണമെന്ന് വാശിപിടിച്ചാൽ, അതൊരു കച്ചവടം മാത്രമാകും!

ആ കുഞ്ഞൊരു കുളിർക്കാറ്റായി ഞങ്ങൾക്കിടയിലൂടെ ഒഴുകിനടന്നു. ജോലി കഴിഞ്ഞു വരുന്ന എൻറെ കയ്യിലെ പലഹാരപ്പൊതികളും കളിപ്പാട്ടങ്ങളുമൊക്കെ അവൻറെ കണ്ണുകളെ നക്ഷത്രതുല്ല്യമാക്കി. അവളോടുള്ളതിനേക്കാൾ അടുപ്പം, അവനെന്നോട് കാണിക്കാൻ തുടങ്ങിയപ്പോൾ, ഒരു നിഷ്കളങ്കസ്നേഹത്തിൻറെ നീർച്ചാൽ എൻറെ ഹൃദയത്തിലേക്കും ഒഴുകിയെത്തി.

ഞാനവനെ മുതുകിൽ ചുമന്ന് നടന്നു. ഒരു പുരുഷൻ ഒരു കുഞ്ഞിൻറെ പിതാവാകുന്നത് ബീജദാനം കൊണ്ടല്ലെന്ന മഹാസത്യം ഞങ്ങൾക്കിടയിൽ ശതകോടി സൂര്യശോഭയോടെ  ഉദിച്ചു നിന്നു. ഇടയ്ക്കിടെ അങ്ങാടിയിലേക്ക് പോകുന്ന ഞങ്ങളെ നോക്കി, വാതിൽക്കൽ അവൾ നിൽക്കുന്നത് കാണാൻ വേണ്ടി മാത്രം ഞാൻ അറിയാത്ത ഭാവത്തിൽ തിരിഞ്ഞു നോക്കി. ആ നോട്ടത്തിൽ ഇടയ്‌ക്കിടെ ഒരു പുഞ്ചിരി പെടുന്നനെ ചത്തുപോകുന്നത് കാണാം.

പടർന്നു പിടിച്ചൊരു ജ്വരം എൻറെ സിരകളെ കാർന്നു തിന്നാൻ തുടങ്ങി. മരണത്തിൻറെ മണമുള്ള ശ്വാസം നെഞ്ചിൽ പിടഞ്ഞു. എന്നിൽ നിന്നും അതവരിലേക്ക് പകരുമോ എന്ന് ഭയന്ന ഞാൻ, വീടിൻറെ പുറത്തെ ചെറുചായ്പ്പിൽ അന്തിയുറങ്ങി. ചായ്പ്പിൻറെ വാതിൽക്കൽ വന്നെത്തിനോക്കി എൻറെ അരികിലേക്ക് വരാൻ കരയുന്ന മോനെ ബലമായവൾ പിടിച്ചുകൊണ്ട് പോകുമ്പോൾ, ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കാണാമായിരുന്നു.

രോഗം മൂർച്ഛിക്കുകയാണ്. സമയമായെന്ന് തോന്നുന്നു. രാത്രി അവൾ കഞ്ഞിയുമായെത്തി. എഴുന്നേറ്റിരിക്കാൻ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ, അരികിലേക്ക് വന്നു. ഞാനത് വിലക്കി. എന്നിട്ടും ബലമായവൾ എൻറെ കയ്യിലെ മരക്കയിൽ വാങ്ങി. അരികിൽ മുട്ടുകുത്തിയിരുന്നു. ചൂടുള്ള കഞ്ഞി കോരിത്തരുമ്പോൾ, ഒരു വിതുമ്പൽ ആ ചുണ്ടിൽ പിടയുന്നുണ്ടായിരുന്നു.

"ഇജ്ജ് ഞമ്മളെ കുട്ടീനെ എടങ്ങേറാക്കല്ലെ. അനക്കും കൂടി ദീനം വന്നാ... ഓനെ നോക്കാനാരൂണ്ടാവൂല..."

എൻറെ ശബ്ദം അങ്ങേയറ്റം ദുർബലമായിരുന്നു. വിങ്ങിനിന്ന വിതുമ്പലൊരു പൊട്ടിക്കരച്ചിലായി. കഞ്ഞിപ്പാത്രം താഴെ വച്ചവളെഴുന്നേറ്റ് പുറത്തേയ്‌ക്കോടി. എന്ത് കുറ്റം ചെയ്തെന്നറിയാതെ വിഷണ്ണനായ ഞാൻ, വെറുതെ കഞ്ഞിയിൽ കയിലിട്ടിളക്കിക്കൊണ്ടിരുന്നു.    

പക്ഷെ പുലരിയിലവൾ വന്നത് പുഞ്ചിരിയും കൊണ്ടാണ്. ഇതിനു മുമ്പെപ്പോഴെങ്കിലുമവളെന്നോട് ഇവ്വിധം പുഞ്ചിരിച്ചിട്ടുണ്ടോ? ഇല്ല!

ജ്വരം പൊള്ളിക്കുന്ന ഉടലിലും മനസ്സൊന്ന് പിടഞ്ഞു. ഒരു കുളിർക്കാറ്റ് എന്നെത്തഴുകി പോയ പോലെ!

ആ പുഞ്ചിരി പക്ഷെ അധികം നിന്നില്ല. തലേ രാത്രിയിലെ കഞ്ഞി പകുതിയിലധികം ബാക്കി കണ്ടപ്പോൾ അത് മാറി. ആദ്യമായി അവളിൽ നിന്നും സ്‌നേഹാധികാരസ്വരത്തിലുള്ള ശകാരവാക്കുകളുതിർന്നു. ആ ശകാരം മുഴുവൻ ഞാൻ കൗതുകത്തോടെ കേട്ടിരുന്നു. വാടിത്തുടങ്ങിയ ജീവസ്വപ്നത്തിന് അമൃതായി പെയ്യുകയായിരുന്നു ആ ശകാരമത്രയും.

രോഗം ഭേദമായപ്പോൾ, ഏറെ നാളുകൾക്ക് ശേഷം അങ്ങാടിയിൽ പോയി പലഹാരപ്പൊതിയുമായി വന്നപ്പോൾ, മോൻറെ കണ്ണുകൾ പിന്നെയും പ്രകാശിച്ചു. രാത്രി ഉറങ്ങുന്ന കുഞ്ഞിൻറെ അരികിലവനെയും നോക്കിയിരിക്കുന്ന എൻറെയരികിൽ, എന്നോട് ചേർന്നവളിരുന്നു. ജ്വരം കടിച്ചു കുടഞ്ഞ ക്ഷീണിച്ച ഉടലിലേക്ക് മെല്ലെ ചാഞ്ഞവൾ, ഒരു തേങ്ങലോടെ ചോദിച്ചു.

"ഇങ്ങളെന്തേ.. ഇത്രേങ്കാലായിട്ടും.. ന്നെ വെറുക്കാതിരുന്നേ...?"

ഞാനാ കണ്ണുകളിലേക്ക് നോക്കി. മുഹബ്ബത്തിൻറെ അർത്ഥം പ്രപഞ്ചത്തെക്കാൾ വിശാലമാണെന്ന് ആ കണ്ണുകളെന്നോട് പറയുന്നു!

പരൽമുല്ലകിനാവിൻറെ തളിർവള്ളിയിൽ ആയിരമായിരം പൂമൊട്ടുകൾ വിടർന്നു ചിരിക്കുന്നു!

ശുഭം

No comments:

Post a Comment