Tuesday, November 8, 2022

ആത്മാവിൻറെ തേങ്ങൽ




കനത്ത മഴയുടെ ആർത്തട്ടഹാസം!

വിരഹാർദ്രയായ രാവിൻറെ നേർത്ത വർഷഗാനമല്ല. ഉഗ്രകോപമാർന്ന സംഹാരതാണ്ഡവത്തിൻറെ ചിലമ്പൊലിനാദമാണ് കേൾക്കുന്നത്. ഇടയ്ക്കിടെ മിന്നല്‍ പിണരിൻറെ വെള്ളി വെളിച്ചത്തില്‍ വിചിത്ര രൂപികളായ നിഴലുകള്‍ ജനിക്കുകയും, നിമിഷാര്‍ദ്ധം കൊണ്ട്‌ ഇരുട്ടിലേക്കലിഞ്ഞ് മരിക്കുകയും ചെയ്യുന്നു!

ആത്മാക്കളുടെ കരച്ചിലാണ് മഴയെന്ന് പറഞ്ഞത് അമ്മയാണ്. അമ്മ പറഞ്ഞതെല്ലാം സത്യമാവാതിരിക്കില്ല. അല്ലെങ്കിലും അമ്മ അവസാനം പറഞ്ഞിരുന്നതും അതാണല്ലോ!

ഇരുമ്പഴികളിൽ പിടിച്ച്, കട്ടകുത്തിയ ഇരുട്ടിലേക്ക്, ഇടയ്ക്കിടെ വീഴുന്ന മിന്നൽ പ്രഭയിലേക്ക്, ആ പ്രഭയേറ്റു തിളങ്ങുന്ന മഴനൂൽ യവനികയിലേക്ക് കണ്ണുകളും, രാമഴയുടെ രുദ്രതാളത്തിലേക്ക് കാതുകളും അവൻ തുറന്നു വെച്ചു. ഉറക്കം അവനെയൊട്ടും അലോസരപ്പെടുത്തുന്നുണ്ടായിരുന്നില്ല.

നാളെയാണ്  അവനീ ജയിലിൽ നിന്നും മോചിതാനാകുന്നത്. ഒരു ജീവപരന്ത്യം ഇവിടെ കഴിഞ്ഞുകൂടി. പാരതന്ത്ര്യത്തിൻറെ ഈ കനത്ത മതിൽക്കെട്ടിൽ നിന്നും നാളെയാണ് സ്വാതന്ത്ര്യത്തിൻറെ വെള്ളിവിതാനിച്ച ഭൂമികയിലേക്ക് പോകുന്നത്.

അവിടെയൊരു ജീവിതം നന തേടി കാത്തിരിക്കുന്നുണ്ടോ? ഇല്ല! വഴിക്കണ്ണിൻറെ തുടിപ്പുമായാരെങ്കിലും കാത്തിരിക്കുന്നുണ്ടോ? ഇല്ല! ഓ... അത് തികച്ചും സത്യമല്ലല്ലോ. കുഞ്ഞമ്മാവനുണ്ടാകില്ലേ? കുഞ്ഞമ്മാവനെങ്കിലും! മൂന്ന് മാസങ്ങൾക്ക് മുൻപ് കാണാൻ വന്നപ്പോൾ ആ ശരീരം നന്നേ ക്ഷീണിച്ചിരുന്നു. ഒന്ന് തേങ്ങാൻ പോലും കഴിയാത്തത്ര ദുർബലമായിരുന്നു.

എന്നാലും അദ്ദേഹം കാത്തിരിക്കുന്നുണ്ടാവും. പടിവാതിൽക്കൽ പടർന്നു പന്തലിച്ച കോളാമ്പിപ്പൂക്കളിലൊരെണ്ണം ഇറുത്തെടുത്ത് ഞാനാ മുറ്റത്തേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതും നോക്കി.

ഈ ജയിൽ ഭിത്തികൾ അവനെ ദുഃഖിപ്പിക്കാറില്ല. കാരണം, അവനിവിടെ വന്നത് അവൻറെ അച്ഛനെ കൊന്നവനെ കൊന്നിട്ടാണല്ലോ!

അച്ഛനൊരു ഓർമ്മയുടെ വസന്തമായിരുന്നു. അതിമനോഹരമായൊരു വസന്തം. മൃദുലമായ പുഞ്ചിരിയും, വാക്കുകളും, മധുരമുള്ള മിഠായികളും, കൗതുകമുള്ള കളിപ്പാട്ടങ്ങളും ആ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു. ആ സ്നേഹസാഗരത്തിൽ അച്ഛൻറെ സൂര്യമുഖം പ്രശോഭിതമായി നിൽക്കുന്നു. എത്ര പറഞ്ഞാലും തീരാത്ത പുരാണ കഥകളുടെ ഒരു ഭണ്ഡാരമായിരുന്നു അച്ഛൻ.

അമ്മയൊരു ഇളങ്കാറ്റായിരുന്നു. പൂവിതളുകൾ പോലുമിളക്കാൻ മടിയുള്ളൊരു ഇളങ്കാറ്റ്. പൂർണ്ണേന്ദു പോലെ മനോഹരമായ ആ മുഖത്ത് വല്ലപ്പോഴുമേ പുഞ്ചിരി വിടരാറുള്ളൂ. ആ വലിയ വീടിൻറെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടി, അതിൻറെ ഉള്ളറകളുടെ നിഴലുകളിൽ ഒളിച്ചിരുന്ന്, ആരോടും അധികം സംസാരിക്കാതെ, എന്തിൽ നിന്നോ ആരിൽ നിന്നോ സ്വയമൊളിക്കുന്നത് പോലെയാണ് അമ്മ ജീവിച്ചത്. ചിലപ്പോഴൊക്കെ അരികത്ത് പിടിച്ചിരുത്തി മുടികളിലൂടെ വിരലോടിക്കുന്ന അമ്മ, ആകെ പറയാറുണ്ടായിരുന്ന കഥ, സർപ്പ ദോഷത്താൽ കാവിലെ കാഞ്ഞിരമരമായൊരു മനുഷ്യൻറെ കഥയായിരുന്നു. കേട്ടാൽ പേടി തോന്നുന്ന കഥ. എങ്കിലും അമ്മയത് പറയുമ്പോൾ അവൻ ശ്രദ്ധയോടെ കേട്ടിരിക്കും.

അന്നൊരു ദിവസം, സ്ക്കൂള്‍ വിട്ട്‌ വീട്ടിലെത്തുമ്പോള്‍ മുറ്റം നിറയെ ആള്‍ക്കൂട്ടം. പോലീസുകാര്‍. തന്നെ നോക്കുന്ന എല്ലാ കണ്ണുകളിലും വിഷാദം. പോലീസുകാർക്കിടയിൽ ഒരു മനുഷ്യന്‍ വിലങ്ങണിഞ്ഞു നില്‍ക്കുന്നു. അയാള്‍ തന്നെത്തന്നെ സൂക്ഷിച്ച്‌ നോക്കുന്നത്‌ കണ്ടപ്പോൾ, പേടി തോന്നി. പക്ഷെ അയാളെ മുൻപെവിടെയോ കണ്ട ഓർമ്മ. ഒരുപാട് പരിചയമുള്ള മുഖം. എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടിയില്ല. അയാൾ നൽകിയത് ഉള്ളിൽ മുള്ളാണികൾ പോലെ തറഞ്ഞുകയറിയ ഭയം മാത്രമാണ്.

അകത്തേക്കു ചെന്നു.  മുറിയില്‍ അച്ഛന്‍ രക്‌തത്തില്‍ കമഴ്ന്ന് കിടക്കുന്നു. തറയാകെ അച്ഛന്റെ രക്‌തം!

നിലവിളിച്ചുകൊണ്ട് അങ്ങോട്ടോടിച്ചെല്ലാൻ നോക്കിയപ്പോൾ ആരോ പിടിച്ചു നിറുത്തി. കുതറിപ്പിടഞ്ഞ്,  നിലവിളിയോടെ അമ്മയെ തേടിയോടി. അയല്‍വാസികളായ പെണ്ണുങ്ങള്‍ക്കിടയില്‍, ചുമര്‍ ചാരി കുത്തിയിരിക്കുന്ന അമ്മയുടെ അവസ്ഥ ദയനീയമായിരുന്നു.

പാറിപ്പറന്ന തലമുടിയും, വെട്ടു കിളിയെ പോലെ അങ്ങോട്ടുമിങ്ങോട്ടും ചാടുന്ന കണ്ണുകളും.

ആരെയും അമ്മ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ആരെയും. കുറെ നേരം ഒന്നും മിണ്ടാതിരിക്കും. പിന്നെ ചുണ്ടുകളനക്കി എന്തോ പറയും. ആര്‍ക്കുമൊന്നും മനസിലാവാത്ത എന്തോ ഒന്ന്‌. ഒരു പിറുപിറുക്കല്‍ മാത്രം!

വർദ്ധിച്ച ഭീതിയോടെ അമ്മയുടെ മടിയിലേക്ക് ചുരുണ്ടുകൂടി. ഭൂമിയിലെ ഏറ്റവും നല്ല അഭയസ്ഥാനത്തേയ്ക്ക്!

മരണത്തിൻറെ ഗൗരവം അന്നറിയില്ലായിരുന്നു. അയാളൊരു മോഷ്ടാവായിരുന്നത്രെ. മോഷ്ടിക്കാൻ കയറിപ്പോഴാണ് അച്ഛൻ കണ്ടത്. പിടിവലിക്കിടയിൽ അയാൾ അച്ഛനെ പിടിച്ചു തള്ളി. അച്ഛൻ വീണതൊരു ചെറിയ നിലവിളക്കിൻറെ മേലേക്കായിരുന്നു.

ആ സംഭവത്തോടെ അമ്മ ചലിക്കുന്നൊരു പാവയായി മാറി. ഒന്നും സംസാരിക്കാതെ, അച്ഛന്‍ മരിച്ച മുറിയുടെ ജനാലക്കല്‍, അച്ഛനിരുന്നിരുന്ന കസേരയിൽ പകല്‍ നേരങ്ങളില്‍ പുറത്തേക്കു നോക്കിയിരിക്കും. കണ്ണുകളിൽ തടം കെട്ടി നിൽക്കുന്ന നനവുമായി. ഒരിക്കലും വറ്റാത്ത മഹാസമുദ്രങ്ങൾ!

കുഞ്ഞമ്മാവന്‍ കുറെ വിളിച്ചുനോക്കി. എങ്ങോട്ടുമില്ലെന്ന് അമ്മ കട്ടായം പറഞ്ഞു. അവസാനം കുഞ്ഞമ്മാവൻ അച്ഛൻറെ  കട ഏറ്റെടുത്തു നടത്താൻ തുടങ്ങി.

മഴ പെയ്യുന്ന ദിവസം മാത്രം അമ്മ മുറ്റത്തേക്കിറങ്ങും. മാനത്തേക്ക് നോക്കി മഴ കൊള്ളും. എന്ത് ഭ്രാന്താണീ കാണിക്കുന്നതെന്ന് ചോദിച്ചുകൊണ്ടോടിച്ചെല്ലുമ്പോൾ, അടുത്തേയ്ക്ക് ചേർത്തു പിടിച്ച് മുടികളിലൂടെ വിരലൊടിച്ചുകൊണ്ടമ്മ പറയും.

"ആത്മാക്കളുടെ കരച്ചിലാണ് മഴ. ശാന്തി കിട്ടാത്ത ആത്മാക്കളുടെ കരച്ചിൽ. അദ്ദേഹം കരഞ്ഞുകൊണ്ടേയിരിക്കുകയാണല്ലോ?"

അന്നൊക്കെ അവൻ മഴപെയ്യാൻ കൊതിക്കാറുണ്ടായിരുന്നു. മഴ പെയ്യുമ്പോൾ മാത്രമേ അമ്മ ചേർത്തു പിടിക്കൂ. മുടികളിൽ വിരലോടിക്കൂ. എന്തെങ്കിലും പറയൂ.

ആ പെരുമഴകളിലും നെഞ്ചൊരു ചൂളയായി. കൗമാരമനസ്സിലൊരു പകയുടെ കനൽ കൂനയെരിഞ്ഞു. അച്ഛൻറെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ല. കിട്ടണം. അതിനൊരു നരബലി വേണം.

കോടതി നൽകുന്ന ശിക്ഷയല്ല, ഒരു മകൻ നൽകുന്ന ശിക്ഷയാണ് ആ ദുഷ്ടൻ അനുഭവിക്കേണ്ടത്. എൻറെ അച്ഛനെത്ര പാവമായിരുന്നു? മനസ്സിൽ ആരാരും കാണാതെ ഒരു ആരാച്ചാർ ആയുധം മിനുക്കി.

 അങ്ങിനെയിരിക്കെയൊരു ദിവസം രാത്രി! അന്ന് മഴ തിമർത്തു പെയ്തപ്പോൾ അതൊന്നുമറിയാതെ അവനുറക്കത്തിലായിരുന്നു. നേരം പുലർന്നപ്പോൾ അമ്മയെ തേടിയ അവൻ കണ്ടത് മുറ്റത്ത് വീണുകിടക്കുന്ന അമ്മയെയാണ്. മഴയുടെ ഇരമ്പലോടൊപ്പം അമ്മ ആത്മാക്കളുടെ ലോകത്തേയ്ക്ക് യാത്രയായി.

അതിൽ പിന്നെ മഴയുള്ള ഒരു രാത്രിയിലും അവനുറങ്ങാനായിട്ടില്ല. ശാന്തി കിട്ടാത്ത രണ്ടാത്മാക്കളവൻറെ നെഞ്ചിൽ അഗ്നിവർഷമായി നിലകൊള്ളുമ്പോൾ, അവനെങ്ങിനെയുറങ്ങാനാവും?

കാത്തുകാത്തിരുന്നെത്തിയ ദിവസം. അയാളെ കണ്ടെത്തിയ ദിവസം. അയാളെന്തോ പറയാൻ തുനിഞ്ഞപ്പോഴേക്കും അവൻറെ കഠാര അയാളുടെ ചങ്കിലാഴ്ന്നിറങ്ങിയിരുന്നു. ജീവൻറെ പക്ഷിയുടെ അവസാനത്തെ പിടച്ചിലിന്നിടയിലും അയാളെന്തോ പറയാൻ തുനിഞ്ഞിരുന്നു. അവനത് കേൾക്കേണ്ടിയിരുന്നില്ല.

തൂക്കുമരയായിരുന്നു പ്രതീക്ഷിച്ചത്‌. പക്ഷെ, ജീവപരന്ത്യം മാത്രം നല്‍കി കോടതി കരുണ കാട്ടി. അവനാഗ്രഹിക്കാത്ത കരുണ. പിന്നെ കരയാനും ചിരിക്കാനും കഴിയാത്ത ദിനരാത്രങ്ങളുടെ ഒഴുക്കിലൊരു കടലാസു തോണി പോലെ ഒഴുകി. മഴ പെയ്യുന്ന രാവുകളില്‍ ഉണര്‍ന്നിരിക്കുമ്പോൾ, ഓരോ മഴത്തുള്ളികളും ആത്മാക്കളുടെ കണ്ണീർതുള്ളികളാണെന്ന് ആകാശത്തു നിന്നും മിന്നല്‍ പിണരിൻറെ നാവു കൊണ്ടാരോ അവനോട് പറയാറുണ്ടായിരുന്നു. അതമ്മയായിരുന്നില്ലേ? ആവും!

ജയിൽ വളപ്പിൻറെ പുറത്തെ ആകാശം അതിവിശാലമായിരുന്നു. വിണ്ണിൽ ദൂരെയുള്ള പർവ്വതങ്ങളെ തേടിപ്പോകുന്ന മഴമേഘങ്ങളിലേക്കവൻ കണ്ണുകൾ നീട്ടി. പിന്നെ ഒരു വലിയ ശ്വാസമെടുത്ത് ചുറ്റിലും നോക്കി. പുതിയ കാലം. പുതിയ ലോകം. താനൊഴികെ ഈ ലോകമാകെ മാറിയിരിക്കുന്നു. ലോകരും.

പടിപ്പുരകടന്ന് തറവാട്ടു മുറ്റത്തേയ്ക്ക് കാലെടുത്തുവെക്കുമ്പോൾ തിരിച്ചറിയാനാവാത്തൊരു കുളിർ ഉടലിലും മനസ്സിലും ഓടി നടന്നു. ഈ മണ്ണിനെന്തൊരു സുഗന്ധമാണ്!

കാറ്റടിച്ചപ്പോൾ മുറ്റത്തുവീണ പ്ലാവിലകൾ പെറുക്കിക്കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞമ്മാവൻ. വെറുതെയിരിക്കാൻ മടിയാണദ്ദേഹത്തിന്. പണ്ടും.

കാൽപ്പെരുമാറ്റം കേട്ടപ്പോൾ തലയുയർത്തി നോക്കി. കണ്ണുകളെ വിശ്വസിക്കാനാവാതെ അത്ഭുതപ്പെട്ടു. വിറച്ചുകൊണ്ട് ആ സാധുമനുഷ്യൻ അവൻറെ അരികിലേക്ക് ഓടിയെത്തുകയായിരുന്നു.

നാല് കണ്ണുകൾ നിറഞ്ഞൊലിച്ചു. അവനെ തന്നിലേക്ക് അണച്ചുകൂട്ടിപ്പിടിക്കുമ്പോൾ, രക്തബന്ധത്തിൻറെ ഒരു ബലമുണ്ടായിരുന്നു, വൃദ്ധകരങ്ങൾക്ക്.

കുഞ്ഞമ്മാവന്‌ അമ്മയുടെ മണമായിരുന്നു. അമ്മയുടെ സ്നേഹത്തിൻറെ മണം!

ബന്ധുജനങ്ങളിൽ പലരുടെയും കണ്ണുകളിൽ നനവ്. പരിചയമില്ലാത്ത ചില പുതിയ മുഖങ്ങൾ കൂടിയുണ്ട്. ആ കണ്ണുകളിൽ അമ്പരപ്പ്. അത്ഭുതം. ഒന്നു രണ്ടു ജോഡി കണ്ണുകളിൽ ഭയവും കണ്ടു.

അച്ഛൻറെയും അമ്മയുടെയും മാലയിട്ട ചിത്രങ്ങൾക്ക് മുൻപിൽ നിൽക്കുമ്പോൾ ഹൃദയധമനികൾ പൊട്ടിപ്പൊടിഞ്ഞ് കണ്ണിലൂടെ ഒലിച്ചിറങ്ങി.

അവനെ നോക്കി നിൽക്കെ, കുഞ്ഞമ്മാവൻറെ കണ്ണുകൾ തുളുമ്പി. ആ മനസ്സിലൊരു അഗ്നിപർവ്വതം പുകയുന്നുണ്ട്.  ആരോടും പറയാനരുതാത്തൊരു മഹാസത്യം; അത് നെഞ്ചിൽ അഗ്നിശില പോലെ ചൂടേറ്റുന്നുണ്ട്!

കുഞ്ഞമ്മാവൻ ചാരുകസേരയിലേക്ക് മലർന്നു. കണ്ണുകളടച്ചു. ഈശ്വരാ... എൻറെ കുഞ്ഞിനോട് ആ സത്യം ഞാനെങ്ങനെ പറയും? എനിക്കൊരിക്കലും അവനോടത് പറയാനാവില്ലല്ലോ!

അവനറിയില്ലല്ലോ, അവൻ കൊന്നത് അവൻറെ അച്ഛനെയായിരുന്നെന്ന്. തറവാട്ടിലെ ഉഗ്രപ്രതാപികളായ കാരണവന്മാർക്ക് ചേച്ചിയുടെ മോഹത്തെക്കാൾ വലുത് തറവാടിൻറെ അഭിമാനമായിരുന്നു. എതിർക്കാനുള്ള ശേഷി പാവം ചേച്ചിക്കുണ്ടായിരുന്നില്ല. അയാൾക്കും.

കാരണവന്മാരുടെ ഉഗ്രശാസനകൾക്കു മുൻപിൽ ചൂളിയ ചേച്ചി മറ്റൊരാൾക്ക് മുൻപിൽ ശിരസ്സ് കുനിക്കുമ്പോൾ, ആ ഉദരത്തിലൊരു ജീവൻറെ തുടിപ്പിന് ഏതാനും ആഴ്ചകളുടെ പ്രായമുണ്ടായിരുന്നു. അന്ന് ആരും അത് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് മാത്രം. ഒരു പക്ഷെ ചേച്ചി പോലും.

ആ കുഞ്ഞിനെ ചേച്ചി പ്രസവിച്ചു. സ്വന്തം നെഞ്ചിലിട്ട് അളിയനാ  കുഞ്ഞിനെ വളർത്തി. അവൻ വളർന്നു വന്നപ്പോഴാണ് അവൻറെ പിതൃത്വത്തിൻറെ അടയാളം ചേച്ചിക്കും എനിക്കും ഒക്കെ തിരിച്ചറിയാനായത്. അപ്പോഴും ചേച്ചി അളിയനോടൊന്നും പറഞ്ഞില്ല. ആ സാധുവിന് അതിനുള്ള ധൈര്യമൊന്നും ഇല്ലായിരുന്നു.

ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോൾ എങ്ങോട്ടോ  വിട്ടുപോയ ആ മനുഷ്യൻ എന്തൊരു ശപിക്കപ്പെട്ട ദിവസത്തിലാണ് തിരിച്ചെത്തിയത്. ആ വലിയ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അയാൾ ചെന്നത് തനിക്കൊരു കുഞ്ഞുണ്ടെന്ന് അറിഞ്ഞാണോ അല്ലയോ എന്നറിയില്ല. ചേച്ചിയെ ഒന്ന് കാണണം എന്നയാൾക്ക് തോന്നിയിരിക്കും. ഒരുമിച്ചു ജീവിക്കാമെന്ന സ്വപ്നത്തിന്  നല്കാനാവാത്ത ഭീരുത്വത്തിന് മാപ്പ് ചോദിക്കാനാവും.  പക്ഷെ അതൊരു ദുഷിച്ച ദിനം തന്നെയായിരുന്നു.

പതിവില്ലാതെ വീട്ടിലേക്ക് വന്ന അളിയൻ കാണുന്നത് വീടിൻറെ ഉമ്മറത്ത് നിൽക്കുന്ന അയാളെയും, അയാളുടെ മുൻപിൽ തേങ്ങി നിൽക്കുന്ന ചേച്ചിയെയുമാണ്. ആരെന്ന ചോദ്യത്തിന് ഉത്തരം നല്കാനാവാതെ രണ്ടു പേരും കുഴങ്ങിയപ്പോൾ, തൻറെ മകൻറെ മുഖവും അതിഥിയുടെ മുഖവും ഒന്നാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അളിയൻ ചേച്ചി പറയാതെ പോയതെല്ലാം വിട്ടുപോയ സ്വയം പൂരിപ്പിച്ചിരിക്കും.

ഒരു ദാക്ഷിണ്യവുമില്ലാതെ അയാളെ മർദ്ധിച്ചവശനാക്കിയ, ചേച്ചിയെ വീടിൻറെ അകത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ട് പോയ അളിയൻ, ചേച്ചിയെ കൊല്ലാനായിരുന്നില്ലേ തീരുമാനിച്ചിരുന്നത്? ശ്വാസം മുട്ടിപ്പിടഞ്ഞപ്പോൾ ചേച്ചിയാണ് അളിയനെ പിടിച്ചു തള്ളിയത്.

വീടിൻറെ പുറത്ത് അവശതയോടെ നിന്ന ആ മനുഷ്യൻ അളിയൻറെ നിലവിളി കേട്ടാണ് അകത്തേയ്ക്ക് ഓടിച്ചെന്നത്. ജീവനു വേണ്ടി കിടന്നു പിടക്കുന്ന അളിയൻറെ  അടുത്ത്‌ ജീവച്ഛവമായി നില്‍ക്കുന്ന ചേച്ചിയെയാണയാൾ കണ്ടത്. അയാൾക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒന്നൊഴികെ.

ഓടിക്കൂടിയ ജനങ്ങള്‍ക്ക് വേണ്ടി അയാളൊരു കഥയുണ്ടാക്കി. ലോകം അത്‌ വിശ്വസിച്ചു!

ദൈവമേ... എല്ലാം എൻറെ മനസ്സില്‍ കുഴിച്ചു മൂടപ്പെടട്ടെ. അയാളുടെ മനസ്സും, ചേച്ചിയുടെ മനസ്സും, അളിയൻറെ മനസ്സും എനിക്കറിയാമായിരുന്നു. എനിക്കു മാത്രം. എൻറെ ചിത കത്തിത്തീരുന്നത്‌ വരെ... ദൈവമേ... എൻറെ മനസ്സിനെ നീയൊരു താഴിട്ട്‌ പൂട്ടേണമേ.

പഴന്തുണി പോലെ ചുക്കിച്ചുളിഞ്ഞ കുഞ്ഞമ്മാവൻറെ കവിളിൽ കൂടി ചുടുനീരൊഴുകിയിറങ്ങി. അപ്പോൾ നേരിയ മേഘമുരൾച്ചയോടെ ഒരു മഴ പെയ്തു തുടങ്ങി. അത് പിന്നെ ശക്തി കൂടി വന്നു.

ഇപ്പോഴും ശാന്തി കിട്ടാതെ ആത്മാവുകൾ തേങ്ങുന്നുവോ?

ശുഭം

1 comment: