Thursday, August 25, 2022

തിരുമുറ്റത്തൊരുനാൾ




സ്കൂൾ ഗേറ്റിൻറെ മുൻപിൽ നിന്നപ്പോൾ, ഗതകാല സ്മരണകൾ തിക്കിത്തിരക്കുന്ന അവളുടെ മനസ്സിൽ, തിരിച്ചറിയാനാവാത്ത എന്തൊക്കെയോ വികാരങ്ങളുടെ വേലിയേറ്റമുണ്ടായി. ഈ സ്കൂൾ മുറ്റത്ത് എത്തിയ ആദ്യ ദിനമെന്ന പോലെ ഉള്ളിലൊരു പ്രത്യേക വികാരത്തിൻറെ ആന്ദോളനമുണ്ട്. സന്ദേഹം, സന്തോഷം, കൗതുകം ഒക്കെ കൂടിയ ഒരപൂർവ്വ വികാരം!  


സ്കൂളിൻറെ മുഖഛായ മാറിയിരിക്കുന്നു. പണ്ടത്തെ ആ പുരാതന മന്ദിരമേ അല്ല. അക്ഷരമുറ്റത്തെ പഴയ ബദാം മരം മാത്രമുണ്ട്, പഴമയുടെ അടയാളം. പുതുക്കിപ്പണിത പഴയ കെട്ടിടങ്ങളും, കൂടെ പുതിയ ബ്ലോക്കും. പണ്ടത്തെ ഹൈസ്കൂൾ ഇന്ന് ഹയർ സെക്കണ്ടറി സ്കൂളായി തലയെടുത്ത് നിൽക്കുന്നു.


ഓർമ്മകളുടെ കുളിർക്കാറ്റേറ്റ് രോമാഞ്ചമുണ്ടാവുന്നു. അതിൽ കുസൃതികളുടെ പൊട്ടിച്ചിരികളുണ്ട്. ഇണക്കങ്ങളും പിണക്കങ്ങളുമുണ്ട്. അദ്ധ്യാപകരുടെ ഉഗ്രശാസനകളുണ്ട്. പൂവാലന്മാരുടെ ചൂളം വിളികളുണ്ട്. അവരുടെ മുനവെച്ച പഞ്ചാരവാക്കുകളുണ്ട്. അത് കേൾക്കവേ കൂട്ടുകാരിയുടെ കാതിൽ അടക്കം പറഞ്ഞുള്ള അമർത്തിയ ചിരിയുടെ മണിക്കിലുക്കമുണ്ട്. അങ്ങിനെയങ്ങിനെ ഓർക്കാൻ ഒത്തിരിയൊത്തിരിയുണ്ട്.


ഈ മുറ്റത്തു നിന്നെത്രയോ സൗഹൃദങ്ങൾ കൈ കോർത്ത് കടന്നു പോയി. നിസ്സാരകാരണങ്ങളാൽ എത്രയോ പിണക്കങ്ങൾ കൈത്തട്ടി മുഖം തിരിച്ചകന്നു പോയി. എത്രയോ പ്രണയങ്ങൾ മൊട്ടിട്ടു വിടർന്നു, വാടിക്കരിഞ്ഞു. 


ജൂണിലെ കോരിച്ചൊരിയുന്ന മഴയിൽ, ശീലക്കുട ചൂടി, മുടിരണ്ടായി പിന്നിയിട്ട്, മഴയത്ത് നനയാതെ പുസ്തകങ്ങൾ മാറോട് ചേർത്ത് ആദ്യമായി ഈ സ്‌കൂളിലേക്ക് വന്ന നാട്ടിൻ പുറത്തെ, ഇടത്തരം കുടുംബത്തിലെ കൊലുന്നനെയുള്ള ഇരുനിരക്കാരി പെൺകിടാവായി മാറിയോ, ഒരു നിമിഷത്തേയ്ക്കെങ്കിലും അവൾ? മാറിയെന്നാ കണ്ണുകൾ പറയുന്നുണ്ട്!


93-94 S.S.L.C ബാച്ചിൻറെ വാട്സാപ്പ് ഗ്രൂപ്പിൽ തൻറെ നമ്പർ കൊടുത്തതാരാണെന്ന് ഇന്നും അറിയില്ല. പഠിച്ചിറങ്ങിപ്പോയിട്ടെത്രയോ വർഷങ്ങളായി. ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു. അന്നത്തെ സ്വപ്നങ്ങളിൽ പലതും, സമയപ്രവാഹത്തിൽ മുങ്ങിപ്പോയി. ജീവിതം എന്നിട്ടും ആരുടെയോ വിരൽത്തുമ്പിനാൽ നിയന്ത്രിക്കപ്പെടുന്ന പട്ടമായി പറന്നുകൊണ്ടിരിക്കുന്നു.


ഗ്രൂപ്പിലെ ചില പേരുകൾ, മുഖങ്ങൾ, ഇവയൊക്കെ അവളുടെ മനസ്സിൽ കുളിരും ഉടലിൽ രോമഹർഷങ്ങളുമുണ്ടാക്കി. ഉറ്റ കൂട്ടുകാരി കമലയുടെ മുഖമാണ് പ്രൊഫൈൽ ചിത്രങ്ങളിൽ ആദ്യം തിരഞ്ഞത്. കണ്ടെത്തിയില്ല. പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ, ഉള്ളിന്റെയുള്ളിൽ മണിചെപ്പിലടച്ചുവെച്ചിരുന്നൊരു മുഖം, താടിയും മീശയുമൊക്കെ വെച്ച്, ഒരൽപം കഷണ്ടി കയറി കണ്ണിലുടക്കി. ആ മുഖം കണ്ടല്ല തിരിച്ചറിഞ്ഞതെന്ന് സത്യം. പേര് കൊണ്ടാണ്.


സാജൻ! എത്ര രാത്രികളവനെ സ്വപ്നം കണ്ടു. എത്ര പകലുകളവനെ ദൂരെ നിന്ന് നോക്കി നിന്നു. അന്നത്തെ കൗശലം നിറഞ്ഞ കുട്ടിത്തമുള്ള മുഖത്തിന് പകരം, ഈ മുഖം ഒട്ടും ചേരുന്നില്ലല്ലോ. എന്നാലും, കണ്ണിലിപ്പോഴുമുണ്ട്, അന്നവളെ കൊതിപ്പിച്ചു കടന്നു കളഞ്ഞ അതേ കൗശലഭാവം.


തന്നെ ഒരിക്കലും അവൻ  തേടിയിരിക്കില്ലല്ലോ എന്നവളോർത്തു. വാട്ട്സ് ആപ്പിൻറെ പ്രൊഫൈൽ പിക്ച്ചർ എന്നും വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണനാണ്. അതുകൊണ്ട് ആരും പെട്ടെന്നൊന്നും തിരിച്ചറിയില്ല.തനിക്കായി തേടിയലയുന്നൊരു മനസ്സ് ആർക്കെങ്കിലുമുണ്ടാവുമോ? അറിയില്ല! 


ഇന്ന് അവരൊത്തു ചേരുകയാണ്. അതിൽ പങ്കെടുക്കാനാണ് അവളീ സ്കൂളിലെത്തിയത്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകളുണ്ട്. മുഖം കണ്ട് തിരിച്ചറിയാനാവുന്നില്ല ആരെയും. പഴയകാല നിഷ്കളങ്ക സൗഹൃദമല്ല അവളവിടെ കണ്ടത്. പകരം, ജീവിതത്തിൽ താനൊരു വലിയ സംഭവമായെന്ന് മറ്റുള്ളവരെ അറിയിക്കാൻ പങ്കപ്പെടുന്ന കാപട്യമാണ്. മെച്ചമുള്ള ജോലി, സാമ്പത്തിക നില, ഇണ, മിടുക്കരായ മക്കൾ. അങ്ങിനെയങ്ങിനെ മറ്റുള്ളവരിൽ അസൂയയുണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുന്ന ചില പൊയ്‌ക്കോലങ്ങൾ.


രണ്ടുമൂന്ന് അദ്ധ്യാപകർ മാത്രമേ വന്നിട്ടുള്ളൂ. ബാക്കിയുള്ളവരൊക്കെ വർദ്ധക്ക്യം കാരണം വരാൻ പറ്റാത്ത നിലയിലോ, അല്ലെങ്കിൽ മരിച്ചു പോയവരോ ആണ്. രണ്ടു പേര് മാത്രമേ അവളെ പഠിപ്പിച്ചവരുള്ളൂ. പറഞ്ഞപ്പോൾ അവർ അറിയാമെന്ന ഭാവത്തിൽ കുശലം ചോദിച്ചു. അവൾക്കുറപ്പായിരുന്നു. അവർക്ക് തന്നെ തിരിച്ചറിയാനായിട്ടില്ലെന്ന്. അദ്ധ്യാപകർ എപ്പോഴും ഓർത്തിരിക്കുന്നത് മിടുക്കന്മാരെയോ ഉഴപ്പന്മാരെയോ ആയിരിക്കും. ശരാശരിയായ കുട്ടികൾക്ക് ആ മനസ്സിലും ഇടം കിട്ടാറില്ല. എങ്കിലും ഇപ്പോഴും അവരുടെ കണ്ണുകളിൽ ആ പഴയ വാത്സല്ല്യമുണ്ട്.


സമയം ഇഴഞ്ഞുനീങ്ങവെ, അവൾക്ക് വല്ലാത്ത മുഷിപ്പനുഭവപ്പെട്ടു. ആ ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടവളെപ്പോലെ അവളിരുന്നു. ഒരു കൗതുകം പോലെ ഓരോരുത്തരെയായി നിരീക്ഷിക്കാൻ തുടങ്ങി. പരിചയപ്പെട്ടവരിൽ കൂടെ പഠിച്ചവരുണ്ട്, അല്ലാത്തവരുമുണ്ട്. ചിലരൊക്കെ പേര് പറഞ്ഞപ്പോൾ തന്നെ തിരിച്ചറിഞ്ഞു. ചിലർ ഓർത്തെടുക്കാൻ പ്രയാസപ്പെട്ടു. ചിലർ ഓർത്തെടുക്കാൻ ശ്രമിച്ചത് പോലുമില്ല.


എങ്കിലും അവൾ രണ്ടാൺമുഖങ്ങളെ തേടി. സാജൻറെയും വിശ്വത്തിൻറെയും. അവർ രണ്ടു പേരും കൂട്ടുകാരായിരുന്നു. എട്ടാം ക്ലാസ്സിൽ മൂന്നുപേരും ഒരുമിച്ചായിരുന്നെങ്കിൽ ഒൻപതാം ക്ലാസ്സിലെത്തിയെപ്പോൾ വേറെ വേറെ ക്ലാസ്സിലായി.


ഒൻപതാം ക്ലാസ്സിൽ വെച്ചാണ് അവൾ സാജനെയും വിശ്വം അവളെയും മോഹിക്കാൻ തുടങ്ങിയത്. വിശ്വത്തിന് തന്നെ ഇഷ്ടമാണെന്ന് അവൾക്കറിയാമായിരുന്നു. പക്ഷെ അവൾക്കിഷ്ടം സാജൻറെ കണ്ണിലെ കൗശലമായിരുന്നു. എത്ര കൊതിയോടെയാണവൾ അവനെ നോക്കിനിന്നിരുന്നത്.


പത്താം ക്ലാസ്സിലെ  കൊല്ലപ്പരീക്ഷ അടുക്കാറായപ്പോഴാണ് സാജൻ ഒരുച്ചനേരത്ത് അവളുടെ അടുക്കൽ വന്നത്. വിശ്വത്തിൻറെ പ്രണയം അവളോട് പറയാൻ. അവളുടെ മറുപടി അറിയാൻ.


അവളാകെ പകച്ചുപോയി. കുറെ നേരം മൗനം പൂണ്ടു നിന്ന അവളവസാനം ഒരുവിധം തൻറെ മനസ്സ് അവനോട് തുറന്നു പറഞ്ഞു. ക്രൂരമായൊരു ചിരിയോടെ, എനിക്ക് തന്നെ ഇഷ്ടമൊന്നുമല്ലെന്ന് പറഞ്ഞവൻ തിരികെ പോകുന്നത്, തിരസ്കരിക്കപ്പെട്ട ഹൃദയവേദനയോടെ നോക്കിനിൽക്കാനേ അവൾക്കായുള്ളൂ. 


ആരെയും പിന്നെ കണ്ടിട്ടില്ല. വിശ്വം ഇപ്പോളെവിടെയാണാവോ? ആ പൊട്ടക്കിനാവിനെ അവൻ മറക്കാനേ വഴിയുള്ളൂ. പക്ഷെ സാജനെ മറക്കാൻ ഇന്നോളമെനിക്കായില്ലല്ലോ? എത്രയോ കിനാക്കളിൽ അവനെൻറെ ഹൃദയ തന്ത്രികൾ തഴുകിത്തലോടിക്കടന്നുപോയി. അവളൊരു നെടുവീർപ്പോടെ ചുറ്റിലും നോക്കി.


കോവിലകം കുണ്ടിലെ വേട്ടാളൻ സുരേഷിന് മാത്രം ഒരു മാറ്റവുമില്ല. അന്നും അവൻ പെൺകുട്ടികൾക്കിടയിലായിരുന്നു. ഇന്നും അതെ. പെണ്ണുങ്ങൾക്കിടയിലൊരു വേട്ടാളനെ പോലെ ചുറ്റിത്തിരിയുന്നു, അവരോട് പഞ്ചാര വർത്തമാനം പറഞ്ഞ് നിർത്താതെ ചിരിക്കുന്നു, ചിരിപ്പിക്കുന്നു.  ആ കാഴ്ച അവളിലൊരു പുഞ്ചിരിയുണ്ടാക്കി.  


തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അടുത്തുവന്ന ആളിനെ ആദ്യമൊന്നും തിരിച്ചറിയാനായില്ല. തിരിച്ചറിഞ്ഞതൊരു ഞെട്ടലോടെയാണ്. സുഹ്‌റ. സ്കൂളിലെ മുഴുവൻ ആൺകുട്ടികളുടെയും സ്വപ്നമായിരുന്നു അന്നവൾ. ഇന്നവളൊരു ജീവിതം അലക്കിപ്പിഴിഞ്ഞ പഴന്തുണി പോലെ, കങ്കാളമായിട്ടുണ്ട്. 


ഒരു നേർത്ത പുഞ്ചിരിയോടെ അവളുടെ അരികിലിരുന്ന് സുഹ്‌റ ചോദിച്ചു. "മനസ്സിലായോ?"


"പിന്നെ... ആ നെറ്റിയിലെ മറുക് പോരെ ആളെത്തിരിച്ചറിയാൻ?"


പ്രകാശമുള്ളൊരു പുഞ്ചിരിയാണ് സുഹ്‌റയിൽ നിന്നും ആദ്യമുണ്ടായത്. "പടച്ചോൻ തന്ന അടയാളമല്ലേ. സുഖമാണോ? ജോലിയുണ്ടോ? ഭർത്താവെന്ത്‌ ചെയ്യുന്നു? കുട്ടികളെത്രയാ?"


ഒറ്റ ശ്വാസത്തിൽ കുറെ ചോദ്യങ്ങൾ. അവൾ വിശേഷങ്ങളൊക്കെ പറഞ്ഞു. ഭർത്താവ് ബിസിനസ്സ് ചെയ്യുന്നു. രണ്ടു മക്കൾ. മൂത്തയാൾ മെഡിസിന് പഠിക്കുന്നു. ഇളയവൾ പ്ലസ്‌ടുവിന് പഠിക്കുന്നു. സുഖം. സന്തോഷം.


സുഹ്റയോട് വിശേഷങ്ങൾ ചോദിയ്ക്കാൻ മടിയായിരുന്നു. പക്ഷെ ചോദിക്കേണ്ടി വന്നില്ല. അവൾ തന്നെ എല്ലാം പറഞ്ഞു.


ഭർത്താവുമൊത്ത് ഖത്തറിലായിരുന്നു. സന്തോഷമുള്ള ജീവിതം. മൂന്ന് കുട്ടികൾ. ജീവിതത്തിൻറെ പാതിവഴിയിൽ വെച്ച്, ഹൃദയസ്തംഭനം മൂലം ഭർത്താവ് മരിച്ചപ്പോൾ മക്കളെയും കൊണ്ട് നാട്ടിലേക്ക് പൊന്നു. ഇവിടെ ഒരു ഫാൻസി ഷോപ്പുണ്ട്. മരിച്ചവരുടെ കൂടെ പോകാനാവില്ലല്ലോ. ജീവിച്ചല്ലേ പറ്റൂ. സുഹ്‌റ വീണ്ടും പുഞ്ചിരിച്ചു.


സുഹ്‌റ വേറൊരു കൂട്ടുകാരിയെ കണ്ടപ്പോൾ അങ്ങോട്ട് പോയി. അവൾ വീണ്ടും തനിച്ചായി. അപ്പോഴാണ് പുഞ്ചിരിച്ചുകൊണ്ടവൻ കടന്നു വന്നത്. എന്നെ മനസ്സിലായോ എന്ന ചോദ്യത്തെ അമ്പരപ്പോടെയാണ് നേരിട്ടത്. കൂടെ പഠിച്ച ആൺകുട്ടികളുടെ മുഖങ്ങൾ മനസ്സിലിട്ട് വെറുതെ ഓർത്ത് നോക്കി.


"പ്രയാസപ്പെടേണ്ട. ദാസാണ്. ഗോകുൽദാസ്. ആ പേരോർമ്മയില്ലെങ്കിൽ ഉപ്പുമാവ് ദാസനെന്ന് പറഞ്ഞാൽ എന്തായാലും ഓർമ്മ കാണും."


ഓ.. മനസ്സിലായി. ലക്ഷം വീട് കോളനിയിൽ നിന്നും വന്നിരുന്ന ദാസ്. ഒരിക്കൽ ക്ലാസ്സിൽ രസതന്ത്രം മാഷിൻറെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ വന്നപ്പോൾ കൈവെള്ളയിൽ കിട്ടിയ അടിക്കിടയിൽ അറിയാതെ വാ പൊളിച്ചപ്പോൾ, രാവിലെ കഴിച്ച ഉപ്പുമാവിൻറെ അവശിഷ്ടം പല്ലിൽ പറ്റിപ്പിടിച്ചത് കണ്ട്, മാഷ് പറഞ്ഞ ക്രൂരമായൊരു തമാശ പിന്നെയവൻറെ ഇരട്ടപ്പേരായി.


എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് നിസാരമട്ടിലാണ് ദാസ് മറുപടി പറഞ്ഞത്. "എന്ത് ചെയ്യാൻ. ഓട്ടോ ഓടിക്കുന്നു."


ആ മറുപടിയിൽ അവൻറെ മുഴുവൻ പ്രാരാബ്ധവും മുഴച്ചു നിന്നിരുന്നു.


കുറച്ചു കഴിഞ്ഞാണ് കമല വന്നത്. ദൂരെ നിന്ന് കണ്ടപ്പോഴേ ആളെ തിരിച്ചറിഞ്ഞു. അവളിന്നും മെലിഞ്ഞൊട്ടിയ ആ രൂപം തന്നെ. ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് അവളുടെ തലയിലും കവിളിലുമൊക്കെ തലോടി.


"സുഖമാണോടീ..."


"ഊം... സുഖം. നിനക്കോ?"


"പരമ സുഖം. നിന്നെ ഞാനെത്ര തിരഞ്ഞെന്നോ? ഫെയ്‌സ്ബുക്കിലുമില്ല... വാട്സ് ആപ്പിലുമില്ല. എങ്ങിനെ അറിഞ്ഞു നീ ഇത്."


"ഓ... അതാ നീലിക്കുന്നിലെ സുമേഷ് പറഞ്ഞതാ. അവനിപ്പോൾ ഗ്യാസ് ഏജൻസിയുടെ ഡെലിവറി ബോയിയാണ്. വാ... നമുക്കൊന്ന് നടക്കാം. പഴയ ക്ലാസ്സുകളൊക്കെ ഒന്ന് കാണട്ടെ."


വരാന്തയിലൂടെ പഴയ പോലെ കൈവിരലുകൾ കോർത്തുകൊണ്ടവർ നടന്നു. ക്ലാസ്മുറികളൊക്കെ മാറിയിരിക്കുന്നു. ബോർഡുകൾ പഴയ മുക്കാലിയിൽ നിന്നും ചുമരിലെ സിമന്റ് പ്രതലമായിരിക്കുന്നു. തങ്ങൾ പഠിച്ച ക്ളാസുകളിലൂടെയെല്ലാം അവർ ഒന്നുകൂടി സഞ്ചരിച്ചു. തമാശകൾ പറഞ്ഞു. വീണ്ടും കുട്ടിക്കാലത്തെ ഒന്ന് കയ്യെത്തിപ്പിടിച്ച പോലെ. വന്നില്ലായിരുന്നെങ്കിൽ എന്തൊരു നഷ്ടമായേനെ  എന്നവൾക്ക് തോന്നി.


"എടീ... നീ സാജനെ പിന്നെ കണ്ടിരുന്നോ? ആ വിശ്വനെയും?" അവൾ മടിച്ചുമടിച്ചാണ് ചോദിച്ചത്. കമലയൊന്ന് പുഞ്ചിരിച്ചു.


"ഊം... സാജനോടുള്ള ക്രഷ് ഇപ്പോഴുമുണ്ടല്ലേ? വിശ്വത്തിൻറെ കാര്യം... അപ്പൊ നീയറിഞ്ഞില്ലേ?"



"കളിയാക്കാതെ പോടീ... ക്രഷൊന്നും ഇപ്പോഴില്ല. അതൊക്കെ കൊച്ചുങ്ങളുടെ അപ്പി കോരാൻ തുടങ്ങിയപ്പോ തന്നെ പോയി. എന്നാലും ഒരു കൗതുകം." അവൾ പാതി കളവാണ് പറഞ്ഞത്. തുടർന്ന് അമ്പരപ്പോടെ ചോദിച്ചു.  "ആട്ടെ... വിശ്വത്തിനെന്താ?"


കമല ഒരല്പനേരം മൗനം പൂണ്ടു. പിന്നെ മെല്ലെ പറഞ്ഞു. "അവൻ മരിച്ചുപോയില്ലേ. ബൈക്ക് ആക്സിഡന്റായിരുന്നു."


അവളുടെ മുഖമാകെ വിളറിവെളുത്തു. ഉള്ളിലെവിടെയോ ഒരു വേദന പോലെ. ഒരു കൊളുത്ത് വീണ പോലെ. ചോദിക്കേണ്ടായിരുന്നു. പിന്നെ അവളൊന്നും ചോദിച്ചില്ല. കമലപിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവളെല്ലാം മൂളിക്കേൽക്കുക മാത്രം ചെയ്തു.


ആ സങ്കടഭാവം മാറിയത് സാജനെ കണ്ടപ്പോഴാണ്. വിശാലമായൊരു പുഞ്ചിരിയോടെയാണ് അവനവളുടെ മുൻപിലെത്തിയത്. ആൾകൂട്ടത്തിൽ നിന്നൊന്ന് അവനെ തനിച്ച് കിട്ടാൻ അവൾ കാത്തിരുന്നു.


കുശലാന്വേഷണവുമായി വന്ന അവനോട് നമുക്കൊന്ന് നടന്നാലോ എന്നവൾ ചോദിച്ചപ്പോൾ, "ഊം... ഊം... നടക്കട്ടെ നടക്കട്ടെ" എന്ന് പറഞ്ഞ് കമല സ്വയം ഒഴിവായി.


"നീയാളാകെ മാറിയല്ലോ? കൂടുതൽ സുന്ദരിയായി." സാജൻറെ വാക്കുകളിൽ മുഖമൊന്ന് തുടുത്തെങ്കിലും, അതവനെ കാണിക്കാതിരിക്കാൻ ബദ്ധപ്പെട്ടു അവൾ. വിഷയം മാറ്റാൻ വേണ്ടി വെറുതെ ചോദിച്ചു.


"സാജനെന്നെ ഓർക്കാറുണ്ടോ? വല്ലപ്പോഴുമെങ്കിലും!"


"വിശ്വം മരിക്കുവോളം." സാജനവളുടെ കണ്ണുകളിലേക്ക് നോക്കി. "അവനെപ്പോഴും നിന്നെക്കുറിച്ച് പറയും. നീയെന്നു വെച്ചാൽ അവനൊരു ഭ്രാന്തായിരുന്നു. അത് പക്ഷെ നീയറിഞ്ഞില്ല. ഇന്നും നീയതറിയുന്നില്ല."


അവൾ മുഖം കുനിച്ചു. "എൻറെ ഇഷ്ടം ഞാൻ സാജനോട് പറഞ്ഞിരുന്നല്ലോ? സാജനും അത് അറിഞ്ഞില്ലല്ലോ? അന്നും ഇന്നും."


"ഓ... അപ്പോൾ നിനക്കിപ്പോഴുമെന്നെ ഇഷ്ടമാണ്."


അവൾ അവൻറെ കണ്ണുകളിലേക്ക് നോക്കി മൗനം പൂണ്ട് നിന്നു. അവൻറെ കൗശലം നിറഞ്ഞ കണ്ണുകൾ ഇന്നും തന്നെ ഭ്രമിപ്പിക്കുന്നുണ്ടെന്നവൾ ഒരു വേവലാതിയോടെ തിരിച്ചറിഞ്ഞു.


"ഭർത്താവുമായിട്ടത്ര രസത്തിലല്ലേ? ഐ മീൻ... എനി റിലേഷൻ ഇഷ്യൂ? മെന്റലി... ഓർ ഫിസിക്കലീ?"


"നോ... ഐ ആം ഹാപ്പി. അദ്ദേഹം എനിക്ക് ഓക്കെയാണ്. എല്ലാം കൊണ്ടും. ഞങ്ങൾ ഹാപ്പിയാണ്. എന്നുവെച്ച് പണ്ടേ മനസ്സിൽ പൂത്തൊരു പൂവ് കരിഞ്ഞുപോകണം എന്നില്ലല്ലോ?"


"ഓ.. സാഹിത്യം. നന്നായിട്ടുണ്ട്. ഞാനൊരു കാര്യം തുറന്നുപറയാം. ഈ പ്രായത്തിൽ ഇനിയൊരു പ്രണയത്തിനൊന്നും താല്പര്യമില്ല. ബട്ട്. ഐ ആം ഇന്ററസ്റ്റ് ഇൻ സെക്സ്. തനിക്ക് താല്പര്യമുണ്ടെങ്കിൽ..."


മുഖത്തടിയേറ്റ പോലെ അവൾ സ്തംഭിച്ചുപോയി. സാജൻ അങ്ങിനെ വെട്ടിത്തുറന്നു പറയുമെന്നവൾ ഒരിക്കലും കരുതിയില്ല. ശരീരമാകെ പുഴുക്കൾ അരിച്ചു നടക്കുന്ന പോലെ അവൾക്കറപ്പ് തോന്നി. അവൻറെ മുഖത്തേക്കവൾ തുറിച്ചുനോക്കി. ഇപ്പോൾ അവൻറെ കണ്ണുകളിലെ കൗശലം അവളെ ഭയപ്പെടുത്തുകയായിരുന്നു.


അവൾ വേഗം അവനെ വിട്ടു നടന്നു. പിറകിൽ നിന്നവൻ വിളിക്കുന്നത് ശ്രദ്ധിച്ചതേയില്ല. ആ കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. തൻറെ ഹൃദയത്തിൽ താനിന്നോളം പാത്തുവെച്ച പ്രണയത്തിൻറെ കാഞ്ചന ചെമ്പകം, കാർകൂന്തൽ നഷ്ടപ്പെട്ട് വെറും തറയിൽ വീണതും, ആരൊക്കെയോ അത് ചവിട്ടിമെതിച്ചു കടന്നുപോയതും അവളുടെ ഉള്ളിലെ കണ്ണീർ പ്രതലത്തിൽ തെളിഞ്ഞു വന്നു.


ഗേറ്റിലേക്ക് നടക്കുന്ന അവളുടെ അടുത്തേയ്ക്ക് ഓടിയെത്തിയ കമല തോളിൽ പിടിച്ചു നിർത്തി.


"എന്താടീ... എന്താ പറ്റീ? "


അവൾ നിറഞ്ഞ കണ്ണുകളോടെ കമലയെ നോക്കി കുറെ നേരം നിന്നു. പിന്നെ മന്ത്രിക്കുന്ന പോലെ പറഞ്ഞു.


"ഞാൻ പോട്ടെ. തിരക്കുണ്ട്. മനസ്സിൻറെ പാതി വന്നത് നന്നായെന്ന് പറയുമ്പോഴും മറുപാതി വരേണ്ടിയിരുന്നില്ലെന്ന് പറയുന്നു."


അവളൊരു നെടു വീർപ്പിട്ടു. പിന്നെ തിരിഞ്ഞു നോക്കാതെ നടന്നകന്നു. റോഡരികിൽ നിർത്തിയിരുന്ന സാന്ദ്രയിൽ കയറി ഓടിച്ചുപോയി. 


ആ കാർ കണ്ണിൽ നിന്നും മറയുവോളം കമല നോക്കിനിന്നു. പിന്നെ സാജനെത്തേടി നടന്നു. ആൾക്കൂട്ടത്തിലൊന്നും അവനെ കണ്ടില്ല. ഏതോ ഒരുൾപ്രേരണ പോലെ പഴയ കെട്ടിടത്തിൻറെ മൂലയിലുണ്ടായിരുന്ന ലൈബ്രറിയുടെ പിന്നിലേക്ക് ചെന്നു. അവിടെ അഴുക്ക് പിടിച്ചൊരു കരിങ്കല്ലിലേക്ക് ചാരി സിഗരറ്റ് വലിക്കുന്നു സാജൻ. 


അവളെ കണ്ടപ്പോൾ അവനൊന്ന് പുഞ്ചിരിച്ചു. 


"സാജനെന്താണവളോട് പറഞ്ഞത്? അവൾക്ക് വല്ലാത്ത സങ്കടമായല്ലോ? കരഞ്ഞുകൊണ്ടാണ് പോയത്." 


പുരികം വെട്ടിച്ചുകൊണ്ട് ഒന്നുമില്ലെന്നവൻ മുഖം കൊണ്ടൊരാംഗ്യം കാണിച്ചു. 


"കൗമാരം കൊതിപ്പിച്ച് ബാല്യവും 

യൗവ്വനം കൊതിപ്പിച്ച് കൗമാരവും 

ജീവിതമേ നീയല്ലെ കട്ടെടുത്തത്!

നീയല്ലെയെന്നുമെന്നെ വഞ്ചിച്ചത്?

ആ മഹാമഹീജത്തിൻ ചോട്ടിലെൻ

സ്മൃതികളും സ്വപ്നവും വീണനേരം  

വിദൂരെയൊരു ദീപനാളമേന്തി

എന്നെ വീണ്ടും കൊതിപ്പിച്ചതും 

പിന്നെയും പിന്നെയും വഞ്ചിച്ചതും; 

പ്രിയജീവിതമേ നീതന്നെയല്ലേ?

എനിക്ക് മാത്രം പ്രിയപ്പെട്ടവളെ;

എനിക്ക് മാത്രം പ്രിയപ്പെട്ടവളെ; 

എന്നുള്ളിൽ മാത്രമുള്ളവളെ 

ഇനി ഞാൻ മരിക്കുവോളം 

നീ മരിക്കാതിരിക്കട്ടെ 

പ്രിയമുള്ളൊരീ  ഓർമ്മകളും!"


കനത്ത നിശബ്ദതയിൽ കമല മുഖം കുനിച്ച് നിന്നു. ആരുമാരും മിണ്ടാത്ത നിമിഷങ്ങൾ. അവസാനം ഇടറിയ ശബ്ദത്തോടെ അവൾ മന്ത്രിച്ചു


"വിശ്വം...?"


സാജൻ തലകുലുക്കി.

  

"ഊം... ജീവിതത്തിലൊരിക്കലെങ്കിലും... ഒരുവട്ടമെങ്കിലും... അവളവൻറെ പ്രണയത്തിൻറെ ഉഷ്ണമറിഞ്ഞിരുന്നെങ്കിൽ..... ആ ഉഷ്ണത്തിൽ... അവനുരുകി ഇല്ലാതായതറിഞ്ഞിരുന്നെങ്കിൽ..."


കമല സാജൻറെ മുഖത്തേയ്ക്ക് നോക്കി നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.


ശുഭം 

1 comment:

  1. ശ്ശോ....... 🌹🌹🌹🌹😍

    ((കരം, ജീവിതത്തിൽ താനൊരു വലിയ സംഭവമായെന്ന് മറ്റുള്ളവരെ അറിയിക്കാൻ പങ്കപ്പെടുന്ന കാപട്യമാണ്. മെച്ചമുള്ള ജോലി, സാമ്പത്തിക നില, ഇണ, മിടുക്കരായ മക്കൾ. അങ്ങിനെയങ്ങിനെ മറ്റുള്ളവരിൽ അസൂയയുണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുന്ന ചില പൊയ്‌ക്കോലങ്ങൾ.))))

    ഇമ്മാതിരി കോലം കെട്ടലുകൾക്ക് പോകാറേയില്ല

    ReplyDelete