Wednesday, February 13, 2019

പ്രവാസി



വസന്തവും അതിൻറെ വർണ്ണങ്ങളും, 
അലറുമീയാഴിക്കുമക്കരെയാണ്.
ഇവിടെ, വെയിലേറ്റുണങ്ങുന്ന മിഴികളാം
ഉപ്പുപാടങ്ങളിൽ, കിനാവ് പോലും
വിളറി വെളുത്ത് നിൽക്കുകയാണ്!
അർദ്ധജീവിതത്തിൻറെ അർത്ഥമില്ലാത്ത
പേരൊന്നു മാത്രമത്രെ പ്രവാസം!
മുഖച്ചുട്ടി കുത്താത്ത കോമാളികളിവിടെ
സ്വപ്നങ്ങൾക്ക് പകരം വിൽക്കുന്നത്;
ആയുസിൻറെ പൊടിഞ്ഞ താളുകളാണ്!
ഇവിടെയീ മുൾമുരിക്കിലവർ തൂങ്ങുന്നു;
ഭൂമിയിൽ കാലുറയ്ക്കാതെ തലകീഴായ്!
അവധികൾ തോളിലേറ്റിപ്പറന്നാലും
പിന്നെയും തിരിച്ചു വരുന്ന വേതാളങ്ങൾ!
ഉരുകിത്തീരുന്ന പ്രാണനോടവർ 
ജീവിതഭാരമെന്ന കള്ളക്കണക്കോതും!
എന്നിട്ടന്യൻറെ സ്വപ്നത്തിനിവിടെ
ഈ മരുക്കാട്ടിൽ അടയിരിക്കും!
ഒടുവിൽ ഒരു ഭാണ്ഡം നിറയെ
രോഗവും നെടുവീർപ്പുമായ് മടങ്ങും!
ചത്ത സ്വപ്നങ്ങളുടെ ജഢങ്ങൾ നാറുന്ന
മുഷിഞ്ഞമനസ്സിൻറെ അകത്തളത്തിൽ
പടുതിരിയാളിയ മിഴികളുമായൊരുത്തി
മൗനത്തിലാണ്ട പരിഭവമോതുന്നു!
കേൾക്കില്ല! കേട്ടാലും ഭാവിക്കില്ല!
സ്വയം തീർത്ത അടിമച്ചങ്ങലയിലെന്നോ
ബന്ധനസ്ഥരായവരാണല്ലോ അവർ?

* ശുഭം *

2 comments:

  1. പ്രവാസജീവിതം കഷ്ടംത്തന്നേ!
    ആശംസകൾ

    ReplyDelete
  2. ഒടുവിൽ ഒരു ഭാണ്ഡം നിറയെ
    രോഗവും നെടുവീർപ്പുമായ് മടങ്ങും!
    ചത്ത സ്വപ്നങ്ങളുടെ ജഢങ്ങൾ നാറുന്ന
    മുഷിഞ്ഞമനസ്സിൻറെ അകത്തളത്തിൽ
    പടുതിരിയാളിയ മിഴികളുമായൊരുത്തി
    മൗനത്തിലാണ്ട പരിഭവമോതുന്നു!
    കേൾക്കില്ല! കേട്ടാലും ഭാവിക്കില്ല!
    സ്വയം തീർത്ത അടിമച്ചങ്ങലയിലെന്നോ
    ബന്ധനസ്ഥരായവരാണല്ലോ അവർ...

    ReplyDelete