Monday, September 12, 2022

ചേക്കൊഴിഞ്ഞവരെത്തേടി!



എവിടെ നിന്നോ ഒരു സ്വപ്നത്തിൻറെ വിളി കേൾക്കുന്നുണ്ട്. എനിക്കത് കേൾക്കാൻ, കാത് കൂർപ്പിക്കണമെന്നില്ല. അല്ലാതെത്തന്നെ  ഉണർവ്വിലും ഉറക്കിലുമത് കേൾക്കാം. ഏറ്റവും വ്യക്തമായിത്തന്നെ.


ഒരുപക്ഷെ, വിദൂരതയിൽ നിന്നെങ്ങോ ആവാമത്. അതിവിദൂരതയിൽ നിന്നും! കാടുകളും മലകളും പുഴകളും, ചിലപ്പോൾ സമുദ്രങ്ങൾ തന്നെയും താണ്ടിയെത്തുന്ന വിളി. എൻറെ പേര് മുദ്രണം ചെയ്ത, എൻറെ ഹൃദയധമനികളെ കൊളുത്തിവലിക്കാൻ ശേഷിയുള്ള, രക്തം കിനിയുന്നൊരു വിളി!


അല്ലെങ്കിൽ ഏറ്റവും അടുത്തു നിന്നുമാവാം. അന്വേഷിച്ചലഞ്ഞ തെരുവിൻറെ അപ്പുറത്തോ ഇപ്പുറത്തോ വെച്ച്, ഞങ്ങൾ പരസ്പരം കാണാതെ വഴിമാറിപ്പോയിട്ടുണ്ടാവാം. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ. ഒരിക്കലും!


കാരണം... ആ വിളിയിലേക്കാണ് ഈ നഗരവീഥികളിലൂടെയുള്ള, എൻറെ യാത്രകളെല്ലാം.


സത്രമുറിയുടെ ജാലകത്തിലൂടെ ഞാൻ നഗരമെന്ന നരകത്തിലേക്ക് തുറിച്ചുനോക്കി. ഉറുമ്പുകളെ പോലെ,  ലക്ഷ്യഗന്ധത്തിന് പിന്നാലെയോടുന്ന മനുഷ്യക്കൂട്ടങ്ങൾ. സൂര്യന് താഴെ നാമൊരുമിച്ചെന്ന് തോന്നിപ്പിക്കുമ്പോഴും, ഓരോരുത്തരും തികച്ചും ഒറ്റയ്ക്കായിപ്പോവുന്ന അവനവൻറെ ലക്ഷ്യങ്ങളാൽ  മാത്രം ഉത്തേജിപ്പിക്കപ്പെടുന്ന കോമാളിക്കൂട്ടങ്ങൾ. മനുഷ്യർ!


ലക്ഷ്യം! അതെന്തുമാവാം. അന്നമാവാം. അന്തിക്കൂട്ടാവാം. തീവെള്ളം മോന്തി മത്ത് പിടിക്കലാവാം. ലഹരിയുടെ ധൂമപടങ്ങളിൽ  ഭാരമില്ലാതെ പറന്നു നടക്കലാവാം. മറ്റൊരുത്തൻറെ ധനമോ ജീവനോ കൈകാലുകളോ ആവാം. പ്രണയത്തിൻറെ കമ്പിളിപ്പുതപ്പിന്നടിയിൽ മദം കൊള്ളുന്ന നിമിഷങ്ങളാവാം. വീട്ടിൽ കാത്തിരിക്കുന്നവരുടെ കണ്ണിലെ സന്തോഷമാവാം. അന്യൻറെ ഭാര്യയുടെ അരക്കെട്ടാവാം. ജാരൻറെ വിയർപ്പും രേതസ്സുമാവാം. മക്കളുടെ വിശപ്പിന് മുന്നിലഴിക്കപ്പെടുന്ന അമ്മമാരുടെ പാവാടച്ചരടാവാം. പണികഴിഞ്ഞെത്തുന്ന പ്രിയമുള്ളൊരാളിൻറെ വിയർപ്പുമണമുള്ള ആലിംഗനമോ ചുംബനമോ ആവാം. കാത്തിരിക്കുന്നവരുടെ സന്തോഷമുള്ള പുഞ്ചിരിയാവാം. കാണുമ്പോൾ കറുക്കുന്ന മുഖങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാവാം. എന്തുമാവാം. ഒരായിരം മനുഷ്യർക്ക് ഒരായിരം ലക്ഷ്യങ്ങൾ!


ഈ നഗരത്തോടും വിടപറയാനായി. ഇനിയിവിടെ എനിക്ക് തേടാനൊരു ഇഞ്ച് സ്ഥലം പോലും ബാക്കിയില്ല. ഇനി വേറൊരു നഗരത്തിലെ ജനത്തിരക്കിലേക്ക് ഞാനെൻറെ കണ്ണുകൾ പറിച്ചുനടേണ്ടതുണ്ട്. വിശ്രമിക്കാൻ സമയമില്ല. എനിക്കുള്ള തീവണ്ടി, വണ്ടിയോടി തേഞ്ഞു തേഞ്ഞ് വെള്ളി പൂശിയ സമാന്തര പാളത്തിലൂടെ കൂവിവിളിച്ചെത്താനായി.


ഞാൻ ബാഗെടുത്ത് തോളിലിട്ടിറങ്ങി. മുറി പൂട്ടി താക്കോൽ റിസപ്‌ഷനിൽ കൊടുത്തു. തീവണ്ടിത്താവളം അടുത്ത് തന്നെയാണ്. കാലുകൾ വലിച്ചുവെച്ച് പരിസരം ശ്രദ്ധിക്കാതെ നടന്നു.


വാട്സ്ആപ്പിൽ കുറെ മെസേജുകൾ വന്നു കിടക്കുന്നുണ്ട്. വെറുതെ ഒന്നോടിച്ചു നോക്കി. ചോദിച്ച് ചോദിച്ച് തേഞ്ഞുപോയ കുശലാന്വേഷങ്ങൾ. മടുത്തിരിക്കുന്നു. അവയ്ക്കൊന്നും ഇനി മറുപടിയില്ല. തികഞ്ഞ അവജ്ഞയോടെ അവഗണിക്കുന്നു. ജനിപ്പിച്ചവരുടെ തൊണ്ടയിടറിയ വിളി മാത്രം ഹൃദയധമനികളിൽ ഞണ്ടിറുക്ക് പോലെ വേദനിപ്പിച്ചു. കണ്ണടയുന്നതിൻറെ മുൻപെങ്കിലും നീയെത്തുമോ എന്ന ചോദ്യത്തിന്, എന്നും അതികഠിനമായ വേദനയുടെ ചുവയാണ്. എനിക്കതിനിപ്പോൾ ഉത്തരമില്ലല്ലോ!


അറിയാത്തൊരു നമ്പറിൽ നിന്നുള്ള വോയ്‌സ് മെസേജ്. ഒരു സ്ത്രീശബ്ദമാണ്. പതുങ്ങിയത്. ഇമ്പമുള്ളത്. "തേടിയലയുന്നത് കിട്ടിക്കഴിഞ്ഞാൽ... നീ തിരികെ വരില്ലേ? വരണം!  അന്ന് നീയെന്നെ അന്വേഷിക്കണം. കാരണം... നിൻറെ ദുഃഖങ്ങളെന്നെയും ദുഃഖിപ്പിക്കുന്നു. ഞാനാരെന്നാവും ആലോചിക്കുന്നതല്ലേ? ജീവിതത്തിൻറെ ഓളംവെട്ടലുകൾക്കിടയിൽ നിന്നിൽ നിന്നും ദൂരേയ്ക്കൊഴുകിയകന്നൊരു ഓർമ്മയാണ് ഞാൻ. ചിലപ്പോൾ അതെൻറെ തോന്നലാവാം. അല്ലെങ്കിൽ സ്വപ്നമാവാം. ശബ്ദം കൊണ്ട് നീയെന്നെ തിരിച്ചറിയുമോ? അറിയില്ല. എങ്കിലും നീ വരണം. എന്നെ കാണണം. ഒരു വിളിക്ക് കാതോർത്ത്... ഞാനീ മൊബൈൽ തലയിണക്കരികിൽ തന്നെ വെച്ചിട്ടുണ്ട്. നിന്നെ കാണുമ്പോൾ നിനക്ക് നൽകാൻ എൻറെ കയ്യിൽ ഒരു സമ്മാനമുണ്ട്. ദാവണിപ്രായത്തിനു മുന്നേ ഞാനൊരുക്കിവെച്ചത്. അന്ന് നല്കാനാവാതെപ്പോയത്. അത് വരെ ഞാനാരെന്ന നിൻറെ ചോദ്യവും... നീയെപ്പോൾ വരുമെന്ന എൻറെ കാത്തിരിപ്പും... നമ്മെ അസ്വസ്ഥമാക്കട്ടെ. അല്ലെ."


ആരാണിവൾ? ശബ്ദം കൊണ്ടറിയുന്നില്ല. അല്ലെങ്കിലും പഴകിപ്പൊടിഞ്ഞ ഓർമ്മയുടെ ചിത്രങ്ങളിൽ തിരിച്ചറിയാനാവുന്ന മുഖങ്ങൾ തീരെയില്ലെന്നു തന്നെ പറയാം. തീവണ്ടിയുടെ ജാലകത്തിലൂടെ  പുറത്തെ ഇരുട്ടിലേക്ക് നോക്കി. എൻറെ മനസ്സിലുള്ളത്ര ഇരുട്ടവിടെ കണ്ടില്ല. കൈവിരലുകളറിയാതെ ആ ചാറ്റ് ഡിലീറ്റ് ചെയ്യാനൊരുങ്ങി. സംശയിച്ചു നിന്ന നിമിഷങ്ങൾക്ക് ശേഷം, അത് വേണ്ടെന്ന് വെച്ചു. അതവധിക്ക് വെച്ചൊരു ചോദ്യമാവട്ടെ.   


മറ്റൊരു മഹാനഗരം! അഴുക്കുചാലിൻറെ ദുർഗന്ധത്തിൽ മുങ്ങിപ്പോയൊരു മൂന്നാം കിട ലോഡ്ജിൻറെ കുടുസുമുറിയിലിൻറെ ക്ഷീണിച്ച ശരീരം, അലക്കിയിട്ടും രേതസിന്റെയും മദജലത്തിൻറെയും അടയാളങ്ങളും മണവും ബാക്കിയുള്ള വിരിപ്പിൽ, വിശപ്പറ്റ പാമ്പിനെപ്പോലെ ചുരുണ്ടുകൂടി.


ഉറക്കമൊരു പ്രഹേളികയാണ്. നാട്യങ്ങളില്ലാത്ത ദുഃസ്വപ്നങ്ങളുടെ സംഹാരതാണ്ഡവത്തിൻറെ മണ്ഡപം!


കൊച്ചരിപ്പല്ലുകൾ കാട്ടിയൊരു പിഞ്ചു കുഞ്ഞ് മെല്ലെ പുഞ്ചിരിക്കുന്നു. ഇരുട്ടിലവളൊരു പ്രകാശനാളം പോലെയാണ്. കൈകൾ നീട്ടി അവളെന്നെ വിളിക്കുകയാണ്. വാനലോകത്തു  നിന്നും പുഷ്പവൃഷ്ടിയോടുകൂടി ഒരശരീരി കേൾക്കാം. ഇതാ നിനക്കുള്ള പ്രകാശം. ദുഷിച്ച കാറ്റിൽ അതണയാതെ കാത്തുകൊൾക!


ആ കാഴ്ച എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. അവളുടെ പുഞ്ചിരിക്കൊഞ്ചലുകൾ. മെല്ലെമെല്ലെ ഞാൻ അവളുടെ അരികിലേക്ക് ചെല്ലുകയായിരുന്നു. അപ്പോഴാണ്! അവളുടെ പിന്നിലെ ഇരുട്ടിൽ നിന്നൊരു ചെന്നായയുടെ മുഖം മാത്രം വെളിച്ചത്തിലേക്ക് വന്നത്. ക്ഷണനേരം കൊണ്ടത് അവളെയും കടിച്ചെടുത്താ ഇരുട്ടിലേക്ക് പിൻവലിഞ്ഞു. അവളുടെ നിലവിളി ഇരുട്ടിലൂടെ അകന്നകന്നു പോവുമ്പോൾ, ഞാൻ ഞെട്ടിയുണരുന്നു.


ഉണർന്നാലും കേൾക്കാമല്ലോ ആ നിലവിളി! ഇന്നിനി എങ്ങിനെയുറങ്ങാൻ? കാതിലൊരു ചീവീട് മൂളുന്നുണ്ട്. കാത് തുളച്ച്, തലച്ചോറ് തുരന്ന്, ഹൃദയത്തെ പിളർത്തി, അതങ്ങിനെ ആത്മാവിലേക്ക്, അഗ്നിപർവ്വതത്തിൻറെ ലാവയായൊഴുകുകയാണ്. അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു.


തുറന്നിട്ട ജാലകത്തിലൂടെ പുകച്ചുരുളുകളൂതി തെരുവ് വിളക്കുകളുടെ പ്രകാശത്തിൽ മുങ്ങി നിൽക്കുന്ന കറുത്ത വീഥിയിലേക്ക് നോക്കി.  ഒറ്റയായി പോകുന്ന ചില വാഹനങ്ങൾ. കടും നിറമുള്ള സാരിയണിഞ്ഞ്, മുക്കുപണ്ടങ്ങൾ ചാർത്തി, മുടി നിറയെ മുല്ലപ്പൂ ചൂടിയ രണ്ട് പുംശ്ചലകൾ തെരുവ് വിളക്കിൻറെ ചുവട്ടിൽ അന്യോന്യം  സംസംരിച്ചുകൊണ്ട് നിൽക്കുന്നു. നിഴലിലും തിളങ്ങുന്ന മുഖങ്ങൾ. നിശാഗന്ധികൾ!


ഒരു കുറിയ മനുഷ്യൻ അവരുടെയടുത്തേയ്ക്ക് നടന്നെത്തി. ഏതാനും മിനിറ്റുകളുടെ സംസാരം. രണ്ടു കൈകൾ കൊണ്ടും ആംഗ്യങ്ങൾ കാട്ടി അവരയാളോട് തർക്കിക്കുന്നു. അവസാനം ഒരുത്തി കപടപ്രണയത്തിൻറെ അന്തിക്കച്ചവടം ഉറപ്പിച്ചു. അവർ വീഥി മുറിച്ചുകടന്ന് നേരെ ലോഡ്ജിലേക്ക് വരുന്നു. കൗതുക പൂർവ്വം ബാക്കിയായവളെ നോക്കി നിൽക്കുമ്പോൾ, മനസ്സറിയാതെ, ഇനിയും ചത്തുപോയിട്ടില്ലാത്ത ജൈവതൃഷ്ണ എന്നിൽ സടകുടഞ്ഞെഴുനേറ്റു. ജാലകത്തിലൂടെ, പുകച്ചുരുളുകൾക്കിടയിലൂടെ, വഴിവിളക്കിൻറെ ചോട്ടിൽ, തനിക്കൊരാൾ വരുന്നതും കാത്ത് അവളവിടെ തന്നെ നിൽക്കുകയാണ്.


രാവിലെ അടുത്തുള്ള ചായക്കടയിലെത്തി. ഒരു സ്ത്രീയാണ് നടത്തുന്നത്. ഭക്ഷണത്തിന് രുചിയും മയവുമുണ്ട്. ചായക്ക് കടുപ്പവും. അടുത്തുള്ള ബാർബർഷോപ്പ് തുറക്കുന്നത് വരെ കാത്തിരുന്നു. മുടി ക്രോപ് ചെയ്തു. കുറ്റിത്താടി വടിച്ചു. മീശ വെട്ടിയൊതുക്കി.രാവിലത്തെ കൈനീട്ടം ക്ഷുരകനെ സന്തോഷിപ്പിക്കുന്നതായിരുന്നു.


തിരികെ മുറിയിലെത്തി കുളിച്ചു. കയ്യിൽ കരുതിയിരുന്ന കാക്കി പാന്റും, ഒരു ചന്ദനക്കളർ ഷർട്ടും ധരിച്ചു. മൊബൈൽ ഫോണിൽ പത്രവാർത്തയുടെ കട്ടിങ്ങുകളും, ഫോട്ടോകളും ഉണ്ടെന്ന് ഒന്നുകൂടി ഉറപ്പാക്കി. അല്ലെങ്കിലും അതെത്രയോ പ്രാവശ്യം നോക്കിയുറപ്പാക്കിയിരിക്കുന്നു.


കടലിൽ ജനിച്ച്, മീഞ്ചന്തയും പാണ്ടികശ്ശാലകളും കടന്നെത്തുന്ന കാറ്റിനൊരു കടുത്ത ദുർഗന്ധമുണ്ട്. മിക്ക മഹാനഗരങ്ങളുടെയും പ്രാന്തങ്ങളിൽ ഇത്തരം ദുർഗന്ധങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി, എനിക്കിത് ശീലമാണ്. ഇടത്താവളങ്ങളിൽ അടയാളങ്ങൾ ബാക്കിവെക്കാതെ ചില്ലകളിൽ നിന്നും ചില്ലകളിലേക്ക് ചേക്കേറുന്നവരെ തേടി, അവരെൻറെ നെഞ്ചിൽ നിന്നും പറിച്ചെടുത്ത എൻറെ പ്രാണനെ തേടിയാണീ അലച്ചിൽ. അതുകൊണ്ട് ഈ ദുർഗന്ധങ്ങളൊന്നും എന്നെ അലോസരപ്പെടുത്തുന്നില്ല തന്നെ. നാസികയെ  കടന്നാക്രമിക്കുന്ന ഗന്ധത്തെ പാടേ അവഗണിച്ച്, മൂക്ക് വിടർത്തിപ്പിടിച്ച്, ഞാനൊരു വലിയ ശ്വാസമെടുത്തു.


ഓട്ടോ ഡ്രൈവർ പ്രായമുള്ളൊരാളായിരുന്നു. അയാളെ  കണ്ടാൽ തന്നെയറിയാം, അയാളുടെ ജീവിതം ഈ മുച്ചക്ക്രവാഹനം പോലെ കുടുകുടു ശബ്ദത്തിലാണ് പോകുന്നതെന്ന്. ഇന്നൊരു ദിവസം എനിക്കാവശ്യമുള്ളിടത്തേക്കെല്ലാം എന്നെക്കൊണ്ടെത്തിക്കുക എന്നതാണ് അയാളുമായുള്ള കരാർ. ഭാഗ്യം, അയാൾ അധികം സംസാരിക്കാത്ത, സംശയങ്ങളില്ലാത്ത ആളായിരുന്നു. അത്തരക്കാർ വളരെ ചുരുക്കമാണ്.


ഞാനാദ്യം അന്വേഷിച്ചത് എൽപി സ്കൂളുകളാണ്. സ്‌കൂൾ അധികാരികളുടെ മുൻപിൽ ഞാൻ പത്രവാർത്തകളുടെ കട്ടിങ്ങുകളും, ഒരു കുഞ്ഞിൻറെ ഫോട്ടോയും കാണിച്ചു. ഈ കുട്ടി ഈ വർഷമോ, കഴിഞ്ഞ വർഷമോ ഈ സ്‌കൂളിൽ ചേർന്നിട്ടുണ്ടോ എന്ന എൻറെ ചോദ്യത്തിന് മുൻപിൽ അവർ അമ്പരന്നു.


ഇല്ല. അവരാരും അങ്ങിനെയൊരു കുഞ്ഞിനെ കണ്ടതായി ഓർക്കുന്നില്ല. അല്ലെങ്കിൽ ആ സ്കൂളിലൊന്നും അവളെത്തിയിട്ടില്ല. ഇനിയീ നഗരത്തിൽ വേറൊരു സ്കൂൾ കൂടിയില്ല. ഈ മഹാനഗരത്തിൽ എൻറെ മുന്നിലൊരു വാതിൽ അടയുകയാണ്. പക്ഷെ ഞാൻ നിരാശനല്ല.


പിറ്റേന്ന് ലോഡ്ജിൻറെ മുൻപിൽ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു ആ വയസ്സൻ ഓട്ടോ ഡ്രൈവർ.  അയാളെന്നെ പ്രതീക്ഷയോടെ നോക്കി. അധികമൊന്നും ആലോചിക്കാതെ ഞാൻ അയാളെ തന്നെ വഴികാട്ടിയായി തിരഞ്ഞെടുത്തു.


നഗരത്തെ ഞാൻ കഷ്ണം കഷ്ണമായി മുറിച്ചെടുത്തു. ഓരോ ഇടങ്ങളിലും മനുഷ്യൻ ചെന്നെത്തുന്ന സ്ഥലങ്ങളൊക്കെ ഞാൻ അവരെത്തിരഞ്ഞു. ദിനങ്ങൾ കഴിഞ്ഞുപോവുകയാണ്. അവരെ കണ്ടെത്താനായില്ല. പക്ഷെ എനിക്ക് മടുപ്പൊന്നും തോന്നുന്നില്ല. ഒന്നുകിൽ ഞാൻ അവരെ കണ്ടെത്തും. അന്ന് ഞാനെൻറെ മടക്കയാത്ര ആരംഭിക്കും. അല്ലെങ്കിൽ അറ്റമില്ലാത്ത ഈ യാത്രയ്ക്കിടയിൽ, എൻറെ പ്രാണൻ പിരിഞ്ഞു പോകും. മടങ്ങി വരാമെന്ന് ഞാനാരോടും വാക്ക് പറഞ്ഞിട്ടില്ലല്ലോ?


ഇരുപത് ദിവസങ്ങളോളമായി. ദിവസവും ലോഡ്ജിൻറെ മുൻപിൽ ഓട്ടോക്കാരൻ വന്ന്, നരച്ചുതുടങ്ങിയ ചെവിയിലെ രോമങ്ങളിൽ പിടിച്ചുവലിച്ച് കാത്തിരിക്കും.  വൈകുന്നേരം ലോഡ്ജിൻറെ മുൻപിൽ കൊണ്ടുവിടുമ്പോൾ ഞാനയാൾക്ക് കൊടുക്കുന്ന പൈസയിലേക്ക് സന്തോഷത്തോടെ നോക്കും.


ഇന്ന് രാവിലെത്തന്നെ ആദ്യമായി അയാളെന്നോട്, ഞാൻ ആരെയാണ് തേടുന്നതെന്ന് ചോദിച്ചു. ജീവിതത്തിൽ എനിക്ക് പൂരിപ്പിക്കാൻ കഴിയാതെപ്പോയ വിടവുകൾ പൂരിപ്പിക്കാൻ സ്വയമിറങ്ങിപ്പോയവളെക്കുറിച്ച് ഞാനെന്ത് പറയാൻ?


അവളെയല്ലല്ലോ ഞാൻ തേടുന്നത്! തീർച്ചയായും അവളെയല്ല!! അവളുടെ വിരൽത്തുമ്പിലെൻറെ പ്രാണനുണ്ടായിരുന്നു. ഞാനാ പ്രാണനെയാണ് തേടുന്നത്!


ഇതൊരു മഹാനഗരമാണ്. ദിനേനെ ലക്ഷക്കണക്കിനാളുകൾ വരികയും പോവുകയും ചെയ്യുന്നൊരു മഹാനഗരം. ഇവിടെ ആരെയും തേടിക്കണ്ടെത്തുക എളുപ്പമല്ല. എന്നാലും നിങ്ങൾക്ക് തിരയാൻ ഒരിടമുണ്ട്. ഇവിടേയ്ക്ക് ഒലിച്ചെത്തുന്ന എല്ലാ ചപ്പുചവറുകളെയും, ഈ നഗരത്തിൻറെ ഒഴുക്ക് കൊണ്ട് തള്ളൂന്നൊരിടമുണ്ട്. ഞാനത് നിങ്ങൾക്ക് കാണിച്ചുതരാം.


ഈ മനുഷ്യനൊരു മാലാഖയാണെന്ന് തോന്നുന്നു. അദ്ദേഹത്തിൻ്റെ തലയ്ക്ക് മുകളിലൊരു പ്രകാശവലയമുണ്ടാവും. ഞാനത് കാണുന്നില്ലെങ്കിലും.


ചേരിയിലെ പെട്ടിക്കടക്കാരൻറെ കുഴിഞ്ഞ കണ്ണുകൾ നരച്ച പുരികങ്ങൾക്ക് താഴെ കൗതുകത്താൽ വികസിക്കുകയും കുറുകുകയും ചെയ്തു. അയാൾ വീണ്ടും വീണ്ടും ആ ചെറുപ്പക്കാരൻറെ ഫോട്ടോയിലേക്ക് സൂഷ്മമായി നോക്കി. അവസാനം, അയാളുടെ ചുണ്ടിൽ പരിചയത്തിൻറെ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞു. ഓട്ടോ ഡ്രൈവർ എന്നെ നോക്കി. അയാളുടെ കണ്ണുകൾ അഭിമാനപൂർവ്വം പറയുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞില്ലേ... നിങ്ങളിവിടെയാണ് തേടേണ്ടതെന്ന്.


ശരിയാണ്. ഈ മനുഷ്യനൊരു മാലാഖ തന്നെയാണ്. ഇനിയേത് വഴിയേ പോകണമെന്നറിയാതെ ഉഴറിനിൽക്കുമ്പോൾ, ദൈവം നമ്മുടെ അടുത്തേയ്ക്ക് ഇങ്ങിനെ ചില മാലാഖമാരെ അയക്കാറുണ്ട്!


ഒരു കൊച്ചുവീട്, വീടെന്ന് പറയാവതല്ല, ഒരു കൂര. അതിൻറെ മുൻപിൽ നിന്ന് ഞാൻ മുരടനക്കി. അനക്കമൊന്നും കാണാതെ വന്നപ്പോൾ വാതിലിൽ കൊട്ടിവിളിച്ചു. അകത്തൊരു കാൽപ്പെരുമാറ്റം കേൾക്കും വരെ ഞാനാ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു.


എണ്ണയിടാത്ത വിജാഗിരികൾ കരഞ്ഞു. തുറന്നു പിടിച്ച വാതിലിൻറെ അപ്പുറം അവൾ. ഒട്ടിയ കവിളുകളും, മുഷിഞ്ഞ വസ്ത്രവും പാറിപ്പറന്ന തലമുടിയും. എനിക്ക് പരിചയമുണ്ടായിരുന്നവളുടെ ഒരു പേക്കോലം. ഉടലാകെ അഴുക്ക് പുരണ്ടൊരു കൊച്ചുകുഞ്ഞുണ്ട് അവളുടെ ഒക്കത്ത്. ഉന്തിയ നെഞ്ചും വീർത്ത വയറും മെലിഞ്ഞ കൈകാലുകളുമുള്ളൊരു പിഞ്ചു കുഞ്ഞ്.


എന്നെ കണ്ടപ്പോൾ അവളൊരു കൽപ്രതിമയായി മാറി. ആ മുഖത്ത് ആദ്യം തെളിഞ്ഞത് പരിഭ്രമമാണ്. പിന്നെ എനിക്ക് തിരിച്ചറിയാത്ത എന്തൊക്കെയോ വികാരങ്ങൾ. അവസാനം സങ്കടവും ഭയവും കൂടിക്കലർന്നൊരു ഇരുണ്ട ഭാവം മാത്രമായി. ഒരു കുടം ഉമിനീരിറക്കിക്കൊണ്ടവൾ കാറ്റ് പിടിച്ച പൂക്കുല പോലെ വിറച്ചു.


ഒരു വെള്ളിപ്പാദസരത്തിൻറെ കിലുക്കം അകത്തുനിന്നോടി വന്ന് അവളുടെ മുഷിഞ്ഞ മാക്സിയിൽ പിടിച്ചുകൊണ്ടെന്നെ തുറിച്ചുനോക്കി. എൻറെ ഹൃദയം ആ മുഖം കണ്ടപ്പോൾ ചുട്ടുപഴുത്തു. ഞാനൊരു കാട്ടാളനായി മാറാതിരിക്കണേ എന്നായിരുന്നു എൻറെ ഉള്ളിലിരുന്നാരോ ഉറക്കെയുറക്കെ പ്രാർത്ഥിച്ചത്.


എൻറെ മുഖത്തേയ്ക്ക് കൗതുകത്തോടെ തുറിച്ചുനോക്കുന്ന, എൻറെ രക്തം! മജ്ജ!! മാംസം!!! പ്രാണൻ!!!


മറവിയുടെ മൂടല്മഞ്ഞിലെവിടെയോ അവ്യക്തമായൊരു മുഖത്തിൻറെ ഓർമ്മ തേടുകയാണോ അവൾ? ആയിരിക്കും.


ഞാൻ കൈ നീട്ടിയപ്പോൾ അവൾ അമ്മയുടെ പിന്നിലേക്ക് മാറി നിന്നു. എന്നിട്ടും പുഴുപ്പല്ലുകൾ കാണിച്ചൊരു പുഞ്ചിരിയോടെ അവളെൻറെ നേരെ പാളിനോക്കി. അവളെ വിളിച്ചപ്പോൾ വരണോ വരണ്ടയോ എന്നൊരു ശങ്കയോടെ അവൾ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി. എന്നെ കാണുമ്പോൾ അവളോടിവരുമെന്നാണല്ലോ ഞാൻ കരുതിയിരുന്നത്. എന്തെ അവളോടിവരാത്തൂ. എനിക്ക് മനസ്സിലാവുന്നില്ല.


അവളാകെ കോലം കെട്ടിരിക്കുന്നു. കുന്നത്ത് കത്തുന്ന വിളക്ക് പോലെ മനോഹരിയായിരുന്നല്ലോ അവൾ. ഹാ കഷ്ടം! അവളോ... ഈ വിധമായത്? എൻറെ ഹൃദയം പൊടിഞ്ഞു പോവുന്നല്ലോ!


"അകത്തേയ്ക്ക് കയറുന്നില്ലേ?" വിറച്ചുകൊണ്ടാണവളുടെ ചോദ്യം.  മൗനമായിരുന്നു എൻറെ ഉത്തരം. അവൾ വാതിൽക്കൽ നിന്നും മാറി നിന്നു. ഒരൽപം കുനിയേണ്ടി വന്നു, ഉയരം കുറഞ്ഞ ആ വാതിൽ കടക്കാൻ.


അതിനകം അവളുടെ ഒക്കത്തിരുന്ന കുഞ്ഞ് കരയാൻ തുടങ്ങിയിരുന്നു. ഒരു മനുഷ്യക്കുഞ്ഞ് ആദ്യം ഭയക്കുന്നത് അപരിചിതരായ മനുഷ്യരെ തന്നെയാണല്ലോ?


"ഞാനൊരു ചായയിട്ടു തന്നാൽ കുടിക്കുമോ? പാലില്ല. കട്ടനാ." അവളുടെ ചോദ്യത്തിലിപ്പോഴും ഭയമുണ്ട്. ജീവിതത്തിൽ വിഷം കലക്കിപ്പോയതാണവൾ. ആ വിഷം എൻറെ തൊണ്ടയിലിപ്പോഴും കുരുങ്ങിക്കിടപ്പുണ്ട്. തുപ്പാനും ഇറക്കാനുമാവാതെ!


"വേണ്ട. ഞാനെൻറെ മോളെത്തേടി വന്നതാണ്. അവളെ കൊണ്ടുപോകാൻ. ഗർഭപാത്രത്തിൻറെ അവകാശവും പറഞ്ഞ്... പിന്നാലെ വരരുത്. പിന്നിൽ നിന്നും വിളിക്കുകയും ചെയ്യരുത്. ഒരിക്കലും."


അവളൊന്നും പറയാതെ കണ്ണുകൾ ഒഴുക്കിക്കൊണ്ടേയിരുന്നു. ഞാൻ മെല്ലെ മോളുടെ അടുത്തെത്തി. അവളെ കോരിയെടുത്തു. മോൾ ദുർബലമായൊന്ന് കുതറിനോക്കി. അവൾക്ക് ശ്വാസം മുട്ടുമാറ് എന്നിലേക്ക് ചേർത്തുപിടിച്ച് ആ കവിളിലും നെറ്റിയിലും ഉമ്മകൾ കൊണ്ട് മൂടുമ്പോൾ, എൻറെ കണ്ണുകളിൽ നിന്നും കവിളിലേക്ക് നനവ് പടരുന്നുണ്ടായിരുന്നു. നെഞ്ചിൽ നിന്നൊരു പർവ്വതത്തെക്കാൾ വലിയ ഭാരം അലിഞ്ഞില്ലാതാവുകയായിരുന്നു.


മോൾ കരഞ്ഞില്ല. രക്തം രക്തത്തെ തിരിച്ചറിയുക തന്നെ ചെയ്തു. അവളെയും കൊണ്ട് ഞാൻ വീടിൻറെ പുറത്തേക്കിറങ്ങിയപ്പോൾ, ഒരു വിതുമ്പലോടെ അവളൊരു പൂർത്തിയാക്കാനാവാത്ത ചോദ്യമുന്നയിച്ചു.


"ക്ഷമിച്ചു എന്നൊരു വാക്ക് പറയാനുള്ള ദയവെങ്കിലും...."


ഞാൻ മെല്ലെ തിരിഞ്ഞു നിന്നു. "എൻറെ സ്നേഹം... നിനക്കത് മതിയാകാതെ വന്നു. നിനക്ക് വേണ്ടത് നൽകുന്നൊരാളെ നീ കണ്ടെത്തുന്നതിൻറെ മുൻപേ... നിനക്കെന്നോട് ചോദിച്ചു നോക്കാമായിരുന്നു. ചിലപ്പോൾ... നീയാഗ്രഹിക്കുന്ന പോലെ നിന്നെ സ്നേഹിക്കാൻ എനിക്ക് സാധിച്ചേനെ. ഞാൻ മണൽക്കാട്ടിൽ തിരക്കിലായിരുന്നല്ലോ? നിന്നെയോ നിൻറെ ആവശ്യങ്ങളോ മനസ്സിലാവാതെ ഞാൻ നിനക്കും മോൾക്കുമുള്ള അന്നത്തിനായി കഷ്ടപ്പെടുകയായിരുന്നു. ഞാനും നീയും രണ്ടു സമാന്തര വഴികളിലെ സഞ്ചാരികളായിരുന്നു. എന്നും! എന്നാലും... നീ കണ്ടെത്തിയയാളിൻറെ കൂടെ ജീവിക്കാനിറങ്ങിത്തിരിച്ചപ്പോൾ... ഭാരമൊഴിവാക്കാൻ നീയെൻറെ മോളെ കൊന്നില്ലല്ലോ? അതിലെനിക്ക് നന്ദിയുണ്ട്. പിന്നെ ക്ഷമ... നിന്നോട് ക്ഷമിക്കുകയെന്നാൽ... ഞാൻ മരിക്കുകയെന്നാണർത്ഥം."


അവൾ കരയുകയാണോ എന്ന് ഞാൻ നോക്കിയില്ല. മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോഴാണ് മുന്നിലൊരു ഓട്ടോ വന്നു നിന്നത്. വേവലാതിയോടെ അതിൽ നിന്നറങ്ങിയ ചെറുപ്പക്കാരൻ എന്നെ നോക്കി നിന്നു. എൻറെ ഞരമ്പുകളിൽ രക്തം തിളച്ചു. ഹൃദയം ഒരു തീവണ്ടിയെഞ്ചിൻ  പോലെ മിടിച്ചു. അണപ്പല്ലുകൾ പരസ്പരം കോർത്തുകൊണ്ട് ഞാനവൻറെ മുന്നിലെത്തി. അറിയാതെ എൻറെ വലതുകൈവിരലുകൾ അവൻറെ കഴുത്തിലൊന്ന് ചുറ്റിപ്പിടിച്ചു.


അപ്പോഴാണ് ഒക്കത്തിരിക്കുന്ന മോളെക്കുറിച്ചോർത്തത്. കൈകൾ പിൻവലിച്ചുകൊണ്ട് ഞാനവൻറെ ചെവിയോട് ചുണ്ടുകൾ ചേർത്തു.


"ഇനിയങ്ങോട്ടുള്ള നിൻറെ ഓരോ ശ്വാസവും... ഞാൻ തരുന്ന പിച്ചയാണ്. നീയോ അവളോ നിങ്ങളുടെ നിഴലോ... ഞങ്ങളുടെ ജീവിതത്തിലേക്കൊന്ന് എത്തിനോക്കാൻ പോലും വരരുത്. വന്നാൽ..."


ഞാൻ ശിരസ്സ് വെട്ടിച്ചു കാണിച്ചു. ഭീതിയാളുന്ന കണ്ണുകളോടെ അവൻ നോക്കിനിൽക്കെ ഞാൻ നടന്നു തുടങ്ങി. എവിടെ നിന്നൊക്കെയോ ചില കണ്ണുകൾ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. കുറച്ചകലെ മാറ്റി നിർത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് കയറിയപ്പോൾ മോൾ ചോദിച്ചു.


"അമ്മ വരുന്നില്ലേ....?" പിന്നെ അവൾ അവ്യക്തമായി വിളിച്ചു. "അ....ച്ഛാ..."


അവളെ എൻറെ നെഞ്ചിലേക്ക് വരിഞ്ഞുമുറുക്കിക്കൊണ്ട് ഞാൻ വിക്കി. "അമ്മ.... അമ്മ വന്നാൽ...   അമ്മ...."


എന്ത് പറയണമെന്ന് എനിക്കറിയില്ല. ഓട്ടോയിൽ നിന്നും ഞാനൊന്ന് തിരിഞ്ഞു നോക്കി. അവൻറെ ചുമലിലേക്ക് ചാരി ഓട്ടോയുടെ നേരെ കൈകൾ നീട്ടി എന്തൊക്കെയോ പറഞ്ഞ് കരയുന്നു അവൾ. അവളെ വട്ടം പിടിച്ച് ആശ്വസിപ്പിക്കാൻ പാടുപെടുന്ന അവൻ. താഴെ മണ്ണിലൊരു കുഞ്ഞു പൈതൽ ഉറക്കെയുറക്കെ കരയുന്നതു കാണാം.


ആ കരച്ചിൽ ഞാൻ കേൾക്കാതിരിക്കട്ടെ. ഈ കാഴ്ച ഞാൻ വേഗം മറന്നു പോകട്ടെ. മരണം വരെ രക്തം കിനിയുന്നൊരു മുറിവുണ്ട് നെഞ്ചിൽ. ആ മുറിവിനു മാത്രം മരുന്നൊന്നുമില്ല!


ശുഭം

1 comment:

  1. അതിമനോഹരം... എഴുത്തിന്റെ വരമുണ്ട് താങ്കൾക്ക്. തുടരെ എഴുതൂ...

    ReplyDelete